കോഴിക്കോട്: കേരളത്തില്‍ ഇറച്ചിക്കോഴി ക്ഷാമമുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം പൊള്ള. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (കെപ്‌കോ) കീഴിലുള്ള പൗള്‍ട്രി ഫാമുകള്‍ 13 ജില്ലയിലുമില്ല.

കേരളത്തിനാവശ്യമായ കോഴി ഇവിടെത്തന്നെ ഉത്പാദിപ്പിക്കുയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്തുമാത്രം. ദിവസം 10 ലക്ഷം ഇറച്ചിക്കോഴികളാണ് സംസ്ഥാനത്തിന് വേണ്ടത്. തിരുവനന്തപുരത്തെ ഫാമുകളില്‍നിന്ന് വില്‍ക്കുന്നത് പരമാവധി 3000 എണ്ണംമാത്രം. വ്യാപാരികളുടെ സമരം നേരിടാന്‍ കെപ്‌കോയ്ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ കഴിയുമെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തെ വിവിധയിടങ്ങളില്‍ 42 ഇന്റഗ്രേറ്റഡ് ബ്രോയിലര്‍ ഫാമുകളും മുട്ടക്കോഴി ഉത്പാദനത്തിന് 28 ലെയര്‍ ഫാമുകളും നിലവിലുണ്ട്. 25 ഏജന്‍സികളാണ് ഇവയ്ക്ക് കീഴിലുള്ളത്. ദിവസം 3000 മുതല്‍ 2500 കോഴിവരെ ഇവിടെനിന്ന് വില്‍ക്കും.

കുടപ്പനക്കുന്നിലെ ഫാമില്‍നിന്ന് ജില്ലയിലെ കര്‍ഷകരിലേക്ക് നേരിട്ട് കോഴികളെത്തിക്കുകയാണ് കോര്‍പ്പറേഷന്‍ ചെയ്യുന്നത്. ഇവയെ 45 ദിവസം വളര്‍ത്തി കോര്‍പ്പറേഷന്‍ വാങ്ങും. പിന്നീട് നേരിട്ട് വില്‍ക്കും. അതിനാല്‍ കുറഞ്ഞവിലയ്ക്ക് വില്‍ക്കാന്‍ സാധിക്കും. ഫാമിലെ കോഴിക്കുഞ്ഞുങ്ങളെ പഞ്ചായത്തിന്റെയും മറ്റും പദ്ധതികളുടെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കാറുണ്ട്.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കോഴിയിറച്ചിക്ക് ഇടനിലക്കാര്‍ അമിതവില ഈടാക്കുമ്പോഴും പ്രോസസിങ് വിലയുള്‍പ്പെടെ 158 രൂപയിലാണ് പൗള്‍ട്രി ഫാം ഈടാക്കിയത്. ചരക്ക്-സേവന നികുതി നിലവില്‍ വന്നിട്ടും ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.

എല്ലാ ജില്ലകളിലും പൗള്‍ട്രി ഫാമുകള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ കോഴിവ്യാപാരികളുടെ സമ്മര്‍ദം സര്‍ക്കാരിനുതന്നെ ചെറുക്കാനാകും. കേരളത്തിലെ കോഴിക്കര്‍ഷകരെ ഇവയുടെകീഴില്‍ കൊണ്ടുവരാനും സാധിക്കും.