കോഴിക്കോട്: രാജ്യത്ത് വിൽക്കുന്ന സ്വർണത്തിന്റെ വില കേന്ദ്രസർക്കാർ നിർണയിക്കണമെന്ന് മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

സ്വർണവിലയിലെ വൈരുധ്യങ്ങൾ സ്വർണ വ്യാപാരരംഗത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവിൽ ചില സ്വർണവ്യാപാരികളുടെ അസോസിയേഷനാണ് വില നിർണയിക്കുന്നത്. ഈ വിലയാണ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും. പലപ്പോഴും ഇത് ബാങ്കിൽനിന്ന് ലഭിക്കുന്ന സ്വർണത്തിന്റെ വിലയേക്കാൾ കുറവായിരിക്കും. 

സത്യസന്ധമായും നികുതിവെട്ടിപ്പില്ലാതെയും കച്ചവടം ചെയ്യുന്നവർക്ക് ബാങ്ക് നിരക്കിനേക്കാൾ കുറഞ്ഞനിരക്കിൽ സ്വർണം വില്ക്കാനാകില്ല. ബിൽ നൽകാതെയാണ് ഇത്തരക്കാർ വില്പന നടത്തുന്നത്. ഇത് സർക്കാറിന് ലഭിക്കേണ്ട നികുതിപ്പണമാണ് നഷ്ടപ്പെടുത്തുന്നത് - അഹമ്മദ് കൂട്ടിച്ചേർത്തു.

 കുറഞ്ഞ നിരക്കിൽ അനധികൃത മാർഗങ്ങളിലൂടെ വാങ്ങുന്ന സ്വർണമാണ് വിലകുറച്ച് ആകർഷകമായ ആനുകൂല്യങ്ങൾ നൽകി ഇത്തരക്കാർ ഉപഭോക്താക്കൾക്ക് വില്ക്കുന്നത്. കള്ളക്കടത്ത് സ്വർണം കുറഞ്ഞ നിരക്കിൽ വില്ക്കുമ്പോൾ സത്യസന്ധമായി കച്ചവടം നടത്തുന്നവരെ ബാധിക്കും. യഥാർഥ നികുതിവെട്ടിപ്പിന്റെ ഒരു വിഹിതമാണ് ആനുകൂല്യമായി നൽകുന്നതെന്നും അഹമ്മദ് കൂട്ടിച്ചേർത്തു.

പത്രസമ്മേളനത്തിൽ മലബാർ ഗ്രൂപ്പ് പ്രതിനിധികളായ കെ.പി. അബ്ദുൾ സലാം, യു. അജിത്ത്കുമാർ, ഒ. അഷർ, എ.കെ. നിഷാദ് എന്നിവരും പങ്കെടുത്തു.