കൊച്ചി: ചരക്ക്-സേവന നികുതിയിൽ മൂന്നുശതമാനം സർവീസ് ചാർജ് കൂടിയതോടെ പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള പരിശീലനത്തിന് ചെലവ് കൂടും.  കലാലയങ്ങളിലെ കാന്റീൻ ഭക്ഷണം, കൺസൾട്ടൻസി പരിപാടികൾ എന്നിവയ്ക്കും നികുതി വരുന്നത് വിദ്യാർഥികളെ ബാധിക്കാനിടയുണ്ട്.
 
പ്രീ പ്രൈമറിമുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാഭ്യാസത്തെ നികുതിമുക്തമാക്കിയിട്ടുണ്ട്. ഒപ്പം സർക്കാർ അംഗീകൃത കോഴ്‌സുകൾ നടത്തുന്ന സർവകലാശാലകളെയും കലാലയങ്ങളെയും ഒഴിവാക്കി. കേരളത്തെ സംബന്ധിച്ച് എയ്ഡഡ്-അൺ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ അംഗീകൃത കോഴ്‌സുകളുടെ ഫീസിന് ജി.എസ്.ടി.കൊണ്ട് വ്യത്യാസം ഉണ്ടാകില്ല.  വിവിധ പരിശീലനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾ സേവനനികുതിയുടെ പരിധിയിലാണ്. 
 
മെഡിക്കൽ, എൻജിനീയറിങ്, മാനേജ്‌മെന്റ്, നിയമം തുടങ്ങിയ പ്രവേശനപ്പരീക്ഷാ പരിശീലനങ്ങൾക്ക് 15 ശതമാനമായിരുന്ന നികുതി 18 ആകും. പ്രമുഖ സ്ഥാപനങ്ങൾ മെഡിക്കൽ-എൻജിനീയറിങ് പരിശീലനത്തിന് ഇപ്പോൾ ചുരുങ്ങിയത് 50,000 രൂപ ഫീസ് വാങ്ങുന്നുണ്ട്. ഇവിടെ നികുതിയിനത്തിലുള്ള വർധനമാത്രം 1500 രൂപവരും. വിദേശത്തേക്ക് പോകാൻ സഹായിക്കുന്ന കോഴ്‌സുകൾ, തൊഴിൽപരിശീലന കോഴ്‌സുകൾ എന്നിവയെയും നികുതി ബാധിക്കും. പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രോജക്ടുകളുടെ നടത്തിപ്പിന് വേണ്ടിവരുന്ന കൺസൾട്ടൻസി എന്നിവയ്ക്ക് നികുതിയുണ്ടാകും.
 
10 ലക്ഷം രൂപവരെ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇപ്പോൾത്തന്നെ 15 ശതമാനം സേവന നികുതിയടയ്ക്കണമെന്നത് നിർബന്ധമാണെന്ന് ചാർട്ടേഡ് അക്കൗണ്ടന്റും പരിശീലകനുമായ ജോൺ ഡാനിയൽ പറഞ്ഞു. ചുരുങ്ങിയ പരിധി 20 ലക്ഷമാകുമെന്നതാണ് ജി.എസ്.ടി.യിലെ മാറ്റം. മൂന്നുശതമാനമാണ് നികുതികൂടുന്നതെങ്കിലും ഇൻപുട്ട് ടാക്‌സ് (നേരത്തേ ഈടാക്കിയ നികുതിക്കുള്ള ഇളവ്) കണക്കാക്കുമ്പോൾ ഇത് രണ്ടുശതമാനമായി മാറാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
 
വ്യവസ്ഥാപിത സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ഭക്ഷണത്തിനു വിലകൂടുന്നത് തിരിച്ചടിയാകുമെന്ന് കാലടി ആദിശങ്കര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ എസ്.പി. രാജേഷ് പറയുന്നു. കുട്ടികളിൽനിന്ന് അധികംവാങ്ങുന്ന തുക നികുതിയിനത്തിൽ അടയ്ക്കാൻ എല്ലാവരും തയ്യാറാകുമോയെന്ന സംശയം ന്യായമാണ്. തുക നൽകിയതിന് രസീത് വാങ്ങുന്നപക്ഷം ഇത് ഓൺലൈനിൽ സ്വയം പരിശോധിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.