യുടൂബ് താരങ്ങളാക്കിയ 10 ഇന്ത്യക്കാര്‍

Tanmay

1/10

യൂട്യൂബില്‍ താരമാകുക എന്ന പ്രതിഭാസം ഇന്ത്യയില്‍ പുതുമയുള്ളതാണ്. ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയും സ്മാര്‍ട്ട് ഫോണുകളുടെയും സോഷ്യല്‍ മീഡിയകളുടേയും പ്രചാരവുമെല്ലാം യൂട്യൂബില്‍ ചില താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. എ.ഐ.ബി വൈറല്‍ ഫാക്ടറി പോലുള്ള ചാനലുകള്‍ ഏറെ ജനപ്രിയമാണ്. 

കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 3.8 ലക്ഷത്തോളം വീഡിയോകള്‍ യൂട്യബില്‍ അപ് ലോഡ് ചെയ്യുന്ന 20,000 ഓളം സജീവമായ ചാനലുകള്‍ ഉണ്ട്. 948 കോടി വ്യൂവ്‌സും 1.1 പുതിയ സബ്സക്രൈബര്‍മാരും ഈ ചാനലുകള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ യൂട്യൂബില്‍ ചില താരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 

 

tanmay Bhat

2/10

തന്മയ് ഭട്ട്

ഇന്ത്യയിലെ യൂട്യൂബ് താരങ്ങളില്‍ മുമ്പന്‍. ആള്‍ ഇന്ത്യ ബക്ചോഡിന്റെ (എ.ഐ.ബി)സഹ സൃഷ്ടാവ്. 2009ലാണ് ഈ മുംബൈക്കാരന്‍ ഹാസ്യരംഗത്തേക്ക് കടക്കുന്നത്. വീര്‍ദാസ് ആരംഭിച്ച വയര്‍ഡസ് കോമഡിയുടെ ഭാഗമായിരുന്നു തന്മയ്. ദി കോമഡി സ്റ്റോറിന്റെ ഭാഗമായിരുന്ന തന്മയ് നിരവധി സ്റ്റേജ് പരിപാടികളും നടത്തിയിട്ടുണ്ട്. 

രാഗിണി എംഎംഎസ് 2 വില്‍ അതിഥി താരവുമായി എത്തിയിട്ടുണ്ട്. ഫോര്‍ബ്സിന്റെ ഏറ്റവും സമ്പന്നരായ സെലിബ്രിട്ടികളുടെ പട്ടികയില്‍ എ.ഐ.ബിയും ഇടംപിടിച്ചിരുന്നു.

Sahil Khattar

3/10

സഹില്‍ ഖട്ടര്‍

ലവ് ഗുരു എന്ന പരിപാടിയിലൂടെ തന്റെ 17ാം വയസ്സില്‍ ചാണ്ഡിഖണ്ഡിലെ മികച്ച റേഡിയോ ജോക്കി ആയിത്തീര്‍ന്നയാളാണ് സാഹില്‍ ഖട്ടര്‍. ഈ വിജയം സാഹിലിനെ ജനപ്രിയനാക്കി. 

പിന്നീട്  കള്‍ച്ചര്‍ മെഷീന്‍ എന്ന ഡിജിറ്റല്‍ മീഡിയ കമ്പനി ഒരു പരിപാടിയ്ക്ക് വേണ്ടി സാഹിലുമായി കരാറിലേര്‍പ്പെട്ടു. തെരുവുകളില്‍ ആളുകളോട് ഒരോ ചോദ്യങ്ങളുമായി ഇടപഴകുക റേഡിയോ ജോക്കിയായും അഭിയനയവും സംഭാഷണമെഴുത്തുമൊക്കെയായി ജീവിച്ചിരുന്ന സാഹില്‍ ഈ പരിപാടി അടിപൊളിയാക്കി. 

ബീയിങ് ഇന്ത്യന്‍ എന്ന യൂട്യൂാബ് ചാനലില്‍ ആഴ്ച്ചയില്‍ ഒരു വീഡിയോ വീതം ഖട്ടറിന്റേതായുണ്ട്. യൂട്യൂബില്‍ താരമായതോടെ ഇദ്ദേഹത്തെ ആളുകള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.

