ഡോ. തോമസ് ഐസക്കിന്റെ എട്ടാം ബജറ്റ് പ്രസംഗം ഏറ്റവും ദൈർഘ്യമേറിയതും അവസാനം ചില ഒച്ചപ്പാടുകൾക്ക്‌ കാരണമായതും അതിന്റെ പ്രാധാന്യത്തെ കുറയ്ക്കുന്നതാവരുത്. ദാരിദ്ര്യനിർമാർജനത്തിന്റെ അവസാനഘട്ട വെല്ലുവിളികൾ നേരിടാനായി പ്രഖ്യാപിച്ച പദ്ധതികൾ ശ്രദ്ധേയമാണ്. അതേസമയം, കുറേകൂടി വിശാലമായ ജനക്ഷേമപദ്ധതികൾ കൂടുതൽ ആക്കത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രഖ്യാപനങ്ങളുമുണ്ട്. അതിൽ എടുത്തുപറയേണ്ടത് ദളിത്-ആദിവാസി വിഭാഗങ്ങൾക്കുള്ള വിപുലീകരിച്ച പദ്ധതികളും പരിപാടികളുമാണ്. ശ്രദ്ധേയമായ വേറൊരുകാര്യം ശാരീരികമായും അല്ലാതെയും ഭിന്നശേഷിയുള്ളവർക്കായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളാണ്.
ഇതോടൊപ്പംതന്നെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനായി ഒട്ടേറെ പദ്ധതികളുണ്ട്.

എന്നാൽ, ഇതിനുവേണ്ട ധനസമാഹരണം നടത്താൻ ഉദ്ദേശിക്കുന്നത് ബജറ്റിനുപുറത്ത് കിഫ്ബി എന്ന സ്ഥാപനംവഴി കടപ്പത്രങ്ങൾ ഇറക്കിയാണ്. ചുരുക്കിപ്പറഞ്ഞാൽ ഭാവിയിൽ ഗവൺമെന്റിന് തിരിച്ചടക്കേണ്ടിവരുന്ന ഒരു കടബാധ്യതയാണ് ഉണ്ടാവുക. ഇതിലൂടെ നിക്ഷേപം നടത്തുന്ന പദ്ധതികൾക്ക് തിരിച്ചടവ് നൽകാൻ കഴിയുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്ന് കാണണം.

ഇതുപോലെത്തന്നെ കാലാകാലങ്ങളിൽ വരുന്ന ഗവൺമെന്റുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പൊതുമേഖലാ സ്ഥാപനങ്ങളെ താങ്ങിനിർത്തേണ്ട അവസ്ഥ. കാര്യക്ഷമമായി പ്രവർത്തിച്ച് ഗവൺമെന്റിന് ലാഭംനൽകി അതുവഴി ഈ മേഖലയെ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ പ്രവണത. അതിന്‌ വൈദഗ്ധ്യവും കാര്യക്ഷമതയും ഇല്ലാത്ത മാനേജ്‌മെൻറ് സംവിധാനം, അഴിമതി, കക്ഷിരാഷ്ട്രീയ ഇടപെടൽ, ഉത്‌പാദനക്ഷമതയിൽ താത്‌പര്യമില്ലാത്ത തൊഴിലാളി സംഘടകളും അവയുടെ അതിപ്രസരവും- ഉൾപ്പെടെയുള്ള അനവധി കാരണങ്ങളുണ്ട്. ഓരോ ബജറ്റ് അവതരിപ്പിക്കുമ്പോഴും ഈ ദുഃഖയാഥാർഥ്യം ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു.

കേരള സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കുമ്പോഴും പൊതുഖജനാവ് തളർന്നുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് കുറേ വർഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ദേശീയ കാഴ്ചപ്പാടിൽ നോക്കിയാൽ കേരളം സാമ്പത്തികമായി അസൂയാവഹമായ നേട്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. 

