Governor
ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമസഭയിൽ പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. സ്പീക്കർ എം.ബി. രാജേഷ് സമീപം

തിരുവനന്തപുരം: കർഷകരുടെ വരുമാനം അഞ്ചുവർഷംകൊണ്ട്‌ 50 ശതമാനം ഉയർത്തുമെന്ന്‌ നയപ്രഖ്യാപനത്തിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ലഭിക്കുന്ന പദ്ധതി ഒക്ടോബർ രണ്ടിന്‌ ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാനമാകെ അധികാരമുള്ള നെല്ലുസഹകരണസംഘം രൂപവത്കരിക്കും. സഹകരണരംഗത്തേക്ക്‌ യുവാക്കളെ ആകർഷിക്കാൻ യുവസംരംഭകർക്കും സേവനദാതാക്കൾക്കുമായി 25 സഹകരണസംഘങ്ങൾ രൂപവത്കരിക്കും. കോവിഡ്‌ പ്രതിരോധമരുന്ന് ലാഭേച്ഛയില്ലാതെ എല്ലാവർക്കും നൽകണമെന്നാണ്‌ സർക്കാരിന്റെ നിലപാടെന്നും ഗവർണർ പറഞ്ഞു.

പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ്‌ ഗവർണർ നടത്തിയത്‌. മുൻസർക്കാരിന്റെ ക്ഷേമ, വികസന പരിപാടികൾ തുടരും. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ബഹുദൂരം മുന്നിലെത്തിക്കും. കോവിഡ്‌ പ്രതിരോധത്തിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു. മറ്റിടങ്ങളിലുള്ളതുപോലെ ദുരിതപൂർണമായ സംഭവങ്ങൾ കേരളത്തിലില്ലെന്ന്‌ ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവിമർശനം കടുപ്പിക്കാതെ

എൽ.ഡി.എഫ്‌. സർക്കാരുകളുടെ നയപ്രഖ്യാപനങ്ങളുടെ മുഖമുദ്രയായ കടുത്ത കേന്ദ്രവിമർശനം ഇത്തവണത്തെ നയപ്രഖ്യാപനത്തിലില്ല. കേന്ദ്ര വാക്‌സിൻ നയത്തോട്‌ സംസ്ഥാനസർക്കാർ യോജിക്കുന്നില്ലെങ്കിലും അതും നയപ്രഖ്യാപനത്തിൽ ഇടംപിടിച്ചില്ല. വാക്‌സിന്‌ വ്യത്യസ്ത വില തീരുമാനിച്ചതിനാൽ സംസ്ഥാനത്തിന് ആയിരം കോടിയുടെ അധികച്ചെലവ്‌ ഉണ്ടാവുമെന്ന പരാമർശം മാത്രമാണ്‌ പ്രസംഗത്തിൽ ഉണ്ടായിരുന്നത്‌.

മുൻവർഷങ്ങളിൽ പ്രസംഗത്തിൽ കേന്ദ്രത്തെ വിമർശിക്കുന്ന പരാമർശങ്ങൾ ഉൾക്കൊള്ളിച്ചതിന്‌ ഗവർണറും സംസ്ഥാനസർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. കഴിഞ്ഞ നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും ആവർത്തിക്കപ്പെട്ടു.