തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ നികുതി വര്‍ധനവ് അനിവാര്യമാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നികുതി കുടിശ്ശിക എത്രയും പെട്ടെന്ന് അടയ്ക്കാന്‍ മനസ്സുകാണിക്കണം. കോവിഡിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി-നികുതിയേതര വരുമാനം കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ല. ഇതിനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ ഊര്‍ജിതമാക്കാന്‍ പറ്റിയ സന്ദര്‍ഭമല്ല ഇപ്പോഴുള്ളത്. സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലേക്ക് വന്നാല്‍ നികുതി-നികുതിയേതര വരുമാനത്തിന്റെ കാര്യത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കും.

2020ലെ ആംനസ്റ്റി പദ്ധതിയില്‍ ഒരു തവണയെങ്കിലും അടയ്ക്കുകയും പിന്നീട് വീഴ്ചവരുത്തുകയും ചെയ്ത നികുതിദായകര്‍ക്ക് തവണയായി അടച്ച കുടിശ്ശികകളില്‍ ഏറ്റവും പഴയ കുടിശ്ശികയിലേക്കുള്ള നികുതി അടവായി ക്രമീകരിക്കും. ചരക്ക് സേവന നികുതി നിയമത്തില്‍ ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്ത ഭേദഗതികള്‍ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തും.

വ്യാപാരികളെയും വ്യവസായികളെയും സമ്മര്‍ദ്ദത്തിലാക്കിയുള്ള നികുതിപിരിവ് കേരളത്തിന് ആവശ്യമില്ല. എന്നാല്‍ നികുതി വെട്ടിപ്പ് നടത്തുന്നവരെ നിലയ്ക്കുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Content Highlights: Kerala Budget 2021- no new tax proposals in covid 19 situation