ന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന കാലത്ത് 'ദി ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസ്' എന്ന പ്രോഗ്രാമിന് വേണ്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റുകളുടെ ചരിത്രത്തെ സംബന്ധിച്ച് ഒരു പരമ്പര ചെയ്തിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ആദ്യ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ആര്‍. കെ. ഷണ്മുഖം ചെട്ടി ആണ്. 1947 നവംബര്‍ 26-ന് ആയിരുന്നു ചെട്ടിയുടെ ബജറ്റ് പ്രസംഗം. ചെട്ടി മുതല്‍ ചിദംബരം വരെയുള്ള ധനകാര്യമന്ത്രിമാരുടെ ബജറ്റ് പ്രസംഗങ്ങളുടെ പ്രത്യേകത ആയിരുന്നു ഗ്രേറ്റ് ഇന്ത്യന്‍ സര്‍ക്കസിലെ  സ്റ്റോറി. ഏതാണ്ട് ഒരാഴ്ചയോളം പല ഡോക്യുമെന്റുകളും റെഫര്‍ ചെയ്തായിരുന്നു വിശദമായ ആ സ്റ്റോറി തയ്യാറാക്കിയത്.

സമീപ ദിവസങ്ങളില്‍ നോട്ട് ബുക്കുകള്‍ മറിച്ച് നോക്കുന്നതിനിടയിലാണ് പഴയ ചില കുറിപ്പുകള്‍ കണ്ടത്. കേരള നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളും ധനമന്ത്രിമാരുടെ ബജറ്റ് അവതരണ ശൈലികളും എങ്ങനെ ആയിരുന്നിരിക്കുമെന്ന കൗതുകം മനസ്സില്‍ തോന്നിയത് പണ്ടെന്നോ കുറിച്ച ആ വരികള്‍ വായിച്ചപ്പോഴാണ്. തുടര്‍ന്ന് അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലും  എണ്‍പതുകളിലും കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് പ്രസംഗങ്ങള്‍ ഒന്ന് ഓടിച്ച് വായിക്കാന്‍ തുടങ്ങി. ഹരംപിടിപ്പിക്കുന്നതും രസകരവും ആയ വസ്തുതകള്‍ ആണ് ഓരോ വായനയും നല്‍കിയത്.

ബജറ്റിലെ കണക്കുക്കുകള്‍ സംഖ്യകള്‍ എന്നിവയെക്കാള്‍ ഓരോ ധനമന്ത്രിമാരുടെയും അവതരണത്തിലെ ശൈലിയും അതിലെ രാഷ്ട്രീയവും മനസ്സിലാക്കാനാണ് ശ്രമിച്ചത്. പഴയ ബജറ്റ് പ്രസംഗങ്ങള്‍ക്ക് ഒപ്പം സമീപ വര്‍ഷങ്ങളില്‍ ബജറ്റുമായി ബന്ധപ്പെട്ട് വന്ന മാധ്യമ റിപ്പോര്‍ട്ടുകളും പരമാവധി വായിക്കാന്‍ ശ്രമിച്ചു. പതിനഞ്ചാം നിയമസഭയുടെ ആദ്യ ബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. അദ്ദേഹത്തിന്റെ ബജറ്റിന്റെ ശൈലി എങ്ങനെയായിരിക്കുമെന്ന് അറിയില്ല. പക്ഷേ, കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റുകളും ധനമന്ത്രിമാരുടെ ബജറ്റ് തയ്യാറാക്കല്‍ ശൈലികളും ഒക്കെ പരിശോധിച്ചാല്‍ സംസ്ഥാന നിയമസഭയില്‍ കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റിന് ചില പ്രത്യേകതകള്‍ ഉണ്ടാകും എന്ന് ഉറപ്പ്. പെട്ടെന്ന് തോന്നിയ പ്രത്യേകതകളില്‍ ചിലത്-

സി.എച്ച്. മുഹമ്മദ് കോയക്ക് ശേഷം ആ ഭാഗ്യം ബാലഗോപാലിന്?  

