ഹ്രസ്വകാല പരിപാടികൾ

01 ഓൺലൈൻ ക്ലാസ് മെച്ചപ്പെടുത്തൽ

അടിയന്തര സാഹചര്യത്തിലാരംഭിച്ച മുൻവർഷ പദ്ധതിയിൽ മാറ്റങ്ങൾ വേണം. അതത് സ്കൂളിലെ അധ്യാപകരുമായി കുട്ടികൾക്കു നേരിട്ടുസംവദിക്കാൻ കഴിയുന്ന ക്ലാസുകൾക്ക് പ്രാമുഖ്യം നൽകണം. അതിന് പൂരകമാവണം കേന്ദ്രീകൃത ഓൺലൈൻ ക്ലാസ്. രണ്ടും മുഖ്യാശയരൂപവത്കരണത്തിൽ കേന്ദ്രീകരിക്കണം. മുൻക്ലാസിലെ പ്രധാന ആശയങ്ങളിൽ ചിലത് ഉദ്ഗ്രഥിച്ചുചേർക്കണം. ക്ലാസുകളുടെ അർധവാർഷിക പ്ലാൻ മുൻകൂട്ടി നൽകണം. വർക്ക്‌ഷീറ്റുകൾകൂടി ഉപയോഗപ്പെടുത്തണം. തുടർ-അന്തിമ വിലയിരുത്തലുകൾ ക്ലാസുമായി സംയാജിപ്പിക്കണം. ഉപകരണലഭ്യത, നെറ്റ് വേഗം എന്നിവയിലെ പ്രശ്നങ്ങൾ ഇല്ലാതാക്കണം.

02 സ്കൂളും അനുബന്ധ സംവിധാനങ്ങളും പ്രവർത്തനസജ്ജമാക്കൽ

സ്കൂളുകൾ ഒരുവർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. കുട്ടികളുടെ പ്രവേശനനടപടികൾ പൂർത്തിയാക്കൽ, കെട്ടിടങ്ങൾ-വസ്തുക്കൾ തുടങ്ങിയവയുടെ സംരക്ഷണം, ഇടയ്ക്കിടെയുള്ള പരിശോധന, സ്കൂൾസഹായ സമിതിയുടെ നേതൃത്വത്തിലുള്ള കാമ്പസ് പരിപാലനം, ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചുനോക്കൽ, റിപ്പയറിങ്ങിനു മൊബൈൽ ക്ലിനിക്കുകൾ, പുതിയ സൗകര്യങ്ങളുടെ സ്പോൺസറിങ്, പ്രധാനാധ്യാപക-അധ്യാപക ഒഴിവുകൾ ഉടൻ നികത്തൽ തുടങ്ങിയവ സമയബന്ധിതമായി നടക്കണം.

03 അധ്യാപകരെയും കുട്ടികളെയും രക്ഷിതാക്കളെയും സജ്ജമാക്കൽ

ഒരുവർഷത്തെ സന്ദിഗ്ധാവസ്ഥ ഇവരിലെല്ലാമുണ്ടാക്കിയ പരിക്കുകൾ പല തരത്തിലാണ്. അകന്നുപോയ മലമ്പ്രദേശ, തീരദേശ, കോളനി വിദ്യാർഥികളെ അടുപ്പിക്കണം. അതിഥിത്തൊഴിലാളികൾ, പരമദരിദ്രർ, ദുരന്തങ്ങളേറ്റവർ എന്നിവരുടെ മക്കൾക്കൊപ്പം അധ്യാപകരും മറ്റുള്ളവരും ചേർന്നുനിൽക്കൽ, പൊതുപഠന കേന്ദ്രങ്ങൾ ഒരുക്കൽ, വിദ്യാവൊളന്റിയർ വഴിയുള്ള മെന്ററിങ് എന്നിവയിൽ ഊന്നണം. രക്ഷിതാക്കളുടെ ഉത്കണ്ഠ പരിഹരിക്കണം. അധ്യാപകരുടെ ഉത്സാഹം വീണ്ടെടുക്കണം.

