തിരുവനന്തപുരം: ജി.എസ്.ടി.യുടെപേരിൽ ഹോട്ടൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നത് തുടരുന്നു. നികുതി ഈടാക്കാൻ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജി.എസ്.ടി.യുടെ പേരിൽ ജനത്തിൽനിന്ന് നികുതിയെന്നപേരിൽ പണം ഈടാക്കുന്നുണ്ട്. 
 
കേരളത്തിലാകെ ഏകദേശം 3500 ഹോട്ടലുകളാണ് ഉള്ളത്. ഇതിൽ 2500 എണ്ണം മാത്രമാണ് വാറ്റ് നിയമപ്രകാരം രജിസ്ട്രേഷൻ എടുത്തിരുന്നത്. ജി.എസ്.ടി. പിരിക്കാനും ഇവയ്ക്കുമാത്രമേ അർഹതയുള്ളൂ. 

രജിസ്ട്രേഷൻ ഇല്ലാത്ത ഒട്ടേറെ ഹോട്ടലുകളും നികുതിയെന്നപേരിൽ ജനങ്ങളിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതാണ് പരാതികൾ വ്യാപകമാകാൻ കാരണം. ഈ പണം ഉടമകളുടെ ലാഭത്തിലേക്കാണ് പോകുന്നത്. വിലകുറയ്ക്കുന്നതുസംബന്ധിച്ച് ഹോട്ടലുടമകളും ധനമന്ത്രിയുമായി വ്യാഴാഴ്ച ചർച്ചനടന്നില്ല. 

സാധാരണ ഹോട്ടലുകൾ അഞ്ചുശതമാനവും എ.സി.ഹോട്ടലുകൾ 10 ശതമാനവും വിലകുറച്ചശേഷമേ ജി.എസ്.ടി. ഈടാക്കാവൂ എന്ന ധനമന്ത്രിയുടെ നിർദേശം ഉടമകൾ അംഗീകരിക്കാത്തതിനാൽ കഴിഞ്ഞദിവസംനടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ടുശതമാനംമാത്രം കുറയ്ക്കാനാണ് ഹോട്ടലുടമകൾ തയ്യാറായത്.
 
വെള്ളിയാഴ്ച ചേരുന്ന എക്സിക്യുട്ടീവ് കമ്മിറ്റിയോഗത്തിനുശേഷം വീണ്ടും മന്ത്രിയെ കാണുമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു. അതുവരെ നിലവിലെ വിലയിൽ ജി.എസ്.ടി. ചുമത്തുന്നത് തുടരാനാണ് ഹോട്ടലുടമകളുടെ തീരുമാനം.