1990-കളുടെ അവസാനംവരെ കേരളത്തിൽ പ്രതിശീർഷവരുമാനം ദേശീയ ശരാശരിയേക്കാൾ താഴെയായിരുന്നു. പിന്നീടത്‌ കൂടിക്കൂടി 2010-ത്തോടുകൂടി ദേശീയ ശരാശരിയുടെ 30 ശതമാനം ഉയർന്നു. 2016-ലെ കണക്കനുസരിച്ച് അത് ദേശീയ ശരാശരി 63 ശതമാനം അധികമായിട്ടാണ് കാണുന്നത്. അതായത്, പ്രതിശീർഷ ദേശീയ വരുമാനം 1,05,815 രൂപ ആയപ്പോൾ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1,72,268 ആയി. യഥാർഥത്തിൽ ഈ ഔദ്യോഗിക കണക്കിനേക്കാൾ കൂടുതലാണ് കേരളത്തിന്റെ പ്രതിശീർഷ വരുമാനം.

കേരളത്തിലേക്കുവരുന്ന പുറംപണം കൂടി കണക്കിലെടുത്താൽ 2016-ൽ കേരളത്തിന്റെ പ്രതിശീർഷവരുമാനം 2,13,000 ആവും. എന്നുപറഞ്ഞാൽ ദേശീയ പ്രതിശീർഷ വരുമാനത്തേക്കാൾ ഇരട്ടി. ഈ ഒരു സാഹചര്യത്തിലാണ് 25,756 കോടിയുടെ ധനക്കമ്മി പ്രഖ്യാപിക്കുന്ന ബജറ്റ് നമ്മൾ കാണേണ്ടത്. 

ഈ ഒരു ഞെരുക്കം കാരണം ബജറ്റിനുപുറത്ത് ധനസമാഹരണം നടത്തി പശ്ചത്തലസൗകര്യങ്ങൾ വികസിപ്പിക്കാനായി കടബാധ്യത ഏൽക്കേണ്ടിവരുന്ന സ്ഥിതിവിശേഷം. കൊടുക്കാതെയും കിട്ടാതെയും വരുന്ന നികുതിവരുമാനം കണക്കിലെടുത്താൽ ഇങ്ങനെയൊരു സ്ഥിതിവിശേഷം ഉണ്ടാവുകയില്ല. അതിനായി എത്ര നികുതി-നികുതിയേതര വരുമാനമാണ് കിട്ടേണ്ടതെന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്. അതോടൊപ്പം, അത്‌ പിരിച്ചെടുക്കാൻവേണ്ട രാഷ്ട്രീയ ഇച്ഛാശക്തിയും.  അങ്ങനെവരുമ്പോൾ പല തത്‌പരസംഘങ്ങളെയും നേരിടേണ്ടതായിവരും. എന്നാൽ, വികസന മാർഗത്തിലുടെ സഞ്ചരിക്കണമെങ്കിൽ ഇത് കൂടിയേതീരൂ. 

ഈ അവസരത്തിൽ വികസനമെന്നത് മഞ്ഞുകട്ട പോലെ ഉറച്ച ഒന്നല്ലെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു. വരുമാന വർധന, തൊഴിൽ, ജനക്ഷേമം എന്ന പൊതുവാക്യത്തിൽനിന്ന്‌ കൂടുതൽ അർഥതലങ്ങളിലേക്ക് അത് പരിണാമപ്പെട്ടിരിക്കുന്നു. അതിൽ എടുത്തുപറയേണ്ട തലങ്ങളാണ് അല്ലെങ്കിൽ, അതിൽ എടുത്തുപറയേണ്ട അന്തസ്സത്തകളാണ് പരിസരം, സ്ത്രീനീതി, സാമൂഹികനീതി എന്നിവ. 

