Image: Gettyimages
രണ്ടുവര്‍ഷമായി സ്വര്‍ണത്തിന്റെ പ്രകടനം ശരിക്കും കണ്ണഞ്ചിക്കുന്നതാണ്. അനിശ്ചിതത്വത്തിന്റേയും ആശയക്കുഴപ്പത്തിന്റേതുമായ ഇക്കാലത്ത് സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം മാത്രമല്ല, മറ്റുള്ള നിക്ഷേപങ്ങളെമറികടന്ന് പ്രകടനം നടത്തുന്ന ഒരു ആസ്തി കൂടിയാണെന്നു തെളിയിച്ചിരിക്കുന്നു.
റെക്കാഡ് ഉയരങ്ങളിലേക്കുള്ള സ്വര്‍ണത്തിന്റെ കുതിപ്പ് ശ്രദ്ധേയമായൊരു വാര്‍ത്തയായിരുന്നു, പ്രത്യേകിച്ച് സ്വര്‍ണ പ്രേമികളുടെ നാടായ ഇന്ത്യയില്‍. എന്നാല്‍ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം പണം നിക്ഷേപിക്കുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യത്യസ്ത ആസ്തി വര്‍ഗങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കണം.
മികച്ചരീതിയില്‍ വൈവിധ്യം പുലര്‍ത്തുന്ന പോര്‍ട്ഫോളിയോ സൃഷ്ടിക്കുകയെന്നത് പ്രധാനമാണ്. ഇതില്‍ സ്വര്‍ണം തീര്‍ച്ചയായും ഒരു അവിഭാജ്യ ഘടകമായിരിക്കണം. എല്ലാ മുട്ടകളും സ്വര്‍ണക്കുട്ടയില്‍ നിക്ഷേപിക്കുന്നത് അവിവേകമായിരിക്കും. സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കണം നിക്ഷേപത്തിന് ആസ്തികള്‍ തെരഞ്ഞെടുക്കേണ്ടത്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചേടത്തോളം മികച്ച പ്രകടനം നടത്തുന്ന ആസ്തികള്‍ക്കായിരിക്കണം പ്രാമുഖ്യം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ആസ്തി
ആഗോള തലത്തില്‍, വിരളമായ അപവാദങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ദീര്‍ഘകാലത്തേക്ക് ഏറ്റവും മികച്ച ആസ്തിവര്‍ഗം എന്നും ഓഹരികള്‍ തന്നെയായിരുന്നു. 30 വര്‍ഷത്തേക്കായാലും 50 വര്‍ഷത്തേക്കായാലും 100 വര്‍ഷത്തേക്കായാലും ഇതുതന്നെ സ്ഥിതി. ഇന്ത്യയെപ്പോലൊരു വികസ്വര വിപണിയില്‍ സ്വര്‍ണം എന്നും നല്ലലാഭം നല്‍കിയിട്ടുണ്ട്. ആഗോള സ്വര്‍ണവിലയില്‍ മാറ്റമില്ലാതിരുന്നപ്പോഴും രൂപയുടെ മൂല്യശോഷണം കാരണം സ്വര്‍ണത്തില്‍നിന്ന് നമുക്കുനല്ലലാഭം ലഭിച്ചു.
ഇങ്ങിനെയൊക്കെയാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്തുന്ന ആസ്തി സ്വര്‍ണമല്ല, ഓഹരി തന്നെയാണ്. താഴെ കാണുന്ന പട്ടികയില്‍നിന്ന് സ്വര്‍ണം, ബാങ്ക് സ്ഥിര നിക്ഷേപം, പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, ഓഹരി എന്നീ ആസ്തികളുടെ ആപേക്ഷിക പ്രകടനം വ്യക്തമാണ്.
