ഹ്രസ്വകാല പദ്ധതികൾ

01 കോവിഡനന്തര രോഗങ്ങൾ ശ്രദ്ധിക്കുക

കോവിഡ് ഭേദപ്പെട്ടവർക്ക് തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകളിൽവരെ ആരംഭിച്ച കോവിഡ് ക്ലിനിക്കുകൾ ഇപ്പോൾ പൂർണമായ തോതിൽ പ്രവർത്തിക്കുന്നില്ല. ക്ലിനിക്കൽ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഇത്തരം കോവിഡ് ക്ലിനിക്കുകൾ പ്രവർത്തനസജ്ജമാക്കണം.

02 കോവിഡ് ഗവേഷണങ്ങൾ ആരംഭിക്കുക

കേരളത്തിലെ കോവിഡ് രോഗത്തിന്റെ സവിശേഷതകളുടെ അടിസ്ഥാനത്തിലുള്ള ഗവേഷണളെയും പ്രബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കണം. ആരോഗ്യസർവകലാശാല ഇക്കാര്യത്തിൽ മുൻകൈ എടുക്കണം.

03 ജനിതക സീക്വൻസിങ് വിപുലീകരിക്കുക

കോവിഡ് വൈറസിലുണ്ടാവുന്ന ജനിതകമാറ്റ പഠനങ്ങൾക്ക് രോഗവ്യാപനത്തിന്റെ സ്വഭാവവും തീവ്രതയും മനസ്സിലാക്കുന്നതിൽ വലിയ സഹായം നൽകാൻ കഴിയും. ഇപ്പോൾ പ്രധാനമായും ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സിന്റെ സഹായത്തോടെയാണ് ജനിതകപഠനം നടത്തിവരുന്നത്. കോഴിക്കോട് മെഡിക്കൽകോളേജിലെ മെഡിക്കൽ ഗവേഷണ കേന്ദ്രത്തിലും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലും സ്പൈക്ക് പ്രോട്ടീൻ ജനിതകപഠനം സമീപകാലത്ത് ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റ് പല ഗവേഷണ സ്ഥാപനങ്ങളിലും ഇതിനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാണ്. ഇത്തരം സ്ഥാപനങ്ങളിലെ ഗവേഷകർക്ക് ആവശ്യമായ പരിശീലനം നൽകി ജനിതകപഠനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം.

04 പാലിയേറ്റീവ് കെയർ സേവനം പ്രയോജനപ്പെടുത്തുക

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിലും കോവിഡ് രോഗികളിലും മാനസികസംഘർഷവും ഉത്‌ണ്ഠയും വർധിച്ചുവരുകയാണ്. കേരളത്തിലെ എല്ലാ പ്രദേശത്തും വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന പാലിയേറ്റീവ് കെയർ സംവിധാനം സർക്കാർ, സ്വകാര്യമേഖലകളിൽ ലഭ്യമാണ്. കോവിഡ് രോഗികളുടെ രോഗലക്ഷണശമനത്തിനും മാനസിക പിന്തുണയ്ക്കും വേണ്ടിയുള്ള ഇടപെടലുകൾക്ക് മാർഗനിർദേശം നൽകുന്ന പ്രോട്ടോകോളുകളും തയ്യാറാക്കണം.

ദീർഘകാല പദ്ധതികൾ

01 വർധിച്ചുവരുന്ന രോഗാതുരത കുറയ്ക്കുക

മരണനിരക്ക് കുറഞ്ഞിരിക്കുമ്പോഴും ഉയർന്ന രോഗാതുരതയുള്ള സംസ്ഥാനമാണ് കേരളം. രോഗചികിത്സയ്ക്ക് നൽകുന്ന ഊന്നലിനൊപ്പം രോഗപ്രതിരോധത്തിലും ആരോഗ്യ വിദ്യാഭ്യാസത്തിനും പ്രാധാന്യംനൽകി രോഗാതുരത കുറയ്ക്കുന്നതിനുള്ള സംരംഭങ്ങൾ വിവിധ തലത്തിൽ ആരംഭിക്കേണ്ടതാണ്. പകർച്ച, പകർച്ചേതര മാനസിക രോഗങ്ങളിലൂടെയുള്ള രോഗാതുരത കുറയ്ക്കുന്നതിനുള്ള പൊതുജനാരോഗ്യ ഇടപെടലിന് പ്രാധാന്യം നൽകണം. ഇടക്കാലത്ത് അവഗണിക്കപ്പെട്ടു പോയ സ്കൂൾ ആരോഗ്യപദ്ധതി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് വിദ്യാലയങ്ങൾ പുനരാരംഭിച്ചാലുടൻ തുടക്കംകുറിക്കണം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കർമപരിപാടികൾ ഊർജസ്വലമാക്കണം. ആരോഗ്യവകുപ്പിൽ പബ്ലിക് ഹെൽത്ത് കേഡർ നടപ്പിലാക്കണം.

