ലോക ജനസംഖ്യയിലെ പ്രഥമ സ്ഥാനീയരാണ് ചൈനയും ഇന്ത്യയും. ജനസംഖ്യയിലെന്നപോലെ സ്വര്‍ണ ഉപഭോഗത്തിന്റെ കാര്യത്തിലും ചൈനയും ഇന്ത്യയും തന്നെയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.  വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (ഡബ്യൂ.ജി.സി) കണക്കുകള്‍ പ്രകാരം 2015ല്‍ ലോകത്ത് ഉല്‍പാദിപ്പിക്കപ്പെട്ട സ്വര്‍ണത്തിന്റെ 29 ശതമാനവും ഉപയോഗിച്ചത് ചൈനയാണ്. 25 ശതമാനമാണ് ഇന്ത്യയുടെ ഉപഭോഗം. ഈ രണ്ടു രാജ്യങ്ങളും ചേര്‍ന്നാണ് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന സ്വര്‍ണത്തിന്റെ 50 ശതമാനത്തിലധികം ഉപയോഗിക്കുന്നത്. 

ഡബ്യൂ.ജി.സി കണക്കുകള്‍ പ്രകാരം 4,212.2 ടണ്‍ ആണ് 2015ലെ സ്വര്‍ണത്തിന്റെ ആഗോള തലത്തിലുള്ള ആവശ്യകത. ഇതില്‍ 57.3 ശതമാനവും ഉപയോഗിക്കുന്നത് ആഭരണ നിര്‍മ്മാണത്തിനാണ്. 24 ശതമാനം നിക്ഷേപങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ 14 ശതമാനം സെന്‍ട്രല്‍ ബാങ്കുകള്‍ കരുതല്‍ ശേഖരമായി ഉപയോഗിക്കുന്നു. 7 ശതമാനം സ്വര്‍ണം സാങ്കേതികവിദ്യകള്‍ക്കായി വിനിയോഗിക്കുന്നു. ഇലക്ട്രോണിക്‌സ്, ഡെന്റല്‍, മെഡിക്കല്‍ ഫീല്‍ഡുകളിലാണ് ഇത്തരത്തില്‍ സ്വര്‍ണം പ്രധാനമായും ഉപയോഗിക്കുന്നത്. 

യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം 2015ല്‍ 3,000 ടണ്‍ സ്വര്‍ണമാണ് ഖനനം ചെയ്‌തെടുത്തത്. ഉപഭോഗത്തിലെന്ന പോലെ ഉല്‍പാദനത്തില്‍ ചൈന തന്നെയാണ് മുന്നില്‍. ആകെ ഉല്‍പാദിപ്പിച്ചതിന്റെ 16 ശതമാനം സ്വര്‍ണവും സംഭാവന ചെയ്തത് ചൈനയാണ്. ഓസ്‌ട്രേലിയ, റഷ്യ, യു.എസ്, കാനഡ തുടങ്ങിയവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഈ രാജ്യങ്ങള്‍ ചേര്‍ന്നാണ് പകുതിയിലധികം സ്വര്‍ണവും ഉല്‍പാദിപ്പിക്കുന്നത്. 

ഡബ്യൂ.ജി.സിയുടെ നിഗമനം പ്രകാരം മനുഷ്യസംസ്‌കാരത്തിന്റെ തുടക്കം മുതല്‍ 1.75 ലക്ഷം കോടി സ്വര്‍ണം ഇതുവരെ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്. എന്നാല്‍ തോംസണ്‍ റോയിറ്റേഴ്‌സ് ജിഎഫ്എംഎസിന്റെ കണക്ക് ഇതില്‍ നിന്ന് ചെറിയ വ്യത്യാസമുള്ളതാണ്. അവരുടെ കണക്കുകള്‍ പ്രകാരം 1.71 ലക്ഷം ടണ്‍ സ്വര്‍ണമാണ് ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. ലോഹാവസ്ഥയില്‍ തന്നെ ഖനനം ചെയ്‌തെടുക്കാവുന്നതാണ് എന്നതാണ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഏറ്റവും സാന്ദ്രതയുള്ള ലോഹങ്ങളില്‍ ഒന്നായ സ്വര്‍ണത്തിന് സാധരണഗതിയില്‍ തേയ്മാനം സംഭവിക്കുന്നുമില്ല. ഇതാണ് ആഭരണമായും നിക്ഷേപമായും സ്വര്‍ണത്തെ പ്രയിങ്കരമാക്കി നിര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. 

വിലയിലുള്ള അനിശ്ചിതത്വമാണ് സ്വര്‍ണത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം. സ്‌റ്റോക് മാര്‍ക്കറ്റിലുണ്ടാകുന്ന മാറ്റങ്ങള്‍ വപരീതമായാണ് സ്വര്‍ണ്ണത്തെ പലപ്പോഴും ബാധിക്കുക. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ചാഞ്ചാട്ടമുണ്ടാകുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ വിപണി മെച്ചപ്പെടുമ്പോള്‍ തിരിച്ചു ഒഹരിയില്‍ തന്നെ നിക്ഷേപിക്കുന്നു.  എന്നിരുന്നാലും ദീര്‍ഘകാലത്തേയ്ക്ക് നോക്കുമ്പോള്‍ സ്വര്‍ണം ഒരു മികച്ച നിക്ഷേപമാണ്.