Photo: Gettyimages
നിങ്ങള്‍ക്ക് ആവശ്യത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടോ? ഉണ്ടെന്നാകും പലരുംകരുതിയിട്ടുണ്ടാകുക. എടുത്തിട്ടുള്ള പോളിസികള്‍ പരിശോധിച്ചാല്‍ വ്യക്തമാകും രണ്ടോ മൂന്നോ ലക്ഷത്തിലൊതുങ്ങുന്നതാകും അതെന്ന്.
പരിരക്ഷ എത്രതുകയ്ക്ക്?
വരുമാനദാതാവിന്റെ അഭാവത്തില്‍ ആശ്രിതര്‍ക്ക് ജീവിതകാലംമുഴുവന്‍ കഴിയാനുള്ള തുകയ്ക്കാണ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടത്. വാര്‍ഷിക വരുമാനത്തിന്റെ 10 മുതല്‍ 15 ശതമാനംവരെ ഇരട്ടിതുകയ്ക്കുള്ള പരിരക്ഷയെങ്കിലും ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. അതായത് രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ 25 ലക്ഷം രൂപയുടെയെങ്കിലും കവറേജ് ഉറപ്പുവരുത്തിയിരിക്കണം.
ടേം പ്ലാന്‍
കുറഞ്ഞ ചെലവില്‍ കൂടുതല്‍ തുകയ്ക്കുള്ള പരിരക്ഷ ഉറപ്പുവരുത്താന്‍ യോജിച്ചത് ടേം പ്ലാനാണ്. ജോലി കിട്ടിയ സമയത്ത് നാട്ടിലെത്തിയപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളുമായ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ പോളിസിയെടുക്കാന്‍ സൂസന്‍ ജോര്‍ജിനെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചിരുന്നു.
അവര്‍ മുന്നോട്ടുവെച്ചത് എന്‍ഡോവ്‌മെന്റ് പ്ലാനുകളും മണി ബായ്ക്ക് പോളിസികളും യുലിപുകളുമാണ്. ഇവയില്‍നിന്നൊന്നും ആവശ്യത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് മനസിലാക്കിയ സൂസന്‍ ബാംഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു.
നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്തിയുള്ള പോളിസികള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം പോളിസികളില്‍നിന്ന് കൂടിയതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാന്‍ വന്‍തുക പ്രീമിയമായി അടയ്‌ക്കേണ്ടിവരും.
പ്രീമിയം എത്രവരും
എല്‍ഐസിയുടെ ടെക് ടേം ഓണ്‍ലൈന്‍ ടേം പ്ലാനിലെ മിനിമം ലൈഫ് കവര്‍ 50 ലക്ഷം രൂപയാണ്. 35 വയസ്സുള്ള ഒരാള്‍ക്ക് ഇതിനായി വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടിവരുന്നത് ശരാശരി 7,434 രൂപയാണ്.
എച്ച്ഡിഎഫ്‌സിയുടെ ക്ലിക്ക് ടു പ്രൊട്ടക്ട് 3ഡി പ്ലസില്‍ സമാനമായ കവറേജിന് 7,405 രൂപയാണ് വാര്‍ഷിക പ്രീമിയം. ഐസിഐസിഐ പ്രൂഡന്‍ഷ്യലിന്റെ ഐ പ്രൊട്ടക്ടിന് 6,006 രൂപയുമാണ് അടയ്‌ക്കേണ്ടിവരിക.
ഓഫ്‌ലൈനില്‍ കുറഞ്ഞ പരിരക്ഷയുള്ള പ്ലാനുകളുണ്ട്. 25 ലക്ഷം രൂപയുടെ കവറേജ് നല്‍കുന്ന ജീവന്‍ അമര്‍ പ്ലാനിന് 6136 രൂപയാണ് പ്രീമിയം. ആറുലക്ഷം രൂപ മിനിമം കവറേജ് നല്‍കുന്ന ജീവന്‍ അന്‍മോള്‍(2)പ്ലാനിന് 3,476രൂപയുമാണ് നല്‍കേണ്ടിവരിക.
അടിസ്ഥാന ടേം പ്ലാനിനൊപ്പം കുറഞ്ഞ ചെലവില്‍ റൈഡറുകളും ചേര്‍ക്കാന്‍ കഴിയും. അപകടമരണമാണ് അതില്‍ പ്രധാനം.
ഏങ്ങനെ ചേരും?
ഓണ്‍ലൈനായും ഓഫ്‌ലൈനായും ടേം പ്ലാനില്‍ ചേരാന്‍ അവസരമുണ്ട്. ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കേണ്ടാത്തതിനാല്‍ ഓണ്‍ലൈന്‍ പ്ലാനുകള്‍ക്ക് പ്രീമിയം കുറവാണ്.
കുറഞ്ഞ വരുമാനക്കാര്‍ക്ക്
പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജനയില്‍ വാര്‍ഷിക പ്രീമിയമായി 330 രൂപ അടച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.
അപകടമരണത്തിനും ഡിസെബിലിറ്റിക്കും പ്രധാന്‍ മന്ത്രി സുരക്ഷാ ഭീമ യോജനയില്‍ വര്‍ഷം 12 രൂപ പ്രീമിയം അടച്ചാല്‍മതി. രണ്ടു ലക്ഷം രൂപവരെ കവറേജ് ലഭിക്കും. ഈ രണ്ട് പ്ലാനുകളും നെറ്റ് ബാങ്കിങ് വഴി ചേരാം.
ജന്‍ധന്‍ യോജന പ്രകാരം ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡിനൊപ്പം അപകട മരണത്തിനും ഡിസെബിലിറ്റിക്കും രണ്ടുലക്ഷം രൂപവരെ പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രീമിയമൊന്നും നല്‍കേണ്ടതുമില്ല.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍:
ഇതൊരു നിക്ഷേപ പദ്ധതിയല്ലാത്തതിനാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പണമൊന്നും തിരികെ ലഭിക്കില്ല. അടച്ചതുക തിരികെ നല്‍കുന്ന പോളിസികള്‍ക്ക് കൂടിയ നിരക്കില്‍ പ്രീമിയം നല്‍കേണ്ടിവരും.
ടേം പ്ലാനെടുക്കുമ്പോള്‍
പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ വാര്‍ഷിക പ്രീമിയവും ക്ലെയിം സെറ്റില്‍മെന്റ് റേഷ്യോയും പരിഗണിക്കണം. ക്ലയിം സെറ്റില്‍മെന്റ് റേഷ്യോ കുറവാണെങ്കില്‍ അതിനര്‍ഥം വലിയതോതില്‍ ക്ലെയിം നിരസിച്ചുവെന്നാണ്.
antonycdavis@gmail.com
ഗൃഹലക്ഷ്മിയിലെ മണി ടൂ കോളത്തില്‍ പ്രസിദ്ധീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..