Photo: Gettyimages
പി.പി.എഫ്, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം, സുകന്യ സമൃദ്ധി തുടങ്ങിയ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ഉടനെ ഉയര്‍ത്തുമോ? ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ ഒമ്പതു ശതമാനംവരെ കൂട്ടിയ സാഹചര്യത്തില്‍ ഇനിയും ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനാവില്ല.
റിസര്‍വ് ബാങ്ക് 2.25ശതമാനം നിരക്ക് ഉയര്‍ത്തിയിട്ടും അതിന് ആനുപാതികമായി പലിശയില്‍ വര്‍ധനയുണ്ടായിട്ടില്ല. 2022 മെയ് മുതല്‍ തുടര്‍ച്ചയായി ബാങ്ക് നിക്ഷേപ പലിശ കൂടുകയാണ്. സെപ്റ്റംബര്‍ പാദത്തില്‍ മാത്രമാണ് ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ നാമമാത്ര വര്‍ധനവരുത്താന്‍ തയ്യാറായത്. 10 മുതല്‍ 30 ബേസിസിന്റെ വര്‍ധനവാണ് വിവിധ പദ്ധതികളുടെ പലിശയിലുണ്ടായത്.
പലിശ നിര്‍ണയം ഇങ്ങനെ
കോവിഡ് വ്യാപനത്തെതുടര്‍ന്ന് പലിശ നിരക്കുകള്‍ കുറച്ചപ്പോള്‍ ഈ സ്‌കീമുകളുടെ ആദായം 20 വര്‍ഷത്തിനിടയിലെ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ ആദായവുമായി ബന്ധിപ്പിച്ച് മൂന്നു മാസം കൂടുമ്പോഴാണ് നിശ്ചയിക്കുന്നതെങ്കിലും ആ വ്യവസ്ഥയും കുറച്ചുകാലമായി പിന്തുടരുന്നതായി കാണുന്നില്ല. 44-77 ബേസിസ് പോയന്റുവരെ വര്‍ധനവ് ഉണ്ടാകേണ്ടതാണെന്ന് ആര്‍ബിഐ ബുള്ളറ്റിനില്‍ പറയുന്നു.
ഇതുപ്രകാരം മൂന്നുവര്‍ഷത്തെ ടേം ഡെപ്പോസിറ്റിനും അഞ്ചുവര്‍ഷത്തെ ആവര്‍ത്തന നിക്ഷേപത്തിനും 6.57 ശതമാനമെങ്കിലും പലിശ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ 5.8ശതമാനമാണ്. ജനകീയ പദ്ധതികളായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.72 ശതമാനവും സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന് 8.04ശതമാനവും സുകന്യ സമൃദ്ധിക്ക് 8.22ശതമാനവും പലിശയാണ് ലഭിക്കേണ്ടത്. നിലവില്‍ ഈ പദ്ധതികള്‍ക്ക് യഥാക്രമം 0.62 ശതമാനം, 0.44ശതമാനം, 0.62ശതമാനം കുറവ് ആദായമാണ് നല്‍കുന്നത്.
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 15 വര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ ആദായം 7.47 ശതമാനമായിരുന്നു. ഡിസംബര്‍ 23 ലെ കണക്കുപ്രകാരം 7.50ശതമാനമായി ആദായം ഉയര്‍ന്നു. ഇതു പ്രകാരം സമാന കാലയളവുള്ള നിക്ഷേപ പദ്ധതിയായ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് 7.75ശതമാനമെങ്കിലും പലിശ നല്‍കേണ്ടതാണ്. അഞ്ചു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിന്റെ ആദായം കണക്കാക്കാന്‍ പരിഗണിക്കുന്ന സമാന കാലയളവിലെ സര്‍ക്കാര്‍ കടപ്പത്ര ആദായവും ഉയര്‍ന്ന നിലയില്‍ തന്നെയാണുള്ളത്. നേരത്തെ വര്‍ഷത്തിലൊരിക്കലായിരുന്നു ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ പരിഷ്‌കരിച്ചിരുന്നത്. ഉയര്‍ന്ന ആദായമാണ് ഇത്തരം പദ്ധതികള്‍ക്കുള്ളതെന്ന ബാങ്കുകളുടെ പരാതിയെതുടര്‍ന്നാണ് പലിശ കുറച്ചതും വര്‍ഷത്തില്‍ മൂന്നുതവണ പരിഷ്‌കരിക്കുന്ന രീതി കൊണ്ടുവന്നതും.

പലിശ വര്‍ധന പ്രതീക്ഷിക്കാമോ?
ജനുവരിയില്‍ തുടങ്ങുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ പാദത്തില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ തരക്കേടില്ലാത്ത വര്‍ധന പ്രതീക്ഷിക്കാം. വിവിധ സ്‌കീമുകളില്‍ അര ശതമാനം മുതല്‍ ഒരു ശതമാനംവരെ വര്‍ധനവുണ്ടാകാം. ഡിസംബര്‍ അവസാന ആഴ്ചയില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കും.
Content Highlights: Small savings scheme interest rate hike
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..