Buvan Bam

4/10

ഭുവന്‍ ബാം

വളര്‍ന്നുവരുന്ന യൂട്യൂബ് താരമാണ് ഭുവന്‍ ബാം. കശ്മീര്‍ പ്രളയത്തില്‍ മകനെ നഷ്ടപ്പെട്ട അമ്മയോട് സാഹചര്യം നോക്കാതെ ചോദ്യങ്ങള്‍ ചോദിച്ച ഒരു അവതാരകനെ പരിഹസിച്ചുകൊണ്ട് ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഭുവന്‍ ബാം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ഈ വീഡിയോ വൈറലായി മാറി. 

ഇത്തരം വീഡിയോകളുടെ സാധ്യത തിരിച്ചറിഞ്ഞ ഭുവന്‍ 2015 ജൂണില്‍  സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചു. ഇന്ന് ഏറെ ആരാധകരുള്ള യൂട്യബ് വ്‌ലോഗറാണ് ബാം.

Sanjay Tumma

5/10

സഞ്ജയ് തുമ്മ
മികവുറ്റ ഒരു ഷെഫാണ് സഞ്ജയ് തുമ്മ. അമേരിക്കയില്‍ സ്വന്തമായി റസ്റ്റോറന്റുകള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നാല്‍ പിന്നീട് അവയെല്ലാം വിറ്റു. സഞ്ജയ്ക്ക് തന്റേതായ ചില രുചിക്കൂട്ടുകളും വിഭവങ്ങളുമുണ്ടായിരുന്നു. ഇവയെല്ലാം ഇഷ്ടപ്പെട്ടിരുന്ന സുഹൃത്തുക്കളും ബന്ധുക്കളും ഇടക്കിടെ വിളിച്ച് സഞ്ജയോട് രുചിക്കൂട്ടുകള്‍ അന്വേഷിച്ചു തുടങ്ങി. 

അപ്പോഴാണ് അവര്‍ക്ക് വേണ്ടി ചില പാചക വീഡിയോകള്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്നതിനെ കുറിച്ച്  ആലോചിക്കുന്നത്. എന്നാല്‍ ഈ വീഡിയോകള്‍ക്ക് സഞ്ജയ്യുടെ സുഹൃദ് വലയങ്ങള്‍ക്കപ്പുറത്തേക്ക് ആരാധകരുണ്ടായി. വീഡിയോകളെല്ലാം വൈറലായി മാറി. ഇതോടെ യൂട്യൂബ് അദ്ദേഹത്തെ നേരിട്ട് വിളിച്ച് കൂടുതല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു.

2008ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സഞ്ജയ് യൂട്യൂബില്‍ നിരന്തരമായി വീഡിയോ അപ് ലോഡ് ചെയ്യാന്‍ ആരംഭിച്ചു. ഇപ്പോള്‍ സഞ്ജയും ഭാര്യയും ചേര്‍ന്നാണ് യൂട്യൂബ് പരിപാടി അവതരിപ്പിക്കുന്നത്. യൂട്യൂബില്‍ ഏറ്റവും കൂടുല്‍ പ്രേക്ഷകരുള്ള ഷെഫ് താനാണെന്നാണ് സഞ്ജയ് അവകാശപ്പെടുന്നത്.

Nisha Madhulika

6/10

നിഷ മധുലിക

വീട്ടിലെ ഏകാന്തത ഒഴിവാക്കാന്‍ വേണ്ടിയാണ് നിഷ മധുലിക യൂട്യൂബിലേക്ക് ചേക്കേറുന്നത്. ഭര്‍ത്താവിന്റെ ഐടി ബിസിനസ്സില്‍ സഹായിച്ചിരുന്ന മധുലിക അത് നിര്‍ത്തി. കുട്ടികളെല്ലാം വളര്‍ന്ന് ഒരോരോ നിലയിലെത്തി.അപ്പോഴാണ്  ഇന്റര്‍നെറ്റ് പാചകലോകത്തേക്ക് അവര്‍ കടക്കുന്നത്. 2007ല്‍ അവര്‍ ഒരു ബ്ലോഗ് ആരംഭിച്ചു. 2011ല്‍ നൂറോളം പാചകവിധികളാണ് ഇവര്‍ ഏഴുതിയത്. 

