തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും ജോലിക്ക് നാല് ശതമാനവും സംവരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ധനമന്ത്രി തോമസ് ഐസക് ഇന്ന് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കോടതിവിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് സൗകര്യമൊരുക്കാനുള്ള ബാരിയര്‍ ഫ്രീ പദ്ധതിക്ക് 15 കോടി നീക്കിവെച്ചു. 

65 വയസ്സു വരെയുള്ള അന്ധത, കാഴ്ച്ചക്കുറവ്, ബുദ്ധിവൈകല്യം എന്നിവ ഉള്ളവര്‍, ചലനശേഷി ഇല്ലാത്തവര്‍, കുഷ്ഠ രോഗവിമുക്തര്‍ എന്നിവര്‍ക്കുള്ള 2 ലക്ഷം രൂപയ്ക്കുള്ള സ്വാവലംബം ആരോഗ്യ ഇന്‍ഷുറന്‍സ് ബജറ്റില്‍ പ്രഖ്യാപിച്ചു. 3,100 രൂപ പ്രീമിയവും ഇതില്‍ 357 രൂപഗുണഭോക്തൃവിഹിതവുമായിരിക്കും. ബി.പി.എല്‍ വിഭാഗക്കാരുടെ വിഹിതം സര്‍ക്കാര്‍ വഹി ക്കും. ഇതിനായി 4 കോടി രൂപ വകയിരുത്തി.

ഓട്ടിസമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പിന്തുണ നല്‍കാന്‍ ജില്ലയില്‍ ഒന്നു വീതം ഓട്ടിസം പാര്‍ക്കുകള്‍ ആരംബിക്കാന്‍ ഏഴ് കോടി രൂപ വകയിരുത്തി. 200 തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി ബഡ്‌സ് സ്‌കൂള്‍ പദ്ധതിയ്ക്ക് 40 കോടി രൂപയ്ക്ക് പുറമെ 25 കോടി രൂപകൂടി നീക്കിവെച്ചു. മാനദണ്ഡപ്രകാരമുള്ള സ്‌പെഷ്യല്‍, ബഡ്‌സ് സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും തീരുമാനിച്ചു.