പൊതുമേഖലാ ബാങ്കുകളിൽ ചിലത് സ്വകാര്യവത്കരിക്കുന്നു?


പരിഗണനയിലുള്ളത് ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ

മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ ചിലത് സ്വകാര്യവത്കരിക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതിനായി പരിഗണിക്കുന്നത്.

രാജ്യത്തെ ബാങ്കുകളെ ശക്തിപ്പെടുത്താനായി 1969-ൽ തുടങ്ങിയ ദേശസാത്കരണനടപടികളിൽനിന്ന് സർക്കാർ പിന്നാക്കംപോകുന്നതിന്‍റെ ആദ്യപടിയാണിത്. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിന് തുടർച്ചയായി നികുതിപ്പണം ചെലവഴിക്കുന്നതിനുപകരം ദീർഘകാലാടിസ്ഥാനത്തിൽ സ്വകാര്യമൂലധനനിക്ഷേപം കൊണ്ടുവരുന്നതിന് നീതി ആയോഗാണ് നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ ഉന്നതതലത്തിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായി സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.

ലയനശേഷം നിലവിൽ രാജ്യത്ത് 12 പൊതുമേഖലാബാങ്കുകളാണുള്ളത്. അഞ്ചുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ മൂലധനസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ മൂന്നുലക്ഷംകോടി രൂപയിലധികമാണ് ചെലവഴിച്ചത്. പൊതുമേഖലാ ആസ്തികൾ വിറ്റഴിച്ചതിലൂടെ ലഭിച്ചതിന് സമാനമാണിത്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ വരുംനാളുകളിൽ കൂടുതൽ മൂലധനം ബാങ്കുകൾക്ക് കണ്ടെത്തിനൽകേണ്ട സ്ഥിതിയുമുണ്ട്. ക്രെഡിറ്റ് സൂസിന്‍റെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകൾക്ക് ഒന്നരലക്ഷംകോടി രൂപ മൂലധനമായി ലഭ്യമാക്കേണ്ടിവരുമെന്ന്‌ പറയുന്നു.

2019 ജനുവരിവരെ 11 പൊതുമേഖലാ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തി ഗണ്യമായി കൂടിയതിനാൽ വായ്പകൾ നൽകുന്നത് നിർത്തിവെച്ച് റിസർവ് ബാങ്കിന്‍റെ തിരുത്തൽനടപടികൾ നേരിട്ടുവരികയായിരുന്നു. ഇതിൽ അഞ്ചെണ്ണം വീണ്ടും വായ്പകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുന്നതെന്നാണ് വിവരം. ഇതിനുപുറമേ തിരഞ്ഞെടുത്ത വ്യവസായഗ്രൂപ്പുകൾക്ക് ബാങ്കിങ് ലൈസൻസ് നൽകണമെന്നും അങ്ങനെ ലൈസൻസ് നൽകുന്പോൾ ആ ഗ്രൂപ്പിൽ ഉൾപ്പെട്ട കന്പനികൾക്ക് ബാങ്ക് വായ്പ നൽകരുതെന്ന നിബന്ധന കൊണ്ടുവരണമെന്നും നീതി ആയോഗ് നിർദേശിച്ചിട്ടുണ്ട്.

ഈ മൂന്നുബാങ്കും നിലവിലെ ലയനനീക്കങ്ങളിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ ബാങ്ക് ലയനങ്ങൾ അടുത്തുണ്ടാവില്ലെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. രാജ്യത്തെ തന്ത്രപ്രധാന മേഖലകൾ ഉൾപ്പെടെ എല്ലാരംഗത്തും സ്വകാര്യവത്കരണം കൊണ്ടുവരുമെന്ന് കോവിഡ് ഉത്തേജകപാക്കേജ് പ്രഖ്യാപിക്കുന്നതിനിടെ ധനമന്ത്രി സൂചിപ്പിച്ചിരുന്നു. ഓരോ മേഖലയിലും നാലിലധികം കന്പനികൾ പൊതുമേഖലയിൽ ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചർച്ചകൾ നടന്നെങ്കിലും ബാങ്ക് സ്വകാര്യവത്കരണകാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ലെന്നാണ് സൂചന. സ്വകാര്യവത്കരണം നടപ്പാക്കണമെങ്കിൽ പാർലമെൻറിൽ ബാങ്ക് ദേശസാത്കരണനിയമം ഭേദഗതിചെയ്യേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഇത് എളുപ്പമല്ല. സമൂഹത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പും ഉണ്ടായേക്കാം. നേരത്തേ പൊതുമേഖലയിലുണ്ടായിരുന്ന ഐ.ഡി.ബി.ഐ. ബാങ്കിനെ എൽ.ഐ.സി.യെക്കൊണ്ട് ഏറ്റെടുപ്പിച്ചിരുന്നു. ഇതിൽ സർക്കാരിന് 46.5 ശതമാനം ഓഹരികൾ ഇപ്പോഴുമുണ്ട്. ബാങ്കിന്‍റെ നിയന്ത്രണം എൽ.ഐ.സി.യുടെ കൈവശമായതിനാൽ പാർലമെൻറിന്‍റെ അംഗീകാരമില്ലാതെത്തന്നെ ഇതിലെ അവശേഷിക്കുന്ന ഓഹരികൾ സർക്കാരിന് വിൽക്കാനാകും. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 87.01 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 91 ശതമാനവും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 79.62 ശതമാനവും ഓഹരിയാണ് സർക്കാരിനുള്ളത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023

Most Commented