തിരുവനന്തപുരം: കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് നഴ്‌സറി നിയമം കൊണ്ടുവരും. നടീൽ വസ്തുക്കളുടെ ഉത്‌പാദനം ഉയർത്തി വിതരണം ഓൺലൈൻ വഴിയാക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനപ്രസംഗത്തിൽ വ്യക്തമാക്കി.

ചെറുകിട ഭക്ഷ്യസംസ്കരണ വ്യവസായങ്ങളും ആഗ്രോപാർക്കുകളും സ്ഥാപിച്ച് മൂല്യവർധിതോത്‌പന്നങ്ങൾ പുറത്തിറക്കും. കാർഷികോത്‌പന്നങ്ങളുടെ അടിസ്ഥാനവില എല്ലാവർഷവും പുതുക്കും. നെൽക്കൃഷി വർധിപ്പിക്കാൻ ബ്ലോക്ക്‌തല നിരീക്ഷണസമിതിയും കോൾ സെന്ററും സ്ഥാപിക്കും. കാർഷികോത്‌പന്നങ്ങളുടെ സംഭരണ കാലാവധി കൂട്ടാൻ നിർജലീകരണ പ്ലാന്റ്‌ സജ്ജമാക്കും.

മറ്റുപ്രഖ്യാപനങ്ങൾ

• മൃഗസംരക്ഷണ വകുപ്പിനുകീഴിൽ 24 മണിക്കൂറും സേവനം 77 താലൂക്കുകളിൽ. 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസ്.

• ആയുർവേദ, ഹോമിയോ ചികിത്സാ രീതികളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച് വിശദമായ പദ്ധതി.

• പ്രാഥമിക കാർഷികസംഘങ്ങളിൽ കോർബാങ്കിങ്.

• പാലക്കാട്ടെ പാപ്‌കോസ് റൈസ്‌മില്ലിൽ വാണിജ്യാടിസ്ഥാനത്തിൽ ഉത്‌പാദനം.

• നീണ്ടകര, ശക്തികുളങ്ങര, തങ്കശ്ശേരി, കായംകുളം തുറമുഖങ്ങൾ ആധുനികീകരിക്കും.

• പരപ്പനങ്ങാടിയിലും ചെത്തിയിലും പുതിയ മത്സ്യബന്ധന തുറമുഖങ്ങൾ.

• എല്ലാ ഗോത്ര, കുടിയേറ്റ പ്രദേശങ്ങളിലും മൊബൈൽ റേഷൻ കടകൾ.

• ഭക്ഷ്യയോഗ്യമായ നാണ്യവിളകൾ സപ്ലൈകോ ഔട്ട്‌ലറ്റുകൾ വഴി സംഭരിച്ച് വിപണനം ചെയ്യും

• സ്വർണത്തിന്റെ മാറ്റുനോക്കാൻ തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ലാബുകൾ

• 96 പുതിയ തൂശനില മിനി കഫേകൾ തുറക്കും.

• ഉന്നതവിദ്യാഭ്യാസ രംഗത്ത് പുതിയ കോഴ്‌സുകൾ, കൂടുതൽ സീറ്റുകൾ, ഗവേഷണസൗകര്യം.

• തൊഴിലാളി ശ്രേഷ്ഠപുരസ്കാരം 15 മേഖലകളിൽക്കൂടി.

• നൈപുണ്യ കർമസേനയെ സ്ഥിരം സംവിധാനമാക്കും.

• തിരുവനന്തപുരത്ത് ഹൈടെക് സൈബർ സുരക്ഷാകേന്ദ്രം.

• ആദിവാസി കുട്ടികൾക്കായി പുതിയ 500 കമ്യൂണിറ്റി സ്റ്റഡിസെന്റർ.

• അപ്ന മണ്ഡി എന്നപേരിൽ ട്രൈബൽ വില്ലേജ് മാർക്കറ്റുകൾ

• പാലക്കാട്ട് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഈ വർഷം.

• കിഫ്ബിയുടെ സഹായത്തോടെ മേനംകുളത്ത് ജി.വി. രാജ സെന്റർ ഓഫ് എക്സലൻസ്.

• തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിൽ 12 ലോകോത്തര ടോയ്‌ലറ്റ് പദ്ധതി.

• എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. നിർബന്ധമാക്കും.

• 80 ശതമാനം കെ.എസ്.ആർ.ടി.സി.യും ഹരിത ഇന്ധനത്തിലേക്ക് മാറ്റും

• എല്ലാ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിലും സ്ത്രീസൗഹൃദ വാസസൗകര്യം ഒരുക്കും.

• ജെ.എൽ.എൻ. സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ രണ്ടാംഘട്ടം നാലുവർഷം കൊണ്ട് പൂർത്തിയാക്കും.

• ഗ്രാമീണകലഹബ് പദ്ധതി വഴി രണ്ടായിരം കരകൗശല വിദഗ്‌ധർക്ക് ആനുകൂല്യം.