കോഴിക്കോട്: ജി.എസ്.ടി. പന്ത്രണ്ടു ശതമാനമാക്കിയതോടെ ആയുർവേദ മരുന്നുകൾക്ക് വിലകൂടി. അരിഷ്ടം, ആസവം എന്നിവയെയും കഷായം ഉൾപ്പെടെയുള്ള ജനറിക് മരുന്നുകളെയുമാണ് നികുതിവർധന ഏറ്റവും കൂടുതൽ ബാധിച്ചത്.

അഞ്ചുശതമാനം വാറ്റ്  മാത്രമുണ്ടായിരുന്ന അരിഷ്ടാസവങ്ങൾക്ക് ഏഴുശതമാനവും ജനറിക് മരുന്നുകൾക്ക് അഞ്ചര ശതമാനവുമാണ് നികുതി കൂടിയത്. ഇതിനൊപ്പം സിറപ്പ്, ആയുർവേദ സോപ്പുകൾ ഉൾപ്പെടെയുള്ളവയ്ക്ക് 2.4 ശതമാനം നികുതി അധികമായി. പരസ്യംനൽകി വിൽക്കുന്ന മരുന്നുകളുടെ നികുതി മാത്രമാണ് കുറഞ്ഞത്. അത് 13-ൽ നിന്ന് 12 ശതമാനമായി. 
 
അഞ്ച് ശതമാനം വാറ്റും രണ്ടുശതമാനം കേന്ദ്ര-സംസ്ഥാന എക്സൈസ് നികുതികളുമാണ്  ആയുർവേദ മരുന്നുകൾക്കുണ്ടായിരുന്നത്. ഇതിൽത്തന്നെ കൂടുതൽ മരുന്നുകൾക്കും വാറ്റ് മാത്രമേയുള്ളൂ. ഇവിടെ ഉത്പാദിപ്പിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്ന മരുന്നുകൾക്കാണ് സെൻട്രൽ എക്സൈസ് നികുതി ചുമത്തിയിരുന്നത്. 

ആൽക്കഹോളിന്റെ അളവ് കൂടിയവയ്ക്കാണ് സംസ്ഥാന എക്സൈസ് തീരുവ. ഇതിൽത്തന്നെ പരമാവധി വിലയുടെ 35 ശതമാനം എക്സൈസ് തീരുവ ഇളവു നൽകിയിരുന്നു. അതുകൊണ്ട്  ഒന്നര ശതമാനമേ എക്സൈസ് തീരുവ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല എം.ആർ.പി.യെക്കാൾ കൂടുതൽ വിലയ്ക്ക് വിൽക്കാൻ കഴിയാത്തതിനാൽ മരുന്നു ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ തന്നെയാണ് എക്സൈസ് തീരുവയുടെ ബാധ്യത വഹിച്ചിരുന്നത്. ഉപഭോക്താക്കളിലേക്ക് എത്തിയിരുന്നില്ല. 

12 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ രോഗികൾ ഈ അധിക ബാധ്യത മുഴുവൻ വഹിക്കണം. പരമ്പരാഗത ആയുർവേദ മരുന്നുകൾക്കുൾപ്പെടെ 12 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയത് വലിയരീതിയിൽ ബാധിക്കുമെന്ന് കോട്ടക്കൽ ആര്യവൈദ്യശാല ജനറൽ മാനേജർ കെ.എസ്. മണി പറഞ്ഞു. അടുത്ത ജി.എസ്.ടി. കൗൺസിലിൽ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ഇതോടൊപ്പം ലോറി വാടക കൂടിയതും ആയുർവേദ മേഖലയെ ബാധിക്കുമെന്ന് മരുന്നുവിതരണക്കാർ പറയുന്നു. ലോറിവാടകയ്ക്കു പുറമേ 18 ശതമാനം ജി.എസ്.ടിയും നൽകണം. ഇതും അധികബാധ്യതയാണ്. 

ചെറുകിട ഏജൻസികളിൽ പലർക്കും ജി.എസ്.ടി. സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. പഴയ സ്റ്റോക്കുള്ളവർ എം.ആർ.പി. വിലയാണ് ഈടാക്കുന്നത്. വിലകൂടുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ അറിയിപ്പു കിട്ടിയിട്ടില്ലെന്ന് ഇവർ പറയുന്നു. ജി.എസ്.ടി. നടപ്പാക്കുമ്പോൾ ആയുർവേദമരുന്നുകൾക്ക് വിലകുറയുമെന്നായിരുന്നു സർക്കാർ വാദം. പക്ഷേ, വലിയ തോതിൽ വിലകൂടുകയാണുണ്ടായത്.