investment

ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടി ചിട്ടയായി നിക്ഷേപിച്ച് ധനം സമാഹരിക്കാന്‍ മികച്ചവയാണ്  മ്യൂച്വല്‍ ഫണ്ടുകള്‍. 

2400ലേറെ മ്യച്വല്‍ ഫണ്ട് സ്‌കീമുകള്‍ വിപണിയിലുള്ളപ്പോള്‍ അവയില്‍ മികച്ചത് കണ്ടെത്തി നിക്ഷേപിക്കുകയെന്നത് സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം ബാലികേറാമലയാണ്.

ഫണ്ട് വിതരണക്കാര്‍ പറയുന്നത് അതേപടി അനുസരിച്ച് ന്യൂ ഫണ്ട് ഓഫറുകളിലും സെക്ടര്‍ ഫണ്ടുകളിലും പണം നിക്ഷേപിച്ച് നിരാശരായവരും ഏറെയാണ്. വിതരണക്കാരുടെ ഉപദേശം മാത്രം കേട്ട് നിക്ഷേപ പദ്ധതികളിയേക്ക് എടുത്തുചാടാതിരിക്കുകയാണ് ഉചിതം.

പകരം നിക്ഷേപിക്കാനുദ്ദേശിക്കുന്ന സ്‌കീമുകളെക്കുറിച്ച് വിശദമായി പഠിക്കുക. ഫണ്ടുകളെക്കുറിച്ച് അറിയാന്‍ പുസ്തകങ്ങളെയും വെബ്‌സൈറ്റുകളെയും ആശ്രയിക്കുക. മാതൃഭൂമിഡോട്ട്‌കോമിലെ മണി വിഭാഗത്തില്‍ മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് വിശദമായിതന്നെ നല്‍കിവരുന്നുണ്ട്. 

സ്ഥിരമായി ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുകയും ചെറിയ ചലനങ്ങള്‍പോലും മനസിലാക്കുകയും ചെയ്താല്‍ നിഷ്പ്രയാസം മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള അറിവ് ലഭിക്കും.  

ഫണ്ടുകള്‍
ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, ടാക്‌സ് സേവിങ് ഫണ്ട്, സെക്ടര്‍ ഫണ്ട് എന്നിങ്ങനെ ഓഹരി അധിഷ്ടിത ഫണ്ടുകള്‍ ധാരാളമുണ്ട്.

ഡെറ്റ് ഫണ്ടുകളിലും ഇതുപോലെതന്നെയുള്ള വേര്‍തിരിവുകളുണ്ട്. ദീര്‍ഘകാലത്തേയ്ക്ക് മികച്ച മൂലധന വളര്‍ച്ച ലക്ഷ്യമിടുന്നഒരാള്‍ ഓഹരി അധിഷ്ടി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. 

ആദ്യത്തെ ഫണ്ട്
ആദ്യമായി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാകും ഉചിതം. ഡെറ്റ് ഫണ്ടുകളെ മാറ്റിനിര്‍ത്തിയാല്‍ നഷ്ടസാധ്യത കുറഞ്ഞവയാണ് ബാലന്‍സ്ഡ് ഫണ്ട്. 80സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കണമെന്നുള്ളവര്‍ക്ക് നികുതി ആനുകൂല്യം നേടുന്നതിനുള്ള ടാക്‌സ് സേവിങ് ഫണ്ടിലും നിക്ഷേപമാകാം.

ഈ രണ്ട് കാറ്റഗറികളിലുമുള്ള മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് ചിട്ടയായി പ്രതിമാസം നിക്ഷേപിച്ച് മുന്നേറുക. മറ്റ് കാറ്റഗറികളിലുള്ള നിക്ഷേപം അതിനുശേഷമാകട്ടെ. അപ്പോഴേയ്ക്കും ഫണ്ടുകളെക്കുറിച്ച് ഏകദേശ ധാരണ നിക്ഷേപകന് ലഭിച്ചിട്ടുണ്ടാകും. 

ടാക്‌സ് സേവിങ്‌സ് ഫണ്ട്
ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം എന്നപേരിലാണ് ടാക്‌സ് സേവിങ് ഫണ്ടുകള്‍ അറിയപ്പെടുന്നത്. 

ഓഹരി അധിഷ്ടിത നിക്ഷേപത്തിലൂടെ ആദായ നികുതി ഇളവ് നേടാന്‍ സഹായിക്കുന്നവയാണ് ടാക്‌സ് സേവിങ് ഫണ്ടുകള്‍. മറ്റ് നിരവധി മാര്‍ഗങ്ങളുള്ളപ്പോള്‍ ഇഎല്‍എസ്എസ് പദ്ധതികളുടെ പ്രസക്തിയെന്താണെന്ന സംശയമുണ്ടാകാം. പണപ്പെരുപ്പം മൂലമുള്ള രൂപയുടെ മൂല്യശോഷണത്തെ പ്രതിരോധിച്ച് മികച്ച നേട്ടം നല്‍കാന്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ പര്യാപ്തമല്ല. 

 80 സി പ്രകാരമുള്ള നികുതി ആനുകൂല്യത്തിന് ഒന്നര ലക്ഷം വരെയുള്ള ഈ ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. മൂന്ന് വര്‍ഷം ലോക്ക് ഇന്‍പരിയഡ് ഈ ഫണ്ടുകള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ കാത്തിരിക്കാനുള്ള ക്ഷമ നിക്ഷേപകനുണ്ടാകും അതിലൂടെ മികച്ചനേട്ടം ലഭിക്കാന്‍ ഉപകരിക്കുകയും ചെയ്യും.

ബാലന്‍സ് ഫണ്ട്
നിശ്ചിത അനുപാതത്തില്‍ ഓഹരിയിലും ഡെറ്റിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ഓഹരി വിപണയുടെ തകര്‍ച്ചയില്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്നത് ഒരു പരിധിവരെ തടയാന്‍ ഡെറ്റിലെ നിക്ഷപം ഉപകരിക്കും. ഫണ്ടുകളുടെ ഓഫര്‍ ഡോക്യുമെന്റില്‍ എത്രശതമാനം വീതമാണ് ഓഹരികളിലും ഡെറ്റ് ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. 

ഓഹരി വിപണിയിലെ വന്‍ ഇടിവുകള്‍മൂലമുണ്ടാകുന്ന കനത്ത നഷ്ടം ഒഴിവാക്കാന്‍ ഒരുപരിധിവരെ ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് കഴിയുന്നു. അതുകൊണ്ടുതന്നെ പൂര്‍ണമായും ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളേക്കാള്‍ നഷ്ടസാധ്യതയും അതോടൊപ്പം നേട്ടസാധ്യയും കുറവായിരിക്കും ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക്. 

feedbacks to:
antonycdavis@gmail.com

ഫണ്ടുകളെക്കുറിച്ച് കൂടുതലറിയാന്‍
അടുത്ത പാഠത്തിനായി കാത്തിരിക്കൂ...