 

1977 മാര്‍ച്ച് 28.

കേരളത്തിലെ ബജറ്റ് അവതരണങ്ങളില്‍ നിര്‍ണ്ണായകമാണ് ഈ ദിവസം. അന്ന് സെക്രട്ടറിയേറ്റിലെ അസംബ്ലി ഹാളില്‍ സി. എച്ച്. മുഹമ്മദ് കോയയുടെ ബജറ്റ് പ്രസംഗം ആരംഭിച്ചത് ഇങ്ങനെ-

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ മുഴുവന്‍കാലാവധിയും പൂര്‍ത്തിയാക്കി, തിരഞ്ഞെടുപ്പിനെ നേരിട്ട്, വലിയ ജനപിന്തുണയോടെ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആറുവര്‍ഷക്കാലത്തെ സുസ്ഥിരവും ജനോപകാരപ്രദവുമായ ഭരണനിര്‍വഹണത്തിന് നല്‍കിയ അംഗീകാരമാണ് ജനവിധിയില്‍ പ്രകടമാകുന്നത്. അല്‍പായുസ്സായ മന്ത്രിസഭകളുടെയും രാഷ്ട്രീയാനിശ്ചതത്വങ്ങളുടെയും പാരമ്പര്യത്തില്‍നിന്ന് വ്യക്തമായ മാറ്റം രേഖപ്പെടുത്തിക്കൊണ്ട് കേരളം രാജ്യത്തിന് മാതൃകയായിരിക്കുകയാണ്. സുസ്ഥിരവും അര്‍പ്പണബോധമുള്ളതുമായ സര്‍ക്കാരിനായി തങ്ങളുടെ സമ്മതിദാനാവകാശം വനിയോഗിച്ച കേരളത്തിലെ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത് അപൂര്‍വ്വമായ രാഷ്ട്രീയ പക്വതയും അസാധാരണമായ വിവേകവുമാണ്. പ്രബുദ്ധരായ നമ്മുടെ ജനതയുടെ ചരിത്രപരമായ ഈ വിധിയെ വരുംതലമുറ നന്ദിയോടെ അഭിനന്ദിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

muhammad koya.c.h
സി.എച്ച്. മുഹമ്മദ് കോയ | ഫോട്ടോ: മാതൃഭൂമി

ഭരണതുടര്‍ച്ചയ്ക്ക് കേരളത്തിലെ ജനങ്ങളോട് ബജറ്റില്‍ നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള സിഎച്ചിന്റെ പ്രസംഗം നിയമസഭക്ക് മാത്രമല്ല കേരളത്തിനുതന്നെ പുതുമയുള്ള ഒന്നായിരുന്നു. 1977 മാര്‍ച്ച് 28 ന് ശേഷം നാല്പത്തി എട്ട് ബജറ്റ്  പ്രസംഗങ്ങള്‍ക്ക് കേരള നിയമസഭ സാക്ഷ്യംവഹിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ബജറ്റ് അവതാരകനും ഭരണത്തുടര്‍ച്ചയ്ക്കുള്ള നന്ദി ബജറ്റിലൂടെ ജനങ്ങളോട് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭരണത്തുടര്‍ച്ചയ്ക്കുള്ള നന്ദി, രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് പ്രസംഗത്തില്‍ കെ. എന്‍. ബാലഗോപാല്‍ ഉള്‍പ്പെടുത്തുമോയെന്ന് അറിയില്ല. ഉള്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തില്‍ രണ്ടാം തവണയാകും അത്തരം ഒരു നന്ദി പ്രകടിപ്പിക്കല്‍. പുതിയ നിയമസഭാ മന്ദിരത്തിലെ ബജറ്റ് പ്രസംഗങ്ങളുടെ ചരിത്രത്തില്‍ ആദ്യത്തേതും.