04 ഗുണമേന്മയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസാസൂത്രണം

വിദ്യാഭ്യാസസംവിധാനത്തെ പുതുക്കിയെടുത്ത് ഗുണമേന്മയുടെ പുതിയ കുതിപ്പിന് പാകപ്പെടുത്തേണ്ടതുണ്ട്. വിദ്യാലയങ്ങൾ ഉത്തരവാദിത്വപൂർണമായ സ്ഥാപനാസൂത്രണത്തിലേക്ക് കടക്കണം. നിലവിലുള്ള അവസ്ഥ വിലയിരുത്തി ഭാവിക്കുവേണ്ടി ഒരുങ്ങണം. സ്കൂൾപ്രദേശത്തെ അവസാനത്തെ കുട്ടിയെയും കണ്ടുകൊണ്ടുള്ള, യാഥാർഥ്യാധിഷ്ഠിതമായ അക്കാദമിക് പ്ലാനാണ് ഉണ്ടാവേണ്ടത്. അത് നടപ്പാക്കാനുള്ള ഭൗതികവും സാമൂഹികവുമായ പശ്ചാത്തലം സമാന്തരമായി സൃഷ്ടിക്കണം. പ്രഥമാധ്യാപകൻ മുൻപേ നടക്കണം. സമൂഹത്തോടുള്ള അക്കൗണ്ടബിലിറ്റി അധ്യാപകസമൂഹം ഉള്ളിലേറ്റണം. പി.ടി.എ. യും പഞ്ചായത്തും നേതൃത്വം വഹിക്കണം. ഓഫീസർമാർ ഫലപ്രദമായി മോണിറ്റർ ചെയ്യണം. സംസ്ഥാനതലം വരെയുള്ള സ്ഥാപനങ്ങളും ഇതിനൊപ്പം മാറണം. എസ്.സി.ഇ.ആർ.ടി., സീമാറ്റ് എന്നിവയെ പുനർനിർവചിക്കണം. മറ്റുള്ള സംസ്ഥാനതല സ്ഥാപനങ്ങൾ ഇവയ്ക്ക് കീഴിലേക്കു വരണം.

ദീർഘകാല പരിപാടികൾ

01 നിശ്ചിത പഠനസൗകര്യങ്ങൾ

കെട്ടിടം ഉൾപ്പെടെയുള്ള ഭൗതികസൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം അഭിമാനകരം തന്നെ. പക്ഷേ, പല എയ്‌ഡഡ് സ്കൂളുകളിലെയും സൗകര്യങ്ങൾ പരിതാപകരമാണ്. സർക്കാർ മേഖലയിലാകട്ടെ, ഹൈസ്കൂളും ഹയർ സെക്കൻഡറിയും ഏറെ മാറിയെങ്കിലും പലയിടത്തും പ്രൈമറി വിഭാഗങ്ങൾക്ക് വേണ്ടത്ര സൗകര്യമില്ല. കളിയിടങ്ങൾ, ലൈബ്രറികൾ, അടുക്കളകൾ, ഭക്ഷണശാലകൾ, ടോയ്‌ലെറ്റുകൾ എന്നിങ്ങനെ സ്കൂൾ വിഭാഗമനുസരിച്ചുള്ള അവശ്യസൗകര്യങ്ങൾ തിട്ടപ്പെടുത്തി പൊരായ്മ നികത്തണം.

02 വിദ്യാലയങ്ങൾ ദിന്നശേഷീസൗഹൃദമാവണം

ഇവരെ കണ്ടെത്തൽ, പ്രശ്നങ്ങൾ തിട്ടപ്പെടുത്തൽ, വ്യക്തിപരമായ പരിഹാരപദ്ധതി രൂപവത്കരിക്കൽ എന്നിവ നടക്കണം.

അതിനായി 2-3 മാസത്തെ ആഴത്തിലുള്ള പരിശീലനം അധ്യാപകർക്ക് നൽകണം. എല്ലാ വിദ്യാലയത്തിലും വിദഗ്ധസഹായമെത്തുംവിധം റിസോഴ്‌സ് അധ്യാപകരുടെ നിയമനം വർധിപ്പിക്കണം. പശ്ചാത്തലസൗകര്യങ്ങൾ, ഉപകരണങ്ങൾ, പഠനപിന്തുണ എന്നിവ സ്കൂളിലും വീട്ടിലും ലഭ്യമാക്കുന്ന സമഗ്രപദ്ധതി ആസൂത്രണം ചെയ്യണം. കേരളത്തെ ആദ്യ ഭിന്നശേഷീസൗഹൃദവിദ്യാലയ സംസ്ഥാനമാക്കണം.

03 പ്രീ പ്രൈമറി സാർവത്രികമാക്കൽ

മൂന്ന്-നാലു വയസ്സുകാർക്ക് അങ്കണവാടിയിൽ പ്രീ പ്രൈമറിയും അഞ്ചു വയസ്സുകാർക്ക് സ്കൂളിൽ പ്രീ സ്കൂളിങ്ങും എന്നത് പൊതുതത്ത്വമായി അംഗീകരിക്കണം. വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പുകൾ യോജിച്ചുപ്രവർത്തിക്കണം. ആദ്യഘട്ടത്തിൽ ഒരു തദ്ദേശസ്ഥാപന പരിധിയിൽ ഒന്നുവീതം മാതൃകാസ്ഥാപനമാവണം. പ്രീ പ്രൈമറി ബിൽ നിയമമാക്കൽ, അശാസ്ത്രീയ പഠനരീതികൾക്കെതിരേ കർശനനടപടി, ഒന്നാം ക്ലാസ് പ്രവേശനപ്രായം ആറു വയസ്സാക്കൽ, രക്ഷിതാക്കളെ ബോധവത്കരിക്കൽ എന്നിവയും യാഥാർഥ്യമാക്കണം.

04 പാഠ്യപദ്ധതി പരിഷ്‌കരണം

പാഠ്യപദ്ധതിക്ക് കാലാനുസൃതവും ശാസ്ത്രീയവുമായ തുടർച്ചയുണ്ടാവണം. എട്ടാം ക്ലാസിൽ പൊതുപ്ലാറ്റ്ഫാം, ഒമ്പതിലും പത്തിലും താത്പര്യമുള്ള വിഷയങ്ങളിലെ ആഴത്തിലുള്ള പഠനം, പ്ലസ്ടുവിന് ഐച്ഛികപഠനം, എല്ലാവർക്കും ഏതെങ്കിലും തൊഴിൽപരിശീലനം എന്നിവ പരിഗണിക്കണം. കേരളത്തിനു പുറത്തുള്ള വിദഗ്ധരിൽനിന്നടക്കം നിർദേശം സ്വീകരിച്ച് പരിപ്രേക്ഷ്യം സ്വീകരിക്കണം.

05 സമഗ്രമായ അധ്യാപക ശാക്തീകരണം

50 വയസ്സിൽ താഴെയുള്ള മുഴുവൻ അധ്യാപകർക്കുമുള്ള സമഗ്രമായ പരിവർത്തനപരിപാടി ആസൂത്രണം ചെയ്യണം. വിദ്യാഭ്യാസ യോഗ്യതകൾ തുടർപഠനത്തിലൂടെ വർധിപ്പിക്കാൻ പദ്ധതി വേണം. സർക്കാർ അതിന് സാമ്പത്തിക സഹായം നൽകണം. പ്രീസർവീസ് പരിശീലനത്തിന്റെ പരിഷ്കരണം, മെന്ററിങ് എന്നിവയിൽ ശ്രദ്ധയൂന്നണം. ഇതെല്ലാം പഠിക്കാൻ ഒരു ടീച്ചർ എജ്യുക്കേഷൻ കമ്മിഷനെ നിയമിക്കണം.

(ഒ.എം. ശങ്കരൻ റിട്ട. ഡയറ്റ് പ്രിൻസിപ്പലും കെ.ടി. രാധാകൃഷ്ണൻ റിട്ട. സ്കൂൾ അധ്യാപകനും ഡോ. പി.വി. പുരുഷോത്തമൻ റിട്ട. ഡയറ്റ് സീനിയർ ലക്ചററുമാണ്)