രേഖാചിത്രം: വിജേഷ് വിശ്വം
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശയില്‍ വീണ്ടും വര്‍ധന ഉറപ്പായി. പ്രത്യേകിച്ച് ഫ്ളോട്ടിങ് നിരക്ക് അടിസ്ഥാനമാക്കി ഭവന വായ്പയെടുത്തവര്‍ക്ക്. കാലാവധി ദീര്‍ഘിപ്പിച്ച് ഇഎംഐ നിലനിര്‍ത്തല്‍ ഇനി പ്രായോഗികമാവില്ല. ഡിസംബറിലെ 0.35 ശതമാനമടക്കം പണപ്പെരുപ്പത്തെ ചെറുക്കുന്നതിന് ഏഴു മാസത്തിനിടെ 2.25ശതമാനമാണ് റിപ്പോ നിരക്ക കൂട്ടിയത്. ബാങ്കുകളില്‍ ഇതിനകം വായ്പാ പലിശയില്‍ രണ്ടു ശതമാനത്തോളം വര്‍ധന വരുത്തിക്കഴിഞ്ഞു.
മാര്‍ജിനല്‍ കോസ്റ്റ്, റിപ്പോ നിരക്ക് എന്നിവ അടിസ്ഥാനമാക്കി(ഫ്ളോട്ടിങ് നിരക്ക്)യുള്ള വായ്പകളില്‍ പലിശ ഉയരുമ്പോള്‍ ബാങ്കുകള്‍ ഇഎംഐ കൂട്ടുന്നതിനുപകരം കാലാവധി വര്‍ധിപ്പിക്കാനാണ് താല്പര്യപ്പെടുന്നത്. മെയ് മാസത്തിനുശേഷം വായ്പാ പലിശയില്‍ കാര്യമായ കുതിപ്പുണ്ടായ സാഹചര്യത്തില്‍ പ്രതിമാസ തിരിച്ചടവ് തുകയോടൊപ്പം കാലാവധിയും വര്‍ധിക്കുമെന്ന് ഉറപ്പായി.
ബാധ്യത കണക്കാക്കാം
2022 മാര്‍ച്ചില്‍ 6.95ശതമാനം പലിശ നിരക്കില്‍ 20 വര്‍ഷത്തേയ്ക്ക് 30 ലക്ഷം രൂപ വായ്പയെടുത്തുവെന്ന് കരുതുക. ആ സമയത്ത് 23,169 രൂപയായിരുന്നു പ്രതിമാസം തിരിച്ചടക്കേണ്ടിയിരുന്നത്. ഏഴ് മാസത്തിനിടെ റിപ്പോ നിരക്ക് 1.90ശതമാനം ഉയര്‍ന്നതോടെ വായ്പയുടെ നിലവിലെ പലിശ 8.85 ശതമാനമായി. ഇതോടെ ഇഎംഐ 26,703 രൂപയി. ഇത്തവണത്തെ 0.35ശതമാനംകൂടി ചേരുമ്പോള്‍ പലിശ 9.20ശതമാനമായി ഉയരും. തിരിച്ചടവ് തുകയാകട്ടെ 27,379 രൂപയുമാകും. വായ്പയുടെ തിരിച്ചടവിനായി പ്രതിമാസം 4,210 രൂപ അധികമായി കണ്ടെത്തേണ്ട സാഹചര്യം.
പലിശയുടെ ആഘാതം കുറയ്ക്കാനായി ബാങ്കുകള്‍ സാധാരണയായി ഇഎംഐ തുക കൂട്ടാതെ കാലാവധി വര്‍ധിപ്പിക്കുകയാണ് ചെയ്യുക. നിലവിലെ സാഹചര്യത്തില്‍ പ്രായപരിധി ഉള്‍പ്പടെയുള്ളവ കണക്കിലെടുത്ത് കാലാവധി കൂട്ടുന്നതോടൊപ്പം തിരിച്ചടുവ് തുകയും വര്‍ധിപ്പിക്കേണ്ടിവരും. ഇതിനകം കാലാവധി ദീര്‍ഘിപ്പിച്ച് താല്‍ക്കാലികമായി ബാധ്യത കുറച്ചവര്‍ക്ക് പലിശ നിരക്കില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കാമെന്ന് ചരുക്കും.
പ്രായപരിധി
മിക്കവാറും ബാങ്കുകളുടെ വായ്പാ തിരിച്ചടവ് കാലാവധി 60 വയസ്സുവരെയാകും നിശ്ചയിച്ചിട്ടുണ്ടാകുക. നിരക്ക് വര്‍ധന മൂലമുള്ള കാലാവധി നീട്ടുന്നത് അതിനപ്പുറത്തേയ്ക്ക് പോകുകയാണെങ്കില്‍ തിരിച്ചടവ് തുക വര്‍ധിപ്പിക്കാനാകും ബാങ്കുകള്‍ തയ്യാറാകുക. പലിശ വര്‍ധിപ്പിച്ചിട്ടും പ്രതിമാസ തിരിച്ചടവ് തുക ഇതിനകം കൂട്ടിയിട്ടില്ലെങ്കില്‍ ഭവന വായ്പയുടെ കാലാവധിയില്‍ എട്ടുവര്‍ഷമെങ്കിലും വര്ധനയുണ്ടായിട്ടുണ്ടാകും. നിലവിലെ വര്‍ധനകൂടി പ്രാബല്യത്തിലാകുമ്പോള്‍ ഇത് 10 വര്‍ഷംവരെയാകാം. കുറഞ്ഞ കാലയളവില്‍ വായ്പയെടുത്തവര്‍ക്കും പ്രായം കുറഞ്ഞവര്‍ക്കും കാലയളവ് വര്‍ധിപ്പിക്കുന്നതിന് തടസ്സമില്ലെങ്കിലും തിരിച്ചടവ് തുക കുറച്ചെങ്കിലും വര്ധിപ്പിക്കാതിരിക്കാനാവില്ല.
Also Read
നിരക്ക് ഇനിയും കൂടുമോ ?
ഏഴ് മാസത്തിനിടെ നിരക്ക് 2.25ശതമാനം വര്‍ധിപ്പിച്ചുകഴിഞ്ഞു. പണപ്പെരുപ്പം കുറയുന്ന സൂചനയുണ്ടെങ്കിലും അടുത്ത ഫെബ്രുവരിയില്‍ നേരിയതോതിലെങ്കിലും വര്‍ധന അനിവാര്യമായി വന്നേക്കാമെന്നും വിലയിരുത്തലുണ്ട്. 0.25 ശതമാനംകൂടി വര്‍ധന വരുത്തിയാല്‍ റിപ്പോ 6.50ശതമാനമാകും. ഉത്പന്നങ്ങളുടെ വില കുറയുന്നതും അസംസ്കൃത എണ്ണവിലയിലെ ഇടിവും എത്രകാലം നിലനില്‍ക്കുമെന്നതിലാണ് കാര്യം. അനുകൂലമാകുകയാണെങ്കില്‍ നിരക്ക് വര്‍ധനവിന്റെ വേഗംകുറയ്ക്കാന്‍ ആര്‍ബിഐക്ക് ആത്മവിശ്വാസം നല്‍കും. നേരത്തെയുള്ള വര്‍ധനവിന്റെ ആഘാതം വിലയിരുത്താനെങ്കിലും സാവകാശം ലഭിക്കും.
Content Highlights: Tenure extension is not practical: Increase in the loan repayment amount can be expected
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..