തിരുവനന്തപുരം: വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന വാഗ്ദാനം ഈ സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇപ്പോൾ 1600 രൂപയായ ക്ഷേമപെൻഷൻ അഞ്ചുവർഷംകൊണ്ട് 2500 രൂപയാക്കും. കിഫ്ബിയെ സംരക്ഷിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെക്കുറിച്ച് നടന്ന ചർച്ചയ്ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ അടിസ്ഥാന മേഖലകൾക്കുപുറമേ ഐ.ടി, ടൂറിസം, ബയോടെക്നോളജി മേഖലകൾക്ക് വലിയ പ്രാധാന്യം നൽകും. 15,000 സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിക്കും.

പരമദരിദ്ര കുടുംബങ്ങളെ കരകയറ്റാൻ വിവിധ മാർഗങ്ങൾ സ്വീകരിക്കാനാണ് ആലോചിക്കുന്നത്. സഹായം വേണ്ട കുടുംബങ്ങൾക്ക് ഒരു ലക്ഷംരൂപ മുതൽ 15 ലക്ഷം രൂപവരെ നൽകും. അർധ അതിവേഗ പാത അഞ്ചുവർഷത്തിനുള്ളിൽ നടപ്പാക്കും. ലൈഫ് പദ്ധതിയുടെ തുടർച്ചയായി അഞ്ചുവർഷത്തിൽ അഞ്ചുലക്ഷം പേർക്ക് വീടുവെച്ചുനൽകും. പട്ടികജാതി, ആദിവാസി കുടുംബങ്ങൾക്കെല്ലാം വീടുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.