തിരുവനന്തപുരം: തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. 

കോവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികള്‍ തിരികെയെത്തുകയും ഏറെ പേര്‍ക്കും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള പുനരധിവാസ പദ്ധതിയായ നോര്‍ക്ക സെല്‍ഫ് എംപ്ലോയെന്റ് സ്‌കീം പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുറഞ്ഞ പലിശക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കുക. ഇതിന്റെ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തിയതായും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം.എസ്.എം.ഇ. കള്‍ക്ക് 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. നിലവിലുള്ള എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വ്യവസായ വകുപ്പ് നിലവില്‍ നടപ്പിലാക്കിവരുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് (ഇഎസ്എസ്) 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായവും നല്‍കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി.

പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഒന്നാം തലമുറ വികസന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനോടൊപ്പം രണ്ടാം തലമുറ വികസനപ്രശ്നങ്ങള്‍ കൂടി ഏറ്റെടുക്കുന്നതിനായി ബജറ്റില്‍ രണ്ട് പരിപാടികള്‍ പ്രഖ്യാപിച്ചു. ഒന്നാമത്തേത്, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 പേര്‍ക്ക് ഈ വര്‍ഷം 10 ലക്ഷം രൂപ വീതം സംരംഭകത്വ സഹായമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സംരംഭകര്‍ക്ക് സമഗ്രമായ പ്രാരംഭ പിന്‍തുണയും കുറഞ്ഞ പലിശയ്ക്ക് വായ്പാ സൗകര്യവും ഉറപ്പാക്കും. ഇത് നിലവിലുള്ള സംരംഭകത്വ വികസന പരിപാടികള്‍ക്ക് പുറമേ ആയിരിക്കും. ഇതിന് 10 കോടി രൂപ വകയിരുത്തുന്നു.

രണ്ടാമത്തേത് പ്രതിഭാ പിന്തുണാ പരിപാടിയാണ്. ജില്ലാ പഞ്ചായത്ത് തലത്തില്‍ തുടങ്ങിവച്ച ഈ പരിപാടി പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വികസനവകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വിപുലമാക്കും. കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് ആ മേഖലയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുന്നതിനാണ് ഈ സഹായം. ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വച്ച് 1500 പേര്‍ക്ക് പ്രതിഭാ പിന്തുണ നല്‍കും. പലിശരഹിത വായ്പയും നല്‍കും. പരിപാടിയുടെ വിശദാംശങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പം പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പം ചേര്‍ന്ന് തയ്യാറാക്കും.

കെ.എഫ്.സി യുടെ വായ്പ ആസ്തി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയായി ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ സാമ്പത്തിക വര്‍ഷം കെ.എഫ്.സി 4500 കോടി രൂപയുടെ പുതിയ വായ്പകള്‍ അനുവദിക്കും.

കെ.എഫ്.സി യില്‍ നിന്ന് വായ്പയെടുത്ത് 2020 മാര്‍ച്ച് 31 വരെ കൃത്യമായി തിരിച്ചടവ് നടത്തിയ സംരംഭകര്‍ക്ക് 20 ശതമാനം വീണ്ടും അധിക വായ്പ (മൊത്തം 40 ശതമാനം അധിക വായ്പ) നല്‍കുന്ന പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി കെ.എഫ്.സി 500 കോടി രൂപ മാറ്റിവയ്ക്കും. പ്രതിസന്ധി നേരിടുന്ന സംരംഭകര്‍ക്ക് മുതല്‍ തിരിച്ചടവിന് ഒരു വര്‍ഷം വരെയുള്ള മൊറട്ടോറിയം അനുവദിക്കും.

കോവിഡ് രോഗവ്യാപനത്തെ തടയാനും രോഗികള്‍ക്ക് ആശ്വാസം നല്‍കാനും സഹായിക്കുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദാര വ്യവസ്ഥകളില്‍ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ നല്‍കും. ഏഴു ശതമാനമായിരിക്കും പലിശ നിരക്ക്. ഓക്സിജന്‍ സിലിണ്ടര്‍, ഓക്സിജന്‍ ജനറേറ്റര്‍, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേര്‍സ്, ലിക്വിഡ് ഓക്സിജന്‍, വെന്റിലേറ്റര്‍, പള്‍സ് ഓക്സിമീറ്റര്‍, പോര്‍ട്ടബിള്‍ എക്സറേ മെഷീന്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനുളള യൂണിറ്റുകള്‍ സ്ഥാപിക്കാനാണ് വായ്പ.

Content Highlights: Kerala budget 2021- 1000 crore low interest rate loan for pravasis