02 കുടുംബാരോഗ്യ ശൃംഖല

പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിക്കൊണ്ടുള്ള ആർദ്രം പദ്ധതി വൈകാതെ പൂർത്തീകരിക്കണം. കുടുംബ ഡോക്ടർ മാതൃകയിൽ പ്രവർത്തിച്ചിരുന്ന ഒട്ടേറെ ചെറുകിട സ്വകാര്യ ആശുപത്രികൾ വൻകിട ആശുപത്രികളുടെ വരവോടെ നിർത്തലായിപ്പോയി. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികളും താഴെത്തട്ടിലുള്ള സർക്കാർ ആശുപത്രികളും (പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ) ഉൾപ്പെടുത്തി കുടുംബാരോഗ്യ ശൃംഖല രൂപവത്കരിക്കാനുള്ള പദ്ധതി ആവിഷ്കരിക്കണം.

03 പ്രാന്തവത്‌കരിക്കപ്പെട്ടവരുടെ ആരോഗ്യം

വയോജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ, ആദിവാസികൾ, മത്സ്യത്തൊഴിലാളി മേഖലയിലുള്ളവർ, ഭിന്നശേഷിക്കാർ, ട്രാൻസ് ജെൻഡറുകൾ എന്നീ പ്രാന്തവത്‌കരിക്കപ്പെട്ട ജനസമൂഹങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മിഷൻ മാതൃകയിൽ വലിയൊരു സംരംഭം ആരംഭിക്കണം. ഭിന്നശേഷിക്കാരുടെ ആരോഗ്യപദ്ധതികൾ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ചിതറിക്കിടക്കുകയാണ്. ഇവയെ ഏകോപിപ്പിക്കണം.

04 ആരോഗ്യമേഖലയിലെഗവേഷണം

ആരോഗ്യമേഖലയിൽ കേരളം നേരിടുന്ന സവിശേഷപ്രശ്നങ്ങൾ അഭിമുഖീകരിച്ച് പരിഹരിക്കുന്നതിനായി ആരോഗ്യഗവേഷണം വിവിധ തലങ്ങളിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലേക്കായി ഇതിനകം സ്ഥാപിച്ചവയും പ്രാരംഭപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ളവയുമായ താഴെ പറയുന്ന സ്ഥാപനങ്ങൾ കാലബന്ധിതമായി പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കണം.

1.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ) -തിരുവനന്തപുരം

2.ആയുർവേദ ഗവേഷണകേന്ദ്രം (ആരോഗ്യ വകുപ്പ്)- കണ്ണൂർ

3.എപ്പിഡമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് (ആരോഗ്യ സർവകലാശാല)-തൃശ്ശൂർ

4.ഇൻഫെക്‌ഷ്യസ് ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ട് (ആരോഗ്യവകുപ്പ്)- ആലപ്പുഴ

05 പൊതുജനാരോഗ്യ നിയമനിർമാണങ്ങൾ

ചികിത്സാ രോഗനിർണയ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യസ്ഥാപനങ്ങളെ സാമൂഹിക നിയന്ത്രണത്തിൽ കൊണ്ടുവരാനും വേണ്ടി കേന്ദ്ര ആക്‌ടിന്റെ മാതൃകയിൽ ആരംഭിച്ച ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് ആരംഭദശയിലാണ് ഇപ്പോഴുള്ളത്. ഒട്ടും വൈക്കാതെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ് മെന്റ് ആക്ട് നടപടികൾ പൂർത്തിയാക്കണം. ആരോഗ്യ പ്രൊഫഷണലുകളുടെ രജിസ്‌ട്രേഷനായി കാലഹരണപ്പെട്ട തിരുവിതാംകൂർ, കൊച്ചി, മലബാർ ആക്ടുകളാണ് നിലവിലുള്ളത്. ഈ പരിമിതി പരിഹരിക്കുന്നതിനായി ഏകീകൃത മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് നടപ്പിലാക്കണം.

06 കെ.എസ്.ഡി.പി. വിപുലീകരിക്കുക

ഇന്ത്യയിലിപ്പോൾ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന പൊതുമേഖല ഔഷധകമ്പനിയായ കെ.എസ്.ഡി.പി. സർക്കാർ ആശുപത്രികൾക്കാവശ്യമായ അവശ്യമരുന്നുകൾ മുഴുവൻ ലഭ്യമാക്കാൻ കഴിയുന്ന വിധം കൂടുതൽ വിപുലീകരിക്കണം. ഇതിനകം തീരുമാനിച്ച് കഴിഞ്ഞിട്ടുള്ള കാൻസർ മരുന്നുകൾക്കായുള്ള വിഭാഗം കാലതാമസം കൂടാതെ ആരംഭിക്കണം.

അതോടൊപ്പം പേറ്റന്റ് പരിധിയിൽ വരാത്തവയും കേരളജനതയ്ക്കാവശ്യമുള്ളവയുമായ ഔഷധങ്ങൾ കഴിയുന്നത്ര ഉത്‌പാദിപ്പിക്കാൻ പ്രാപ്തമായ തലത്തിലേക്ക് കെ.എസ്.ഡി.പി.യെ വളർത്തിയെടുക്കാൻ ശ്രമിക്കണം. സർക്കാർ ആശുപത്രികൾക്കുള്ള മരുന്നുകൾ നൽകുന്നതിന് പുറമേ പൊതുമാർക്കറ്റ് ലക്ഷ്യമിട്ട് താലൂക്ക് തലത്തിലെങ്കിലും മരുന്ന് വിൽപ്പന ഫാർമസികൾ ആരംഭിക്കുന്നത് പരിഗണിക്കണം.

(ആസൂത്രണ കമ്മിഷൻ മുൻ അംഗവും പൊതുജനാരോഗ്യവിദഗ്ധനും)