നാധിപത്യ രാജ്യമായ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പിന്തുണയും കരുതലും ലഭിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ നിലവിലെ സാഹചര്യമനുസരിച്ച് കണ്ണും പൂട്ടി ഇല്ല എന്നു പറയേണ്ടി വരും. കാരണമുണ്ട്. ജി.എസ്.ടി നിലവില്‍ വന്നപ്പോള്‍ സാനിട്ടറി നാപ്കിനുകള്‍ക്ക് 12ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. ലൈംഗിക സുരക്ഷാ മാര്‍ഗമായ കോണ്ടത്തിനാകട്ടെ നികുതിയുമില്ല!

സ്ത്രീയുടെ മേല്‍ മാത്രം  നികുതി ചുമത്തുന്നത് എന്ത് നീതിയാണെന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 
സ്ത്രീസുരക്ഷയെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം വാതോരാതെ പറയുന്ന ആളുകള്‍ ഇതും കൂടി അറിയണം. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്ത അവശ്യവസ്തുവാണ് നാപ്കിനുകള്‍. നികുതി വര്‍ദ്ധിപ്പിച്ചതിലൂടെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായി ഇതിന്റെ വില. വ്യഭിചരിക്കാന്‍ പോകുന്നവനു കൊടുക്കുന്ന സംരക്ഷണം പോലും രാജ്യത്തിനു അഭിമാനമാകുന്ന സ്ത്രീസമൂഹത്തിനു നല്‍കുന്നില്ലെന്നതാണ് ചര്‍ച്ചയ്ക്കാധാരം. 

തിരുനെറ്റിയിലണിയുന്ന സിന്ദൂരത്തിനും വളകള്‍ക്കും കോണ്ടത്തിനും നികുതിയില്ല. അതിനേക്കാള്‍ അവശ്യ വസ്തുവായ സാനിറ്ററി നാപ്കിനുകള്‍ക്ക് നികുതി 12%വും. ഇത് പഴയ ശുചിത്വമില്ലായ്മയിലേക്ക് സ്ത്രീകളെ നയിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും ഉയരുന്ന ആശങ്ക. പഴയ കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചാല്‍ പോരെ എന്ന സംശയം ഇപ്പോള്‍ ഉയരാം. എന്നാല്‍ അതിലൂടെ സ്ത്രീ സമൂഹം ഇതുവരെ കൈവരിച്ച ആരോഗ്യം, വ്യക്തി ശുചിത്വം എന്നിവ നഷ്ടപ്പെടാനും പുതിയ തലമുറയുടെ ഉത്പത്തി കുറയാനും വരെ കാരണമായേക്കാം. കരിക്കട്ടയും മറ്റ് പ്രാകൃത വഴികളുമുപയോഗിച്ച് മാസമുറ നേരിടുന്ന പ്രത്യേക വര്‍ഗ്ഗക്കാരെ പിന്തുടരണമെന്നാവുമോ ഇവരുടെയൊക്കെ ആവശ്യം? 

സാനിട്ടറി നാപ്കിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി ഇല്ലാതാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊല്‍ക്കത്ത സ്വദേശിനി ബസുന്ധര ഘോഷ് പ്രധാനമന്ത്രിയും ധനമന്ത്രിയും അടങ്ങുന്ന സംഘത്തിന് കത്തയച്ചു. അതിലിങ്ങനെ ബസുന്ധര കുറിച്ചു; സ്ത്രീകള്‍ കൂടുതലുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് നാപ്കിനുകളുടെ വില ഇത്രയധികം വര്‍ദ്ധിക്കുന്നത് ആശങ്കാവഹമാണ്. അതുകൊണ്ടുതന്നെ ഈ നികുതി ഇല്ലായ്മ ചെയ്യണം. ഒരു സ്ത്രീക്ക് കല്ല്യാണം കഴിക്കണോ വേണ്ടയോ എന്നും കുഞ്ഞുങ്ങള്‍ വേണമോ വേണ്ടയോ എന്നും തീരുമാനിക്കാം, എന്നാല്‍ മാസമുറ എന്നത് സ്ത്രീയ്ക്കു തീരുമാനിക്കാനാകാത്ത ഒരു അവസ്ഥയാണ്. ആ അവസ്ഥയ്ക്ക് ശുചിത്വം ആവശ്യമാണ്. അതിന് സാനിട്ടറി നാപ്കിനുകള്‍ക്കുമേല്‍ ചുമത്തിയ നികുതിയുടെ അധികഭാരം ഇറക്കി വയ്ക്കുകയാണ് വേണ്ടത്.