ആദ്യമായി നിയമസഭാംഗമായതിന് ശേഷം ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അവതരിപ്പിക്കുന്ന ബജറ്റ്

1947 മുതലുള്ള കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാല്‍ സഭാംഗമായി പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ബജറ്റ് അവതരിപ്പിക്കാനുള്ള അവസരം വേറെ ആര്‍ക്കും കൈവന്നിട്ടില്ല എന്ന് വ്യക്തമാകും. ജീവിതത്തില്‍ ആദ്യമായി നിയമസഭാംഗമായി ബാലഗോപാല്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് 2021 മെയ് 24-ന്. 12-ാം ദിവസം, അതായത് ജൂണ്‍ നാലിന് കന്നി ബജറ്റ് സഭയില്‍ അവതരിപ്പിക്കും.

ഇതോടൊപ്പം ഒരു വസ്തുത കൂടി പറയാം. രണ്ടാം നിയമസഭയില്‍ ആര്‍. ശങ്കര്‍ ധനകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് 1960 ഫെബ്രുവരി 22-ന് ആണ്. എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തത് 1960 മാര്‍ച്ച് 12-നും. മാര്‍ച്ച് 18-ന് ആദ്യ ബജറ്റ് അവതരിപ്പിച്ചു. അതേസമയം ആര്‍ ശങ്കര്‍ 1948-ല്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിലും 1949 മുതല്‍ 1956 വരെ തിരു കൊച്ചി ലെജിസ്ലേറ്റീവ് അസ്സംബ്ലിയിലും അംഗം ആയിരുന്നു.

k n balagopal
കെ. എന്‍. ബാലഗോപാല്‍ | ഫോട്ടോ സി.ആർ. ഗിരീഷ് കുമാർ

ധനകാര്യ മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാല്‍ നിയമസഭയിലെ കന്നി ബജറ്റ് പ്രസംഗം നടത്തുന്നത്. ധനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏറ്റവും കുറച്ച് സമയത്തിനുള്ളില്‍ ബജറ്റ് അവതരിപ്പിച്ച സിപിഎമ്മിന്റെ ധനകാര്യ മന്ത്രിയെന്ന വിശേഷണം ഇനി കൊട്ടാരക്കരയുടെ നിയമസഭാംഗത്തിന് അവകാശപ്പെട്ടതാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിന്റെ ധനകാര്യ മന്ത്രിമാരില്‍ മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ഏറ്റവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതും കെ. എന്‍. ബാലഗോപാലാണ്.

എന്നാല്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രിമാരില്‍ ഒന്നാം സ്ഥാനം ബാലഗോപാലിന് അവകാശപ്പെടാന്‍ കഴിയില്ല. 1987-ലെ ഇ. കെ. നായനാര്‍ സര്‍ക്കാരും 1995-ലെ എ. കെ. ആന്റണി സര്‍ക്കാരും അധികാരത്തില്‍ വന്നതിന്റെ രണ്ടാം നാള്‍ നിയമസഭയില്‍ ബജറ്റ് പ്രസംഗം അവതരിപ്പിച്ചു. വകുപ്പ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ നായനാര്‍ തന്നെയാണ് 1987 മാര്‍ച്ച് 28 ന് ബജറ്റ് പ്രസംഗം അവതരിപ്പിച്ചത്. പിന്നീട് അതേവര്‍ഷം ജൂണ്‍ അഞ്ചിന് നായനാര്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ നിയമസഭയില്‍  പരിഷ്‌കരിച്ച ബജറ്റ് അവതരിപ്പിച്ചു.

