രൂക്ഷമായ ധനപ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും നിർദേശിക്കാൻ കഴിയാത്തബജറ്റാണിത്. തനത് നികുതി, നികുതിയേതര ഇനങ്ങളിലെ വരുമാനം വർധിപ്പിക്കാനോ, പദ്ധതിയേതര ചെലവ് വെട്ടിക്കുറച്ച് ധനസ്ഥിതി മെച്ചപ്പെടുത്താനോ ഒരു നടപടിയുമില്ല. ധനസ്ഥിതി മോശമാകാനുള്ള പ്രധാനകാരണം നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തികമാന്ദ്യം എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.  

ചരക്ക്-സേവന നികുതി നടപ്പാക്കുമ്പോൾ ധനസ്ഥിതി മെച്ചപ്പെടും എന്നുള്ള പ്രതീക്ഷ മാത്രമേ ഉള്ളൂ. കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന റവന്യൂ ചെലവുകൾ നിറവേറ്റാൻ വിഭവങ്ങൾ എങ്ങനെ സ്വരൂപിക്കും എന്ന ചോദ്യത്തിന് ഉത്തരമില്ല. വിഭവങ്ങളുടെ പിൻബലമില്ലാതെയാണ് ബജറ്റിലെ പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. മാത്രവുമല്ല ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക കൊടുത്തുതീർക്കേണ്ടത് കാരണം ധനപ്രതിസന്ധി 2017-18 ലും മാറ്റമില്ലാതെ തുടരുമെന്നും ബജറ്റ് പറയുന്നു. 

സംസ്ഥാനത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അടിസ്ഥാന ഘടകപദ്ധതികളും മറ്റ് വികസന പ്രോജക്ടുകളും ബജറ്റിന് പുറത്ത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) എന്ന സ്ഥാപനം വഴി പണം സമാഹരിച്ച് നടപ്പാക്കുക എന്ന നയമാണ് ബജറ്റ് മുന്നോട്ടുവെയ്ക്കുന്നത്. 2017-18 ൽ കിഫ്ബി വഴി പണം സമാഹരിച്ച് 25,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വിഭവങ്ങളുടെ പിൻബലമില്ലാത്ത ഈ പദ്ധതികൾ പ്രായോഗികമായി നടപ്പാക്കുക ബുദ്ധിമുട്ടാണ്.

 സംസ്ഥാന വികസനത്തിനുവേണ്ടി ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം മിഷൻ, ലൈഫ് മിഷൻ തുടങ്ങിയ മിഷനുകളും കൃഷി, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങൾ, ഐ.ടി, ടൂറിസം, പശ്ചാത്തല വികസനം, പൊതുമേഖല പുനരുദ്ധാരണം തുടങ്ങിയ വികസനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്  നടപ്പാക്കുന്നതിനെപ്പറ്റി പക്ഷെ, ഒന്നും പറയുന്നില്ല. 

ധനപ്രതിസന്ധി പരിഹരിക്കുന്നതിനും  സാമ്പത്തികമാന്ദ്യം മാറ്റാനും പര്യാപ്തമായ നടപടികൾ ഇല്ലെങ്കിലും മറ്റ് രംഗങ്ങളിലെ ബജറ്റ് നിർദേശങ്ങൾ സ്വാഗതാർഹമാണ്. സാമൂഹിക സുരക്ഷ പെൻഷൻ 1100 രൂപയായി വർധിപ്പിച്ച നടപടി, ഹരിതകേരളം, പൊതു വിദ്യാഭ്യാസസംരക്ഷണം, ആരോഗ്യ പദ്ധതികൾ, പട്ടിക-ജാതിവർഗ ക്ഷേമം, പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ, കെ.എസ്.ആർ.ടി.സി.യുടെ പുനരുദ്ധാരണം, പ്രാദേശിക സർക്കാരുകളുടെ പദ്ധതി നടത്തിപ്പ് മെച്ചമാക്കൽ തുടങ്ങിയവ.

(സാമ്പത്തിക വിദഗ്ധനാണ്‌ ലേഖകൻ)