1979 ഏപ്രില്‍ ഒന്നിന് ബാങ്ക് സ്ഥിര നിക്ഷേപത്തിലും പബ്ളിക് പ്രൊവിഡന്റ് ഫണ്ടിലും 1000 രൂപ നിക്ഷേപിച്ചതായി കണക്കാക്കുന്നു. 1980 ഏപ്രില്‍ ഒന്നിന് സെന്‍സെക്സ് 100 ആയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വ്യത്യസ്ത ആസ്തികളുടെ മൂല്യവര്‍ധനയിലുണ്ടായിട്ടുള്ള വ്യത്യാസം ശ്രദ്ധിക്കുക.
1981 മുതല്‍ 2020 വരെ സ്വര്‍ണം, എഫ്ഡി, പിപിഎഫ്, സെന്‍സെക്സ് എന്നിവ നല്‍കിയ ലാഭം
RETURN FROM DIFFERENT ASSETS | |||||||
Date | Gold* | FD | PPF | Sensex | |||
31-3-1981 | 1670 | 1085 | 1085 | 173 | |||
31-3-1985 | 2130 | 1532 | 1525 | 354 | |||
31-3-1990 | 3200 | 2422 | 2639 | 718 | |||
31-3-1995 | 4680 | 4044 | 4650 | 3261 | |||
31-3-2000 | 4380 | 6844 | 8195 | 5001 | |||
31-3-2005 | 6180 | 9571 | 12322 | 6491 | |||
31-3-2010 | 16320 | 14026 | 18105 | 17590 | |||
31-3-2015 | 26220 | 21075 | 27097 | 27957 | |||
31-3-2020 | 43251 | 29668 | 39671 | 29468 | |||
Average annual Return (%) | 8.7% | 8.85% | 9.67% | 14.08% | |||
*value per 10 gram. അവലംബം : Hand book of Statistics on Indian Economy, RBI. ഈ 40 വര്‍ഷക്കാലത്തെ ശരാശരി നാണയപ്പെരുപ്പം 6.69 ശതമാനമായിരുന്നു. |
1980 മുതല്‍ 2020 വരെയുള്ള എല്ലാ പഞ്ചവത്സരങ്ങളിലും സെന്‍സെക്സ് ലാഭംനല്‍കി. എന്നാല്‍ 2000 മുതല്‍ 2005 വരെ അതിന്റെ പ്രകടനം താഴ്ന്നനിലവാരത്തിലായിരുന്നു. 1990 മുതല്‍ 95 വരെയുള്ള കാലയളവില്‍ സെന്‍സെക്സ് 400 ശതമാനത്തിലധികം ലാഭം നല്‍കി. 2005 മുതല്‍ 2010 വരെയുള്ള അഞ്ചു വര്‍ഷം ഇത് 250 ശതമാനത്തിലധികമായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ ദീര്‍ഘകാല പ്രകടനമാണ് പ്രാധാന്യമര്‍ഹിക്കുന്നത്. 40 വര്‍ഷത്തിനടുത്ത കാലയളവു പരിശോധിക്കുമ്പോള്‍ പ്രതിവര്‍ഷം ശരാശരി 14.08 ശതമാനം ലാഭവുമായി സെന്‍സെക്സ് ആണ് ജേതാവ്. പ്രൊവിഡന്റ് ഫണ്ട് 9.67 ശതമാനവും ബാങ്ക് സ്ഥിര നിക്ഷേപം 8.85 ശതമാനവും സ്വര്‍ണം 8.7 ശതമാനവുമാണ് ലാഭം നല്‍കിയത്.
ധനകാര്യ ചരിത്രത്തില്‍ നിന്നുള്ള ഈ പാഠത്തിനു വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകര്‍ അവരവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുയോജ്യമായ ആസ്തികള്‍ അടങ്ങുന്ന പോര്‍ട്ഫോളിയോ നിര്‍മ്മിക്കുകയാണുവേണ്ടത്. ദീര്‍ഘകാല ലക്ഷ്യങ്ങളുള്ള യുവ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഏറ്റവും ലാഭകരമായ ആസ്തി ഓഹരി തന്നെയാണ്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..