മഞ്ചേരി: ഉത്പാദകർ ചരക്ക്-സേവന നികുതിപ്രകാരം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാൻ വൈകുന്നത് വിപണിയെ ബാധിക്കുന്നു. വിവിധ ബ്രാൻഡുകളിലുള്ള അരിയും പലവ്യഞ്ജനവുമടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും വിപണിയിൽ ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
 
ജി.എസ്.ടി. നിലവിൽവന്നശേഷം പാൽപ്പൊടി, ടൂത്ത് പേസ്റ്റ്, സോപ്പ്, ചോക്ലേറ്റ്, ആട്ട, കൊതുകുനശീകരണ ഉപകരണങ്ങൾ, ബൾബ് തുടങ്ങിയവയുടെ വിൽപ്പന കമ്പനികൾ തുടങ്ങിയിട്ടില്ല. പുതിയവില ഇടുന്നതിലെ കാലതാമസമാണ് ഇതിന്‌ കാരണമെന്ന് പറയുന്നു. 

ജൂൺ 20-ഓടെതന്നെ ഭൂരിഭാഗം കമ്പനികളും വിൽപ്പന നിർത്തിയിരുന്നു. മൊത്തവിതരണക്കാർ 25 കഴിഞ്ഞശേഷം സാധനങ്ങൾ ശേഖരിച്ചിട്ടില്ല. അന്നുവരെയുണ്ടായിരുന്ന സാധനങ്ങളാണ് ഇപ്പോൾ വിപണിയിലുള്ളത്. അതിനാലാണ് ക്ഷാമം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാതെയിരുന്നത്. കടകളിൽ സ്റ്റോക്ക് തീർന്നുതുടങ്ങിയതായി വ്യാപാരികൾ പറയുന്നു.

ജി.എസ്.ടി. നിലവിൽവരുന്നതിന് മുമ്പുള്ള സ്റ്റോക്ക് വിറ്റുതീർക്കുന്നത് സംബന്ധിച്ചുള്ള സംശയങ്ങൾ തീർക്കാനും മാർഗമില്ലെന്നും നേരത്തെ നികുതിയടച്ച് വാങ്ങിയ സാധനങ്ങൾക്ക് ഇനിയും നികുതി നൽകേണ്ടിവരുന്നത് പ്രായോഗികമല്ലെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.