1995 മാര്‍ച്ച് 22-ന് എ. കെ. ആന്റണി മുഖ്യമന്ത്രി ആയി അധികാരമേറ്റതിന്റെ രണ്ടാം ദിവസം നിയമസഭയില്‍ ധനകാര്യ മന്ത്രി സി.വി. പദ്മരാജന്‍ ബജറ്റ് അവതരിപ്പിച്ചു. പക്ഷേ, കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് 1994 ജൂണ്‍ 22-ന് ഉമ്മന്‍ ചാണ്ടി രാജിവെച്ചതിന് ശേഷം ധനകാര്യ മന്ത്രിയായി ചുമതല വഹിച്ചിരുന്നത് സി. വി പദ്മരാജന്‍ ആയിരുന്നു.  1995 മാര്‍ച്ച് 16-ന് കരുണാകരന്‍ മുഖ്യമന്ത്രി പദവി രാജി വച്ചെങ്കിലും തുടര്‍ന്ന് അധികാരത്തില്‍ വന്ന ആന്റണി മന്ത്രിസഭയിലും ധനമന്ത്രി ആയി പദ്മരാജന്‍ തുടരുകയായിരുന്നു.1977 മാര്‍ച്ച് 25 ന് അധികാരത്തിലേറിയ കെ. കരുണാകരന്‍ മന്ത്രിസഭയുടെ ആദ്യ ബജറ്റ് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 28-ന് സി. എച്ച്. മുഹമ്മദ് കോയ നിയമസഭയില്‍ അവതരിപ്പിച്ചു. ആ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നില്ല സി. എച്ച്. മുഹമ്മദ് കോയ. വകുപ്പ് വിഭജനം പൂര്‍ത്തിയാകാത്തതിനാലാണ് ബജറ്റ്  അവതരണത്തിന് സി. എച്ച്. മുഹമ്മദ് കോയയെ കരുണാകരന്‍ ചുമത്തപ്പെടുത്തിയത്. 

1967-ല്‍ രണ്ടാം ഇ. എം. എസ്. മന്ത്രിസഭയുടെ ആദ്യ ബജറ്റ് പി. കെ. കുഞ്ഞ് അവതരിപ്പിക്കുന്നത് ധനമന്ത്രിയായി ചുമതയേറ്റ് പന്ത്രണ്ടാം ദിവസമാണ്. എന്നാല്‍ പി. കെ. കുഞ്ഞ് രണ്ടാം കേരള നിയമസഭയിലും അംഗമായിരുന്നു.

അറബിക്കടല്‍ കാണാത്ത പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റുകള്‍ക്ക് ഒരു പ്രത്യേകത ഉണ്ട്. വിഴിഞ്ഞത്തെ ഇന്‍സ്പെക്ഷന്‍ ബംഗ്‌ളാവ് കയറാതെ ബജറ്റിലെ ഒരു പ്രഖ്യാപനത്തിനും നിയമസഭാ കാണാന്‍ കഴിയില്ലായിരുന്നു. അറബിക്കടലിന്റെ കാറ്റും തിരകളുമാണ് ഐസക്കിന്റെ ബജറ്റിനെ കാവ്യാത്മകമാക്കുന്നതെന്ന് ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. 2006-ല്‍ തോമസ് ഐസക് തന്റെ ആദ്യ ബജറ്റ് പ്രസംഗം എഴുതാന്‍ തിരെഞ്ഞെടുത്തത് കോവളത്തെ സര്‍ക്കാര്‍ അതിഥി മന്ദിരം ആയിരുന്നു. എന്നാല്‍ അവിടുത്തെ ടൂറിസം അന്തരീക്ഷം ചെറിയ അലോസരങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് വിഴിഞ്ഞം ഐബിയിലേക്ക് ബജറ്റിന്റെ പണിപ്പുര മാറ്റിയത്. പിന്നീട് ഐസക്കിന്റെ എല്ലാ ബജറ്റ് പ്രസംഗങ്ങളും തയ്യാറായത് വിഴിഞ്ഞത്തെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലായിരുന്നു.

thomas isaac
തോമസ് ഐസക് | ഫോട്ടോ: മാതൃഭൂമി ന്യൂസ്

ബാലഗോപാലിന്റെ ബജറ്റിന്റെ പണിപ്പുര എവിടെയാണെന്ന് അറിയില്ല. ഏതായാലും മാധ്യമങ്ങളില്‍ ഇതുവരെയും അറബിക്കടലിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തുനിന്നുള്ള ബജറ്റ് സ്റ്റോറികള്‍ ഒന്നും കണ്ടില്ല. വി. എസ്. സര്‍ക്കാരിന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും ബജറ്റ് പ്രസംഗങ്ങളില്‍ ഉണ്ടായിരുന്ന 'വിഴിഞ്ഞം എഫക്ട്' ഇത്തവണ മിസ് ആകുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍. 

