മലപ്പുറം: ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയിൽ കോഴിവിലയിൽ ഏകദേശധാരണയായിട്ടും സംസ്ഥാനത്ത്‌  വില ഇപ്പോഴും തോന്നിയപോലെ. കോഴിക്ക് 87 മുതൽ 130 വരെയും ഇറച്ചിക്ക് 157 മുതൽ 200 വരെയും വിലയീടാക്കുന്നുണ്ട്.

ജീവനുള്ള കോഴിക്ക് കിലോ 87 രൂപയും ഇറച്ചിക്ക് 158 രൂപയുമെന്നാണ് ചർച്ചയിൽ തീരുമാനിച്ചിരുന്നത്. അതോടൊപ്പം കോഴിയെ കൊണ്ടുവരുന്നതിനും മുറിക്കുന്നതിനും മാലിന്യം സംസ്കരിക്കുന്നതിനുമുള്ള ചെലവുകൂടി ചേർക്കാമെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ ഉപാധികൾ കാരണം ഫലത്തിൽ കോഴിയിറച്ചിയുടെ വില സംസ്ഥാനത്ത് പലവിധമായി. മുറിക്കുന്നതിന് പല കച്ചവടക്കാരും പല വിലയാണ് ഈടാക്കുന്നത്. 
TABLE
ഒരു കോഴിയെ മുറിച്ചു വൃത്തിയാക്കി നൽകാൻ ആറുരൂപയാണ് ഇപ്പോൾ ഈടാക്കുന്നതെന്ന് ആൾ കേരളാ ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. കുഞ്ഞോൻ പറയുന്നു. നാലു കിലോ കോഴിയെ മുറിച്ച് ഇറച്ചിയാക്കിയാൽ ഒരു കിലോയിലധികം മാലിന്യം ഉണ്ടാവും. ഇത് സംസ്കരിക്കാൻ ദൂര സ്ഥലങ്ങളിലാണ് കൊണ്ടുപോകുന്നത്. ഒരുകിലോ മാലിന്യത്തിന് ആറുരൂപ ഈടാക്കുന്നുണ്ടെന്ന് അവർ പറയുന്നു. ഈ സാഹചര്യത്തിൽ മാലിന്യസംസ്കരണത്തിനുള്ള തുകയും ഉപഭോക്താവിൽനിന്ന് ഈടാക്കേണ്ടിവരും.

തങ്ങൾക്ക് കോഴി 87 രൂപയ്ക്ക് ലഭിക്കുന്നില്ലെന്ന് ചില കടക്കാർപറയുന്നു. എന്നാൽ 87 രൂപയ്ക്കുതന്നെ കോഴിയെ നൽകുന്നുണ്ടെന്ന് ചിക്കൻ ഡീലേഴ്‌സ് അസോസിയേഷൻ അവകാശപ്പെടുന്നു. രണ്ടാഴ്ചകൂടി കഴിഞ്ഞാൽ കോഴിവിലയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ് ചിക്കൻ മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.  കർക്കടക മാസത്തോടെ തമിഴ്‌നാട്ടിൽ കോഴിയിറച്ചിക്ക് കാര്യമായ ആവശ്യക്കാരില്ലാതാവുമ്പോൾ സ്വാഭാവികമായും വിലകുറയുമെന്നും സർക്കാർ നിർദേശിച്ചതിലും കുറഞ്ഞ വിലയിൽ നൽകാനാവുമെന്നും അവർ പറയുന്നു.