Balagopal
വര:രജീന്ദ്രകുമാർ

തിരഞ്ഞെടുപ്പിൽ വൻവിജയം നേടി ഇടതു മുന്നണി സർക്കാർ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയിരിക്കുകയാണ്. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളുമായാണ് ഇടതു മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയിരിക്കുന്നത്.

ക്ഷേമപദ്ധതികൾക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നതെങ്കിലും തൊഴിലവസരങ്ങൾ ഉയർത്തുന്നതിനും കാർഷിക-വ്യാവസായിക മേഖലകളെ പരിപോഷിപ്പിക്കുന്നതിനും വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസത്തിനും ടൂറിസത്തിനുമെല്ലാം കാര്യമായ പരിഗണന കൊടുത്തുകൊണ്ടുള്ള ആരും കുറ്റം പറയാത്ത സമഗ്രമായ ഒരു തിരഞ്ഞെടുപ്പ് പ്രകടനപത്രികയാണ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്.

കഴുത്തറ്റം കടത്തിൽ മുങ്ങിനിൽക്കുന്ന ഒരു സർക്കാറിന് ഇതൊക്കെ നടപ്പിലാക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ എങ്ങനെ കണ്ടെത്താനാകുമെന്ന് പ്രകടനപത്രികയിൽ ഒരിടത്തും പറയുന്നില്ല. അതുകൊണ്ടുതന്നെ വലിയൊരു വെല്ലുവിളിയാണ് ധനമന്ത്രിക്കു മുന്നിലുള്ളത്.

നടപ്പു സാമ്പത്തികനില
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വരുമാനത്തിൽ ഗണ്യമായ ഇടിവും ചെലവിൽ വൻതോതിലുള്ള വർധനവുമാണ് ദൃശ്യമാവുന്നത്. ഡോ. തോമസ് ഐസക് ജനവരിയിൽ അവതരിപ്പിച്ച 2021-22-ലേക്കുള്ള സംസ്ഥാന ബജറ്റിലെ കണക്കുകൾ അനുസരിച്ച് കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിൽ 70 ശതമാനവും വരുന്നത് നികുതി വരുമാനത്തിൽ നിന്നാണ്. കേന്ദ്രവിഹിതം ഉൾപ്പെടെ മൊത്തം നികുതി വരുമാനം 89,881 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, ഇത്രയും തുക സമാഹരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമോയെന്ന സംശയത്തിലാണ് പല സാമ്പത്തിക വിദഗ്ദ്ധരും.

നടപ്പു സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കാണിച്ചിരിക്കുന്ന റവന്യൂ കമ്മി 16,910.12 കോടി രൂപയും ധനക്കമ്മി 30,697.59 കോടി രൂപയുമാണ്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ യഥാക്രമം 1.93 ശതമാനവും 3.5 ശതമാനവുമാണ്. എന്നാൽ, ഈ കണക്കുകളും അത്രത്തോളം വിശ്വസനീയമല്ലെന്നാണ് ബജറ്റിനെ മൊത്തത്തിൽ അഭിനന്ദിക്കുന്ന എം.എ. ഉമ്മനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. ബജറ്റ് കണക്കുകൾ അനുസരിച്ച് 2021-22-ലെ നികുതി വരുമാനം സംസ്ഥാന ജി.ഡി.പി.യുടെ 10.25 ശതമാനമാണ്. ഇത് സംസ്ഥാനത്തിന്റെ പ്രതിസന്ധി മറികടക്കുന്നതിന് സഹായകമാവുന്ന കണക്കല്ല. സംസ്ഥാന ജി.ഡി.പി.യുടെ 12-15 ശതമാനമെങ്കിലും നികുതി വരുമാനം ലഭ്യമായാലേ സംസ്ഥാനത്തിന് ഒരുവിധം പിടിച്ചുനിൽക്കാൻ കഴിയൂ. അതിരൂക്ഷമായി തീർന്നിരിക്കുന്ന കോവിഡിന്റെ അതിവ്യാപനം സംസ്ഥാനത്തിന്റെ നികുതി-നികുതിയേതര വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള നികുതി വരുമാനത്തിലും കാര്യമായ ഇടിവു വരുത്തുമെന്ന് വേണം കരുതാൻ.

വരുമാനവും ചെലവും
2021-22-ലെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,59,427.24 കോടി രൂപയും മൊത്തം ചെലവ് 1,59,427.21 കോടി രൂപയുമാണ്. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം 1,28,376 കോടി രൂപയും തനതു വരുമാനം 87,956.43 കോടി രൂപയുമാണ്. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്നത് 40,419.46 കോടി രൂപയാണ്. ഇതിൽ ശമ്പളത്തിനായി 39,731,46 കോടി രൂപയും പെൻഷനു വേണ്ടി 23,106 കോടി രൂപയും പലിശ നൽകുന്നതിനായി 21,940 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. മൊത്തം റവന്യൂ വരുമാനത്തിൽ പദ്ധതിയേതര ചെലവുകൾക്കായി 1,26,364 കോടി രൂപ ചെലവഴിക്കപ്പെടുമ്പോൾ പദ്ധതി ചെലവുകൾക്കായി വിനിയോഗിക്കുന്നത് 18,922 കോടി രൂപ മാത്രമാണ് -ഏതാണ്ട് 15 ശതമാനം മാത്രം.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകാൻ സംസ്ഥാനത്തിന്റെ തനതു വരുമാനത്തിന്റെ 71.4 ശതമാനമാണ് വിനിയോഗിക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 48.9 ശതമാനം വരും. ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി സംസ്ഥാനത്തെ മൊത്തം റവന്യൂ ചെലവിന്റെ 58.4 ശതമാനമാണ് വിനിയോഗിക്കുന്നത്.

സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 66 ശതമാനമാണ് ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കായി ചെലവഴിക്കപ്പെടുന്നത്. മൊത്തം റവന്യൂ ചെലവിന്റെ 15.1 ശതമാനവും തനതു വരുമാനത്തിന്റെ 24.9 ശതമാനവും പലിശ നൽകുന്നതിനായി മാത്രം ചെലവഴിക്കുന്നു. തനത്‌ റവന്യൂ വരുമാനം റവന്യൂ ചെലവിന്റെ 60.54 ശതമാനമാണ്.

പലിശ നൽകുന്നതിനായി സംസ്ഥാന ജി.ഡി.പി.യുടെ 2.5 ശതമാനം ചെലവഴിക്കപ്പെടുമ്പോൾ വികസനത്തിന്റെ ചാലക ശക്തിയായ മൂലധനച്ചെലവുകൾക്കായി വിനിയോഗിക്കപ്പെടുന്നത് സംസ്ഥാന ജി.ഡി.പി.യുടെ 1.61 ശതമാനം മാത്രമാണ്. അതായത് 14,428 കോടി രൂപ. ധനക്കമ്മിയുടെ 41 ശതമാനം മാത്രമാണ് മൂലധനച്ചെലവുകൾക്കായി നീക്കിവെച്ചിരിക്കുന്നത്. ഇത് കാണിക്കുന്നത് കടം വാങ്ങുന്ന തുകയുടെ സിംഹഭാഗവും റവന്യൂ ചെലവുകൾക്കും വികസനേതര പ്രവർത്തനങ്ങൾക്കുമായാണ് ചെലവഴിക്കപ്പെടുന്നത് എന്നാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റ് കുറ്റമറ്റതല്ലായെന്നതിലേക്കാണ്. കോവിഡിന്റെ രണ്ടാം തരംഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ സമ്പദ്ഘടനയ്ക്ക് കൂടുതൽ പരിക്കേൽപ്പിക്കും. കോവിഡ് കുത്തിവെപ്പിന്റെ ഭാരം കേന്ദ്രം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം കൂനിന്മേൽ കുരുവായിരിക്കും.

പെരുകുന്ന കടബാധ്യത
സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത അനുസ്യൂതം ഉയർത്തുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ ബജറ്റ് രേഖയനുസരിച്ച് 2001-ൽ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 25,754 കോടി രൂപയായിരുന്നെങ്കിൽ 2021-22 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ അത് 3,32,277 കോടി രൂപയിലെത്തും. 21 കൊല്ലം കൊണ്ട് സംസ്ഥാനത്തിന്റെ കടബാധ്യതയിൽ 1190 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാകാൻ പോകുന്നത്. കിഫ്ബി വഴി കടമെടുക്കുന്ന തുകകൾ ഇതിൽ ഉൾപ്പെടുന്നില്ലെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത സംസ്ഥാന ജി.ഡി.പി.യുടെ 37.39 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 255.23 ശതമാനവും മൊത്തം തനത് വരുമാനത്തിന്റെ 372.52 ശതമാനവുമാണ്. നമ്മുടെ ധനമന്ത്രിമാർ കമ്മിപ്പണത്തെ ഒരു കറവപ്പശുവായാണ് കണ്ടതും കാണുന്നതും.

സംസ്ഥാനം സുസ്ഥിര സാമ്പത്തിക വികസനം കൈവരിക്കണമെങ്കിൽ പുതിയ ധനമന്ത്രി കൈപ്പേറിയ ചില നടപടികൾ കൈക്കൊള്ളാൻ തയ്യാറാവണം. അതിന് ആദ്യം ചെയ്യേണ്ടത് ജനവരിൽ അവതരിപ്പിച്ച ’തിരഞ്ഞെടുപ്പ് ബജറ്റി’ൽ കാലോചിതമായ ചില മാറ്റങ്ങൾ വരുത്താൻ തയ്യാറാവുക. വിഭവങ്ങൾ തിട്ടപ്പെടുത്തി അതിനനുസരിച്ച് മുൻഗണനകൾ നിശ്ചയിച്ച് വരുമാനവും ചെലവും ഒന്നിച്ചു കൊണ്ടുപോകാൻ ശ്രമിക്കണം. എല്ലാ ഔദാര്യങ്ങളും അഹംഭാവങ്ങളാണെന്ന പ്രൊഫ. എം.എൻ. വിജയന്റെ വാക്കുകൾ ഓർത്തുപോകുന്നു.

(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

prnathan22@gmail.com