ധനസ്ഥിതി പറയുമെങ്കിലും മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ കഴിയാത്ത ബജറ്റ്

വി.എസ്. സര്‍ക്കാരിന് ശേഷം 2011-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ധനമന്ത്രി കെ. എം. മാണി സംസ്ഥാനത്തെ ധനസ്ഥിതിയെ സംബന്ധിച്ച് ധവള പത്രമിറക്കിയിരുന്നു. എന്നാല്‍ ധവള പത്രത്തിലെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് ആരോപിച്ച് തോമസ് ഐസക് 'കള്ളം, പച്ചക്കള്ളം പിന്നെ കെ.എം. മാണിയുടെ കണക്കുകളും' എന്നൊരു ചെറുഗ്രന്ഥം എഴുതിയിരുന്നു. യു.ഡി. എഫ്. സര്‍ക്കാര്‍ മാറി 2016-ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തോമസ് ഐസക്കും സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് ധവളപത്രം ഇറക്കി. ഗുരുതരമായൊരു ധനപ്രതിസന്ധിയിലാണ് സംസ്ഥാനം എന്ന് വിശദീകരിക്കാനാണ് ധവളപത്രമെന്നായിരുന്നു ഐസക്കിന്റെ നിലപാട്. ഏതായാലും കഴിഞ്ഞ രണ്ട് തവണത്തേയും പോലെ ഇത്തവണ ധവളപത്രം ഉണ്ടാകില്ലെന്ന് ഉറപ്പ്. ബജറ്റ് പ്രസംഗത്തില്‍ മുന്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒരു സാധ്യതയും ഇല്ല. മറിച്ച് അഭിനന്ദനത്തിന്റെ ഒരു നീണ്ട നിരതന്നെ പ്രതീക്ഷിക്കാം.

കാര്‍ട്ടൂണിസ്റ്റ് അവതരിപ്പിക്കുന്ന നിയമസഭയിലെ ആദ്യ ബജറ്റ്

ഈ സ്റ്റേറ്റ്‌മെന്റ് വെരിഫൈഡ് അല്ല. കാരണം അറുപതുകളിലും എഴുപതുകളിലും ബജറ്റ് അവതരിപ്പിച്ച ആരെങ്കിലും അറിയപ്പെടാത്ത കാര്‍ട്ടൂണിസ്റ്റുകള്‍ ആയിരുന്നോ എന്ന് അറിയില്ല. പറയാനുള്ള കാര്യങ്ങള്‍ വളരെ കുറച്ച് വരകള്‍ കൊണ്ട് അവതരിപ്പിക്കുന്ന കാര്‍ട്ടൂണ്‍ ശൈലി ബാലഗോപാല്‍ തന്റെ ബജറ്റ് പ്രസംഗത്തിലും തുടരുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ തുടര്‍ന്നാല്‍ സമീപകാലത്തെ ബജറ്റ് അവതരണങ്ങളെ പോലെ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന പ്രസംഗത്തിനായിരിക്കില്ല ജൂണ്‍ നാലിന് കേരള നിയമസഭ സാക്ഷ്യം വഹിക്കുക.

k m mani
കെ. എം. മാണി | ഫോട്ടോ: കെ. അബൂബക്കർ

3.18 മണിക്കൂര്‍ സമയമെടുത്താണ് 2021-ലെ ബജറ്റ് പ്രസംഗം തോമസ് ഐസക് പൂര്‍ത്തിയാക്കിയത്.  രണ്ടു മണിക്കൂറും 56 മിനിട്ടുമായിരുന്നു 2016-ലെ ഐസക്കിന്റെ ബജറ്റ് പ്രസംഗം നീണ്ടത്.  2016-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2 മണിക്കൂറും 54 മിനുട്ടും എടുത്താണ് പ്രസംഗം പൂര്‍ത്തിയാക്കിയത്. 2 മണിക്കൂര്‍ 50 മിനുട്ടു കൊണ്ടാണ്  കെ.എം. മാണി 2013-ലെ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. എന്നാല്‍ 2013 മാര്‍ച്ച് 13-ന് കെ.എം. മാണി നടത്തിയ പ്രസംഗം  2.58 മണിക്കൂര്‍ നീണ്ടു നിന്നതായും ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ കണ്ടു. തന്റെ കന്നി ബജറ്റ് അവതരണത്തിന് ബാലഗോപാല്‍ എത്ര സമയമെടുക്കുമെന്ന് അറിയാന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കണം.