സ്ത്രീനീതിയെ അടിസ്ഥാനമാക്കി ചില പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചതും സ്ത്രീകൾക്കുമാത്രമായി എത്ര തുക ചെലവുചെയ്യുന്നെന്ന് എടുത്തുപറഞ്ഞതും അതിന്റെ അനുപാതം കൂട്ടുമെന്ന പ്രഖ്യാപനവും ഈ ബജറ്റിനെ കുറച്ചെങ്കിലും സാധാരണത്തേതിൽനിന്ന്‌ വ്യത്യസ്തമാക്കുന്നു. ഗവൺമെന്റ് പ്രവർത്തനങ്ങൾക്ക്  ഈ കാര്യത്തിൽ ധാർമികമായ അടിത്തറ ഉണ്ടാകണമെങ്കിൽ സ്ത്രീനീതി സങ്കല്പങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കണം.

വികസനമെന്നത് പരിസ്ഥിതിയെ ബാധിക്കുന്ന ഒരു ക്രിയ ആവരുതെന്ന നിർബന്ധം മറ്റെല്ലാ സമൂഹത്തിലുമെന്നപോലെ കേരളസമൂഹത്തിലും ഉയർന്നുവരുന്നുണ്ട്. അവ മാലിന്യ നിർമാർജനം, പ്ലാസ്റ്റിക് നിർമാർജനം, ജൈവകൃഷി എന്നീ ചില പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങുന്നയവയല്ല. പ്രകൃതിയുമായി ബന്ധപ്പെട്ട ഓരോ പ്രവർത്തനത്തിലും പരിസ്ഥിതിയെ ബാധിക്കുന്ന ഘടകങ്ങൾ ഉണ്ടോയെന്നും അവയെ ഒഴിവാക്കാനുള്ള ബദലുകൾ ഉണ്ടോയെന്നും മാത്രമല്ല പരിസ്ഥിതിയെ പരിപോഷിപ്പിക്കാനുള്ള മാർഗങ്ങൾ ഉണ്ടോയെന്ന ചോദ്യവും നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം. അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന വികസനപരിപ്രേക്ഷ്യത്തിൽ വികസന വാദികൾ, വികസന വിരുദ്ധർ എന്നീ വേർതിരിവുകൾക്ക് പ്രസക്തിയില്ല. അവിടെയുള്ളത് പൊതു താത്‌പര്യത്തിന്റെയും വിഭാഗീയ താത്‌പര്യത്തിന്റെയും സംഘട്ടനമാണ്. ഏറ്റവുംകൂടുതൽ പരിസ്ഥിതിക്ക് ദോഷംചെയ്യുന്ന പ്രവർത്തനങ്ങൾ നിർമാണമേഖലയാണെന്നുള്ളത് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈരംഗത്ത് ക്രിയാത്മകമായ ബദലുകൾ കാഴ്ചവെയ്ക്കാൻ കേരളത്തിൽ വലിയ സാധ്യതയുണ്ട്. 

സാമൂഹികനീതി ഇന്ത്യയുടെ വികസന പ്രയാണത്തെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഏറ്റവും താഴേത്തട്ടിലുള്ള ദളിത് ആദിവാസിവിഭാഗങ്ങൾ ഇന്ന് വികസനത്തെ വിലയിരുത്തുന്നത് സാമൂഹികനീതിയെന്ന മാനദണ്ഡത്തിലൂടെയാണ്. അറ്റദാരിദ്ര്യം മാറ്റുക മാത്രമല്ല ഇവിടെ പ്രസക്തം. എല്ലാ തലത്തിലുമുള്ള അസന്തുലിതാവസ്ഥയ്ക്ക് അറുതിവരുത്തുകയെന്നാണ് ലക്ഷ്യം. ഇതിലേക്കുള്ള മാർഗങ്ങളിലും ബജറ്റിന് കൂടുതൽ പ്രസക്തിയുണ്ടാവും.

(സി.ഡി.എസ്. മുൻ ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമാണ്‌ ലേഖകൻ)