മോദി സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. അശോക ചക്രത്തിന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയങ്ങള്‍, ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം എന്നിവയാണവ.

ആദ്യത്തേത് രണ്ടും നിക്ഷേപ പദ്ധതികളാണെങ്കില്‍ കയ്യിലുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാന്‍ സഹായിക്കുന്നതാണ് മൂന്നാമത്തേത്.

സ്വര്‍ണം വാങ്ങി സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അശോകചക്ര നാണയം വാങ്ങാം. അല്ലാത്തവര്‍ക്ക് ഗോള്‍ഡ് ബോണ്ടും വാങ്ങാം. കാലാകാലങ്ങളില്‍ സ്വര്‍ണത്തിനുണ്ടാകുന്ന വിലയോടൊപ്പം പരമാവധി 2.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നവയാണ് ഗോള്‍ഡ് ബോണ്ട്.

സ്വര്‍ണ നേരിട്ട് വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ മികച്ച നേട്ടം നല്‍കുന്നതാണ് ബോണ്ടിലെ നിക്ഷേപം. കയ്യില്‍ സൂക്ഷിക്കുന്നതിന്റെ അപകടസാധ്യത ഒഴിവാക്കുന്നതോടൊപ്പം സ്വര്‍ണത്തിന്റെ വിലയോടൊപ്പം നിശ്ചിത നിരക്കിലുള്ള പലിശയും ലഭിക്കുമെന്നതാണ് ബോണ്ട് പദ്ധതി ആകര്‍ഷകമാക്കുന്നത്.

ഗോള്‍ഡ് ബോണ്ട്
ബോണ്ടുകള്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലാണ് പുറത്തിറക്കുക.
അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
മിനിമം നിക്ഷേപം രണ്ട് ഗ്രാം ആണ്. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം.
കാലയളവ് എട്ട് വര്‍ഷമാണ്. ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷംമുതല്‍ വിറ്റൊഴിയാം.
ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും
ആവശ്യമെങ്കില്‍ സ്‌റ്റോക്ക് എക്‌സചേഞ്ച് വഴി വിറ്റൊഴിയാം.
വായ്പയ്ക്ക് ഈടായും നല്‍കാം.

ഗോള്‍ഡ് കോയിന്‍
അശോക ചക്രവും മറുപുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ളവയാണ് ഗോള്‍ഡ് കോയിനുകള്‍. അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം ആദ്യമായാണ് ഇന്ത്യ പുറത്തിറക്കുന്നത്.

24 കാരറ്റ് പരിശുദ്ധം
ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്തത്
കൃത്രിമം ഒഴിവാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിങ്
5 ഗ്രാം, 10 ഗ്രാം 20 ഗ്രാം എന്നിങ്ങനെയാണ് വാങ്ങാന്‍ കഴിയുക
എളുപ്പത്തില്‍ പണമാക്കാം


എവിടെനിന്ന് വാങ്ങാം
ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവവഴി എളുപ്പത്തില്‍ നിക്ഷേപം നടത്താം. മെറ്റല്‍സ് ആന്റ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകള്‍വഴി കൂടുതല്‍ തൂക്കമുള്ള സ്വര്‍ണക്കട്ടികളും വാങ്ങാം.