തിരുവനന്തപുരം:വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുളള ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം അത്ത് വിദ്യാലയങ്ങളിലെ അധ്യാപകര്‍ നയിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് സ്‌കൂള്‍ അന്തരീക്ഷത്തില്‍ പഠനം സാധ്യമാക്കുന്ന രീതിയില്‍ പൊതു ഓണ്‍ലൈന്‍ സംവിധാനം സൃഷ്ടിക്കും. ഇതിനായി പത്തുകോടി രൂപ അനുവദിക്കും.  

കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വര്‍ധിപ്പിക്കുന്നതിനായി യോഗ, മറ്റ് വ്യായാമ മുറകള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ഫിസിക്കല്‍ എജ്യുക്കേഷന്‍ സെഷനുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യും.

കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിനായി അവരുടെ സൃഷ്ടികള്‍ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കും. കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം ഉണ്ടാക്കും. കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സംവിധാനത്തെ പരിശോധിച്ച്  പുനഃസംഘാടനത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ ഉന്നതാധികാരമുളള കമ്മിഷനെ നിയോഗിക്കാനുളള നടപടികള്‍ സ്വീകരിക്കും. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ അടിസ്ഥാന വികസനത്തിനായി 10 കോടിയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.