ജൂലായ് ഒന്നിനാണ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കി തുടങ്ങിയത്. അപ്പോഴേയ്ക്കും നികുതി ബാധ്യത വിദഗ്ധമായി മറികടക്കാന്‍ വ്യാപാരികള്‍ തന്ത്രം മെനഞ്ഞുതുടങ്ങി. 

ചെന്നൈയിലെ ചെരുപ്പ് കടക്കാരന്‍ ഒരു ജോഡി ഷുവിന് പകരം ഓരോ ചെരുപ്പും വേറെവേറെയായി വില്‍ക്കുന്നു.

ടെക്സ്റ്റല്‍ ഉടമ സല്‍വാറിനൊപ്പമുള്ള ദുപ്പട്ട വേറെ വില്പന നടത്തുന്നു.

പ്രമുഖ ബസ്മതി കമ്പനി ട്രേഡ് മാര്‍ക്ക് ഒഴിവാക്കി കച്ചവടം നടത്തുന്നു.

അതായത് ജിഎസ്ടി ഒഴിവാക്കാനോ കുറയ്ക്കാനൊ ഉള്ള എല്ലാവഴികളും പ്രയോജനപ്പെടുത്തുകയാണ് കച്ചവടക്കാര്‍.

500 രൂപയ്ക്ക് താഴെയുള്ള ചെരുപ്പിന് അഞ്ച് ശതമാനമാണ് ജിഎസ്ടി. അതേസമയം അതിന് മുകളിലുള്ള ചെരുപ്പിനാകട്ടെ 18 ശതമാനവുമാണ് ജിഎസ്ടി. 

ആയിരം രൂപയ്ക്ക് താഴെയുള്ള വസ്ത്രത്തിന് അഞ്ച് ശതമാനവും അതിന് മുകളില്‍ 12 ശതമാനവുമാണ് ജിഎസ്ടി നിരക്ക്. 

ബ്രാന്‍ഡ് ചെയ്യാത്ത ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ധാന്യപ്പൊടികള്‍ എന്നിവയെല്ലാം ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, ഇവയെല്ലാം രജിസ്‌ട്രേഡ് ബ്രാന്‍ഡിന് കീഴില്‍ പായ്ക്ക് ചെയ്ത് വില്‍ക്കുകയാണെങ്കില്‍ അഞ്ച് ശതമാനം ജിഎസ്ടി നല്‍കുകയും വേണം. 

ആയിരം രൂപയുടെ വില വരുന്ന ചെരുപ്പ് ഓരോ ചെരുപ്പിന് 500 രൂപവീതം വിലയിട്ടും സല്‍വാര്‍ സെറ്റ് വെവ്വേറെയായും ധാന്യങ്ങളും മറ്റും ബ്രാന്‍ഡ് ഒഴിവാക്കിയുമുള്ള വില്പന തന്ത്രങ്ങളാണ് വ്യാപാരികള്‍ പയറ്റുന്നത്.