ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില്പന കുറഞ്ഞു വരികയാെണന്ന് കണക്കുകള്‍. 2015-16 ല്‍ ഇവിടേക്കുളള സ്വര്‍ണ ഇറക്കുമതിയില്‍ 10 ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്. 950 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലേക്ക് വന്നത്. ആഭ്യന്തര വിപണയില്‍ വില്പന കുറഞ്ഞതാണ് ഇറക്കുമതി കുറയാന്‍ കാരണം. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 1,050 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയിലേക്ക് വന്നത്.

ബാങ്ക് ഓഫ് നോവ സ്‌കോട്ടിയ, അന്തര്‍ദേശീയ വ്യാപാര കമ്പനിയായ എംഎംടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് സിന്‍ഡ് ബാങ്ക്, തനിഷ്‌ക് എന്നിവരാണ് പ്രമുഖ സ്വര്‍ണ ഇറക്കുമതിക്കാര്‍.

ഇതില്‍ എംഎംടിസിയുടെ ഇറക്കുമതി മുന്‍ വര്‍ഷത്തെ 70 ടണ്ണില്‍ നിന്ന് 2015-16 ല്‍ 50 ടണ്ണായി കുറഞ്ഞു. ഇറക്കുമതിയില്‍ ഏപ്രില്‍ മാസം മാത്രം 67.5 ശതമാനമായിരുന്നു ഇടിവ്. 19.6 ടണ്‍ സ്വര്‍ണമാണ് ഏപ്രിലില്‍ ഇറക്കുമതി ചെയ്തത്. 2015 ഏപ്രിലില്‍ ഇത് 60 ടണ്ണായിരുന്നു.

വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കവും ഇതിനെതിരെ ജ്വല്ലറി ഉടമകളുടെ പ്രതിഷേധവും സ്വര്‍ണ വില്പനയെ ബാധിച്ചു.