01 ഉടച്ചുവാർക്കണം, നോർക്കയും നോർക്ക റൂട്ട്‌സും

കുടിയേറ്റക്കാരുടെ വിഷയങ്ങളും അവരുടെ ക്ഷേമവും കൈകാര്യംചെയ്യാൻ മാത്രമായി നോർക്കയ്ക്ക് ഒരു സ്വതന്ത്ര സെക്രട്ടറിയുണ്ടാകണം. ഒരു റിക്രൂട്ട്‌മെന്റ് ഏജൻസി നോക്കിനടത്തുന്നുവെന്നതിലുപരി, കേരളീയരുടെ നിയമപരവും സുരക്ഷിതവും ചട്ടങ്ങളനുസരിച്ചുമുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിലും സുഗമമാക്കുന്നതിനുമാകണം നോർക്ക റൂട്ട്‌സ് ശ്രദ്ധ ചെലുത്തേണ്ടത്. നൈതികതയിലൂന്നിയ റിക്രൂട്ട്‌മെന്റുകളെ പ്രോത്സാഹിപ്പിക്കാൻ നോർക്ക ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെങ്കിൽ കേരള സർക്കാരിനു കീഴിലുള്ള ഒഡെപെക് റിക്രൂട്ട്‌മെന്റ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കണം.

02 പ്രവാസികളുമായുള്ള സഹകരണം

നിലവിലെ കണക്കനുസരിച്ച് 150-ലേറെ രാജ്യങ്ങളിൽ മലയാളികളുടെ സാന്നിധ്യമുണ്ട്. ഈ സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനു കേരളം സ്വന്തം പ്രവാസിനയം വികസിപ്പിച്ചെടുക്കണം.

03 സ്‌കിൽ കേരള

നവീനവും ബഹുമുഖവും സവിശേഷവുമായ നൈപുണികളുള്ള ആളുകളിലാണ് കുടിയേറ്റത്തിന്റെ ഭാവി. ആതിഥേയ രാജ്യങ്ങളാവശ്യപ്പെടുന്ന സവിശേഷ കഴിവുകൾ വളർത്തിയെടുക്കാൻ, അസാപ് (അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) പോലെയുള്ള നൈപുണിവികസന പരിപാടികൾ കേരളം പരമാവധി പ്രയോജനപ്പെടുത്തണം. കോവിഡനന്തര കാലത്ത് വിവിധ രാജ്യങ്ങൾ തങ്ങളുടെ, വിവിധ മേഖലകളിൽ കുടിയേറ്റം വൻതോതിൽ പ്രോത്സാഹിപ്പിക്കും.

04 വാക്‌സിനേഷനിൽ മുൻഗണന

നിലവിലെ വാക്സിനേഷൻ പരിപാടികളിൽ, തിരികെയെത്തുന്ന പ്രവാസികൾക്കും മറ്റ് രാജ്യങ്ങളിലേക്ക് പോകാനൊരുങ്ങുന്നവർക്കും മുൻഗണന നൽകണം. അതിനായി സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിച്ച് കഴിയുന്നതുംവേഗം വിദേശത്തെ ജോലിസ്ഥലങ്ങളിലേക്ക് അവരെയെത്തിക്കാനുള്ള സാഹചര്യമൊരുക്കണം. മിക്ക രാജ്യങ്ങളും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി കുടിയേറ്റത്തിനുള്ള നിർബന്ധിത രേഖയാക്കും. ഇത് മുൻകൂട്ടിക്കണ്ട് കേരളം ഇക്കാര്യത്തിൽ മാതൃകയാകണം.

05 പ്രവാസി മലയാളി ദുരിതാശ്വാസനിധി

ജോലി നഷ്ടപ്പെട്ട് തിരികെവരേണ്ടിവരുന്ന പ്രവാസികൾക്കും വിദേശത്ത് കുടുങ്ങിപ്പോയവർക്കും ഗൾഫ് രാജ്യങ്ങളിലുണ്ടായ കോവിഡ് ആദ്യഘട്ട വ്യാപനത്തിൽ കുടുംബത്തിന്റെ അത്താണിയെ നഷ്ടപ്പെട്ടവർക്കും (ഏകദേശം അഞ്ഞൂറിലേറെ പ്രവാസികൾ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്) ഒറ്റത്തവണയായും തുടർച്ചയായും സാമ്പത്തികസഹായം നൽകുന്നതിനായി സർക്കാർ പ്രവാസി മലയാളി ദുരിതാശ്വാസനിധി രൂപവത്‌കരിക്കണം.

06 കേരള മോഡൽ കുടിയേറ്റ സർവേ

2020-ൽ കോവിഡ് ഒന്നാംഘട്ട വ്യാപനസമയത്തും അതിനുശേഷവുമായി കേരളം വലിയതോതിലുള്ള പ്രവാസികളുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഏതാണ്ട് പത്തുലക്ഷത്തിലേറെ പ്രവാസികൾ തിരികെയെത്തിയെന്നാണ് കണക്ക്. എത്ര പ്രവാസികളാണ് ഇപ്പോൾ കേരളത്തിലുള്ളത്? കോവിഡ് മഹാമാരിക്കുശേഷം അതെത്രയാകും? തിരിച്ചുവരേണ്ടി വന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ ? തിരികെയെത്തിയ പ്രവാസികൾക്കും അവരുടെ പുനരധിവാസത്തിനുമായി നയങ്ങൾ കേരളം എങ്ങനെ വികസിപ്പിച്ചെടുക്കും ?

മികച്ച വിവര ശേഖരണത്തിലൂടെയും ഗവേഷണത്തിലൂടെയും മാത്രമേ കേരളം ഇന്ന് നേരിടുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകൂ. അതുകൊണ്ടുതന്നെ 2021-ൽ നടക്കുന്ന അടുത്തഘട്ട കേരള കുടിയേറ്റ സർവേക്ക്‌ കേരള സർക്കാരിന്റെ സാമ്പത്തിക പിന്തുണയുണ്ടാവണം.

(ചെയർമാൻ, ദി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ്)