ബ്ലോഗിന് വലിയ സ്വീകാര്യത ലഭിച്ചു. ഇതിനിടെ ആരാധകര്‍ പാചക വീഡിയോകള്‍ ഇറക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അങ്ങനെ ആരാധകരുടെ ആവശ്യം മാനിച്ച് പാചക വീഡിയോകളിറക്കാന്‍ മധുലിത തീരുമാനിച്ചു. അതിന് വേണ്ടി പ്രത്യേക അടുക്കള തയ്യാറാക്കി.  വീഡിയോ എഡിറ്റിങ്ങും അപ് ലോഡിങ്ങുമെല്ലാം ഭര്‍ത്തവിന്റെ സഹായത്തോടെയായിരുന്നു.

മധുലിതയുടെ ആരാധകരുടെ എണ്ണം കൂടിവരികയാണ്.

sanam puri

7/10

സനം പുരി
യൂട്യൂബിനകത്തും പുറത്തുമായി ഏറെ ആരാധകനുള്ള ഗായകനാണ് സനം പുരി. ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് താല്‍പര്യമുണ്ടായിരുന്ന സനം 2010ലാണ് സംഗീതം കാര്യമായെടുക്കുന്നത്. ഒരു ടിവി റിയാലിറ്റി ഷോയ്ക്ക് വേണ്ടി തന്റെ സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം സനം ഒരു ബാന്‍ഡ് രൂപീകരിച്ചു. അങ്ങിനെയാണ്  എസ്.ക്യു.എസ് സുപസ്റ്റാര്‍സ് എന്ന ബാന്റിന്റെ ജനനം.

അത് പിന്നീട് എസ്.ക്യു.എസ് പ്രൊജക്റ്റ് എന്ന് പേര് മാറ്റി. 2013ല്‍ സോനുനിഗം, വിശാല്‍ ശേഖര്‍ എന്നിവരുടെ മാനേജരായി പ്രവര്‍ത്തിച്ച ബെന്‍ തോമസുമായി ഇവര്‍ കരാറൊപ്പിട്ടു. ആ വര്‍ഷം തന്നെ അവര്‍ക്ക് ഗോരി തേരെ പ്യാര്‍ മേ എന്ന ബോളിവുഡ് ചിത്രത്തിലേക്ക് അവസരവും ലഭിച്ചു.

അപ്രതീക്ഷിതമായാണ് ഇവരുടെ യൂട്യൂബ് അരങ്ങേറ്റം. ഇവര്‍ ചില ഏജന്റുമാര്‍ക്കായി തയ്യാറാക്കിയിരുന്ന വീഡിയോകള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. മാസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ഗൂഗിളില്‍ നിന്നും 800 ഡോളറിന്റെ ഒരു ചെക്ക് ലഭിച്ചു. 2014ല്‍ തങ്ങളുടെ ബ്രാന്റ് അവര്‍ പുനര്‍നാമകരണം ചെയ്തു. അങ്ങനെയാണ് കൂടുതല്‍ ആകര്‍ഷകമായ സനം എന്ന പേര് തിരഞ്ഞെടുക്കുന്നത്. യുട്യൂബ് വീഡിയോകള്‍ക്ക് പുറമേ ഒരു മാസം 15 ഓളം ലൈവ് പരിപാടികളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

Sruti Anand

8/10

ശ്രുതി ആനന്ദ്
വാഷിങ്ടണില്‍ ജോലിചെയ്യുന്ന ഒരു ടെക്കിയാണ് ശ്രുതി ആനന്ദ്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെ യൂട്യൂബ് വീഡിയോ കാണുക ശ്രുതിയുടെ പതിവാണ്. എങ്ങിനെ പാചകം ചെയ്യാം, മെയ്ക്കപ്പ്‌ ചെയ്യാം, മുടി അലങ്കരിക്കാം എന്നിങ്ങനെയുള്ള വീഡിയോകളാണ് ശ്രുതി നോക്കാറ്.

