തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന് മാര്‍ക്കറ്റിങിനായി നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമേ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരളത്തിലെ മനോഹരമായ ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യം ലഭ്യമാക്കും. ആദ്യ ഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലയില്‍ ഇത് ആരംഭിക്കും. ഇതിനായി 5 കോടി രൂപ അനുവദിക്കും.

കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ അടച്ചുപൂട്ടലിന്റെ വക്കിലായ സംരംഭങ്ങള്‍ക്കായി  പുനരുജ്ജീവന പാക്കേജ് നടപ്പാക്കും. പാക്കേജിന്റെ വിശദാംശങ്ങള്‍ ടൂറിസം വകുപ്പ് തയ്യാറാക്കും. പാക്കേജിന് 30 കോടി രൂപ സര്‍ക്കാര്‍ വിഹിതമായി വകയിരുത്തും.

കോവിഡിന്റെ രൂക്ഷത കുറയുന്നതോടെ കേരളത്തെ അന്താരാഷ്ട്ര ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ആകര്‍ഷിക്കുന്നതിനുള്ള കാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. അതിലൊന്ന് മലബാര്‍ ലിറ്റററി സര്‍ക്യൂട്ടാണ്. മലയാള സാഹിത്യത്തിലെ അതികായന്‍മാരായ തുഞ്ചത്ത് എഴുത്തച്ചന്‍, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി.വിജയന്‍, എം.ടി.വാസുദേവന്‍ നായര്‍ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചന്‍ സ്മാരകം, ബേപ്പര്‍, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കിയുളള ടൂറിസം സര്‍ക്യൂട്ടാണിത്. 

രണ്ടാമത്തേത്, ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടാണ്. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര, മീന്‍പിടിപ്പാറ, മുട്ടറമരുതിമല, ജടായുപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുളള ബയോ ഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ടാണിത്. ഈ സര്‍ക്കട്ടുകള്‍ക്കായി 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

 

Content Highlights: Kerala Budget 2021 June, K N Balagopal's First Budget, Tourism