തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പ നാല് ശതമാനം പലിശനിരക്കില്‍ ലഭ്യമാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി.

ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജീവനോപാധികള്‍ കണ്ടെത്താന്‍ ആവശ്യമായ പരിശീലനം നല്‍കുന്നതിനും സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനും നിലവിലുള്ള പ്രത്യേക ഉപജീവന പാക്കേജിന്റെ വിഹിതം കോവിഡ് പശ്ചാത്തലത്തില്‍ 100 കോടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

വനിതാ സംഘകൃഷി ഗ്രൂപ്പുകളെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റുകള്‍ കുടുംബശ്രീയിലൂടെ ആരംഭിക്കാന്‍ 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കുടുംബശ്രീയില്‍ യുവതികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ ഈ വര്‍ഷം 10,000 ഓക്‌സിലറി അയല്‍ക്കൂട്ട യൂണിറ്റുകള്‍ ആരംഭിക്കും.

വിഷരഹിത നാടന്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവ കൃഷിചെയ്യുന്ന കര്‍ഷകരില്‍നിന്ന് ഉത്പന്നങ്ങള്‍ സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പ നല്‍കും. കൃത്യമായി വായ്പ തിരിച്ചടയ്ക്കുമ്പോള്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ സബ്‌സിഡി അനുവദിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Kerala Budget 2021- Bank loan of Rs 1,000 crore to Kudumbasree groups