അതനുസരിച്ച് മെയ്ക്കപ്പ്‌ കിറ്റുകള്‍ വാങ്ങി സ്വയം മെയ്ക്കപ്പ്‌ ചെയ്യുകയും ചെയ്യും. എന്നാല്‍ പിന്നീടാണ് ഈ മെയ്ക്കപ്പുകളൊന്നും ഇന്ത്യന്‍ സ്‌കിന്‍ ടോണിന് ചേര്‍ന്നതല്ലെന്ന് ശ്രുതി മനസ്സിലാക്കിയത്. 2011ല്‍ ശ്രുതി സ്വന്തമായി വീഡിയോ തയ്യാറാക്കി യുട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ ആരംഭിച്ചു. ജോലി ഇടവേളകളില്‍ ആഴ്ച്ചയില്‍ ഒരിക്കലാണ് ഇത് ചെയ്തിരുന്നത്.

2013ല്‍ ശ്രുതിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങി. എങ്കിലും യൂട്യൂബ് വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നത് തുടര്‍ന്നു. ഇതോടെ  ശ്രുതിയുടെ പ്രശസ്തിയും വര്‍ധിച്ചു തുടങ്ങി. ഭര്‍ത്താവ് ജോലി ഒഴിവാക്കി ശ്രുതിക്കൊപ്പം സഹായത്തിനുണ്ട് ഇപ്പോള്‍. അഞ്ചംഗ സംഘമാണ് ശ്രുതിയുടെ വീഡിയോകള്‍ കൈകാര്യം ചെയ്യുന്നത്. ഭാവിയില്‍ സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ ഇറക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. 

Kanan Gill

9/10

കനന്‍ ഗില്‍

തമാശകളുമായി യൂട്യൂബില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കനന്‍ ഗില്‍. പഠനകാലത്ത് തന്നെ തമാശ ഗാനങ്ങളെഴുതുന്നതിനും തമാശ പരിപാടികളില്‍ പങ്കെടുക്കുന്നതിലും തല്‍പ്പരനായിരുന്നു കനന്‍. ടെലിവിഷന്‍ കോമഡി റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും പലതിലും ജേതാവാകുകയും പിന്നീട് സ്ട്രീറ്റ് ക്വിസിങ് പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു കനന്‍.

തന്മയ് ഭട്ടിനെ പോലെ ആക്ഷേപഹാസ്യ വീഡിയോകളിലൂടെയാണ് കനന്‍ യൂട്യൂബില്‍ ശ്രദ്ദേയനാകുന്നത്. ഒരു ടെക്കി ആയ കനന്‍ പുതിയ ഉദ്യമത്തിനായി ജോലി ഒഴിയാന്‍ ഒരുങ്ങുകയാണ്. 

Vikram Yadav

10/10

വിക്രം യാദവ്

2007ല്‍ മെഡിസിന് പഠിക്കുന്ന സമയത്ത് സംശയ നിവാരണത്തിനായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുക വിക്രം യാദവിന്റെ ശീലമായിരുന്നു. വിദേശ വിഗദ്ഗരുടെ പഠനങ്ങളാണ് ഇത്തരത്തില്‍ യാദവ് ആശ്രയിച്ചിരുന്നത്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ യാദവ് അവരോടുള്ള പ്രത്യുപകാരം എന്നോണം തന്റെ ഗവേഷണളും, ചികിത്സാരീതികളും പ്രതിവിദിയുമെല്ലാം വീഡിയോകള്‍ തയ്യാറാക്കി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു. 

ഒരു വിനോദമായി ചെയ്തിരുന്ന ഈ പ്രവൃത്തി പിന്നീട് യാദവ് കാര്യമായെടുത്തു.മൊറാദാബാദ് സ്വദേശിയായ യാദവിന്റെ വരുമാനമാര്‍ഗ്ഗം കൂടിയാണ് ഇപ്പോള്‍ യുട്യൂബ് വീഡിയോകള്‍. ആഴ്ച്ചയില്‍ രണ്ട് തവണയാണ് യാദവ് വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. അമേരിക്കയിലും ബ്രിട്ടനിലും ജപ്പാനിലുമൊരക്കെയുള്ള വിദേശ ഇന്ത്യക്കാരാണ് യാദവിന്റെ വിഡിയോകളുടെ പ്രധാന കാഴ്ച്ചക്കാര്‍.

തയ്യാറാക്കിയത്: ഷിനോയ് എ.കെ

 

 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented