Photo: Gettyimages
സമ്പാദിച്ച മുഴുവന്‍ തുകയും ഓഹരിയില്‍ നിക്ഷേപിക്കുന്നത് അബദ്ധമാണെന്ന് സുരേഷ് ബാബുവിന് ഇപ്പോഴാണ് മനസിലായത്. വിപണിയില്‍നിന്നുള്ള നേട്ടത്തിന്റെ നിറംപിടിപ്പിച്ച കഥകളായിരുന്നു പ്രേരണ. ഓഹരി നിക്ഷേപത്തെക്കുറിച്ചോ വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ അറിയാതെയായിരുന്നു എടുത്തുചാട്ടം. വിപണിയില്‍ ഈയിടെയുണ്ടായ തിരുത്തലില്‍ നഷ്ടംനേരിട്ടപ്പോഴാണ് ഈ പറയുന്നതൊന്നുമല്ല വാസ്തവമെന്ന് അദ്ദേഹത്തിന് ബോധ്യമായത്.
ഏറെക്കാലം വിപണി മുന്നേറ്റത്തിലായിരുന്നതിനാല് നേട്ടക്കണക്കുമാത്രമെ നിക്ഷേപകര്‍ക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്ഥിരനിക്ഷേപ പദ്ധതികളില്‍ പണമിടുന്ന ലാഘവത്തോടെയാണ് സുരേഷ് ബാബുവിനെപ്പോലെ പുതിയതായി വിപണിയിലെത്തിയവിര് ഏറെപ്പേരും ഓഹരിയില്‍ പണമിറക്കിയത്. നിശ്ചിത കാലയളവിനള്ളില് പ്രയോജനപ്പെടുത്തേണ്ട പണംപോലും ഓഹരിയില്‍ നിക്ഷേപിച്ചു. 2022ല്‍ തുടങ്ങിയ വിപണിയിലെ ചാഞ്ചാട്ടം 2023ലും തുടരാനാണ് സാധ്യത. സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നാകട്ടെ മികച്ച ആദായവും പ്രതീക്ഷിക്കാം. സ്വര്‍ണവും തരക്കേടില്ലാത്ത നേട്ടം നല്‍കുമെന്നാണ് വിലയിരുത്തല്‍.
വിവിധ നിക്ഷേപ ആസ്തികള്‍
എല്ലാപണവും ഒരിടത്തുമാത്രം നിക്ഷേപിക്കാതെ വൈവിധ്യവത്കരണത്തിലൂടെ നിക്ഷേപം ക്രമീകരിച്ച് സമ്പത്തുണ്ടാക്കുകയെന്ന തന്ത്രമാണ് 2023ലും സ്വീകരിക്കേണ്ടത്. ഇതിനായി സ്ഥിര നിക്ഷേപം, ഓഹരി, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ ആസ്തികള്‍ പരിഗണിക്കാം. ഓരോന്നിന്റെയും ഗുണങ്ങളും ദോഷങ്ങളും മനസിലാക്കി ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ ആസ്തി വിഭജനം നടത്തുകയാണ് വേണ്ടത്.
10 ലക്ഷം രൂപ കയ്യിലുണ്ടെന്നുകരുതുക. നിശ്ചിത അനുപാതത്തില്‍ വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിച്ചാല്‍ ഒന്നിലെ നഷ്ടം മറ്റേതിലെ നേട്ടത്തില്‍നിന്ന് പരിഹരിക്കാം. അതുകൊണ്ടുതന്നെ മൂന്ന് ആസ്തികളിലെങ്കിലും (സ്ഥിര നിക്ഷേപം, ഓഹരി, സ്വര്‍ണം) നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. ഓഹരിക്ക് ബദലായി പ്രതിരോധ ആസ്തിയായി സ്വര്‍ണത്തെ പരിഗണിക്കാം. ആദായം കുറവാണെങ്കിലും സ്ഥിരമായ നേട്ടം ബാങ്ക്-ഡെറ്റ് പദ്ധതികളില്‍നിന്നും ലഭിക്കും. പരസ്പര ബന്ധമില്ലാത്ത ആസ്തികള്‍ തിരഞ്ഞെടുക്കുന്നതിലൂടെ മൊത്തം നിക്ഷേപത്തിലെ റിസ്ക് കുറയ്ക്കാനും മികച്ചനേട്ടമുണ്ടാക്കാനും കഴിയും.
ആസ്തി ക്രമീകരണം
ദീര്‍ഘകാലയളവില്‍ നിക്ഷേപത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ ആസ്തി പുനക്രമീകരിക്കുകയുംവേണം. 70ഃ30 അനുപാതത്തില്‍ ഓഹരിയിലും കടപ്പത്രങ്ങളിലും 10 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക. വിപണി ഉയര്‍ന്നാലും താഴ്ന്നാലും ഈ അനുപാതം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഏത് ആസ്തിയിലാണോ വര്‍ധനവുണ്ടാകുന്നത് അതില്‍നിന്ന് അധികതുകയെടുത്ത് മറ്റ് ആസ്തിയിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടത്.
അതായത് ഓഹിരിയില്‍ 10ശതമാനം നഷ്ടവും കടപ്പത്ര വിപണിയില്‍ ഒരുശതമാനം നേട്ടമുണ്ടായാല്‍ പോര്‍ട്ട്ഫോളിയോ അനുപാതം 68ഃ32 ശതമാനത്തിലേയ്ക്കുമാറും. 70ഃ30 അനുപാതം പുനഃസ്ഥാപിക്കാനായി ഡെറ്റ് വിപണിയില്‍ അധികമായി ലഭിച്ചതുക ഓഹരിയിലേയ്ക്ക് മാറ്റാം. അതായത് കുറഞ്ഞ മൂല്യത്തില്‍ ഓഹരി വാങ്ങാനും കൂടിയ മൂല്യത്തില്‍ ഡെറ്റ് നിക്ഷേപം പിന്‍വലിക്കാനും ഇതിലൂടെ കഴിയുമെന്ന് ചുരുക്കം. മറിച്ച്, ഓഹരി വിപണി 10ശതമാനം ഉയരുകയും ഡെറ്റ് വിപണി രണ്ടുശതമാനം താഴുകയുംചെയ്താല് പോര്‍ട്ട്ഫോളിയോ അനുപാതം 72ഃ28ആകും. ഓഹരിയില്‍നിന്ന് അധികമായി ലഭിച്ചതുക ഡെറ്റിലേയ്ക്ക് മാറ്റിയാണ് ഇവിടെ അനുപാതം ക്രമീകരിക്കേണ്ടത്.
ലക്ഷ്യത്തോടടുക്കുമ്പോള്‍
ലക്ഷ്യത്തോടടുക്കുമ്പോള്‍ വിപണിയിലെ അനുകൂല സാഹചര്യം നോക്കി ഈ അനുപാതത്തില്‍ മാറ്റംവരുത്താം. ഓഹരിയില്‍നിന്ന് ലഭിച്ച മികച്ച ആദായം സ്ഥിര നിക്ഷേപ പദ്ധതികളിലേയ്ക്കുമാറ്റി മൊത്തം നിക്ഷേപവും സുരക്ഷിതമാക്കാന്‍ അതിലൂടെ കഴിയും.
സ്വന്തം വിവേചന അധികാരമുപയോഗിച്ചുവേണം ഇത്തരത്തിലുള്ള യുക്തിസഹമായ ക്രമീകരണം നടത്താന്‍. പണമുണ്ടായാല്പോരാ മികച്ച രീതിയില്‍ നിക്ഷേപിക്കാനും കഴിഞ്ഞാല്‍ അതുവരെ ലഭിച്ച വരുമാനത്തേക്കാള്‍ ഭാവിയില്‍ അതില്‍നിന്ന് നേടാന്‍ കഴിയും. ഓഹരിയില്‍ നേരിട്ടുനിക്ഷേപിക്കുന്നതിനുപകരം മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടുന്നതാകും ഉചിതം.
ശ്രദ്ധിക്കാന്‍: വിപണിയില്‍ ചാഞ്ചാട്ടം തുടരുന്ന സാഹചര്യത്തില്‍ എസ്ഐപി വഴിയുള്ള നിക്ഷേപമാണ് ഉചിതം. ദീര്‍ഘാകല ലക്ഷ്യത്തിനുള്ള ഓഹരി നിക്ഷേപം ഈ രീതിയില്‍ തുടരാം. ബാങ്ക് നിക്ഷേപം, ഡെറ്റ് സ്കീമുകള്‍ എന്നിവയില്‍നിന്ന് പുതിയ വര്‍ഷത്തില്‍ മികച്ച ആദായം പ്രതീക്ഷിക്കാം. ഈ സാധ്യതയും പ്രയോജനപ്പെടുത്താന്‍ ശ്രദ്ധിക്കുക.
antonycdavis@gmail.com
Content Highlights: Three Investment Assets to Profit in 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..