ബജറ്റ് കഴിഞ്ഞാലും തിരക്കിന് ഇടവേള നല്‍കാന്‍ കഴിയാത്ത ധനമന്ത്രി

ബജറ്റ് അവതരണത്തിന് പിന്നാലെ ഒരു വാര്‍ത്താസമ്മേളനം, പിന്നെ കുറച്ച് ചാനല്‍ ചര്‍ച്ചകള്‍. ഇത് കഴിഞ്ഞാല്‍  ധനമന്ത്രിമാര്‍ റിലാക്‌സ്ഡ് ആയിരിക്കുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ആ പതിവിന് ഇത്തവണ മാറ്റമുണ്ടാകാനാണ് സാധ്യത. കോവിഡ് വാക്‌സിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ജി.എസ്.ടി ഒഴിവാക്കുന്നതു സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് എട്ടാം തീയതിയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കൈമാറേണ്ടത്. മേഘാലയ മുഖ്യമന്ത്രി കൊണാര്‍ഡ് സാംഗ്മയുടെ അധ്യക്ഷതയില്‍ ഉള്ള മന്ത്രിസഭാ ഉപസമിതിയില്‍ എട്ട് അംഗങ്ങളില്‍ ഒരാളാണ് ബാലഗോപാല്‍. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് എട്ടംഗ സമിതി.

കേരളത്തിന്റെ ബഡ്ജറ്റ് അവതരണത്തിന് ശേഷം  കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്  ജൂണ്‍ എട്ടിന് കൈമാറേണ്ട റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പണിപ്പുരയിലേക്ക് സംസ്ഥാന ധനകാര്യമന്ത്രിക്ക് കടക്കേണ്ടി വരും. ബജറ്റ് കേരളത്തിലെ മൂന്ന് കോടി ജനങ്ങളെയാണ് ബാധിക്കുന്നതെങ്കില്‍, മന്ത്രി സഭ ഉപസമിതിയുടെ റിപ്പോര്‍ട്ട് 130 കോടി ഇന്ത്യക്കാരെയും ബാധിക്കുന്നതാണ്.

ജൂണ്‍ മാസത്തിലെ ബജറ്റ് അവതാരകരുടെ ക്ലബ്ബിലേക്ക് ഇനി ബാലഗോപാലും

കേരള നിയമസഭയില്‍ ആദ്യ ബജറ്റ് അവതരണം നടന്നത് 1957 ജൂണ്‍ ഏഴിനായിരുന്നു. ഇ. എം. എസ്. മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് സി. അച്യുത മേനോനായിരുന്നു. തുടര്‍ന്ന് നാല് ധനകാര്യ മന്ത്രിമാര്‍ കൂടി ജൂണ്‍ മാസത്തില്‍ കേരള നിയമസഭയില്‍ ബജറ്റ് പ്രസംഗം നടത്തിയിട്ടുണ്ട്. ആര്‍. ശങ്കര്‍ (1960 ജൂണ്‍ 24), പി. കെ. കുഞ്ഞ് (1967 ജൂണ്‍ 23), വി. വിശ്വനാഥ മേനോന്‍ (1987 ജൂണ്‍ 5), തോമസ് ഐസക് (2006 ജൂണ്‍ 23).

(മാതൃഭൂമി ന്യൂസിന്റെ ഡല്‍ഹി പ്രത്യേക പ്രതിനിധിയാണ് ലേഖകന്‍. കേരള സർവകലാശാലായിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രെഷനിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.)