ത്തുവര്‍ഷത്തിലേറെയായി ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നി്‌ക്ഷേപിച്ചുവരുന്ന സതീഷ്‌കുമാര്‍ ഈയിടെയാണ് പോര്‍ട്ട്‌ഫോളിയോ പരിശോധിച്ചത്. ഓഹരിയില്‍ 10 ലക്ഷവും മ്യൂച്വല്‍ ഫണ്ടില്‍ 50 ലക്ഷവും നിക്ഷേപമുണ്ട്. 

മികച്ച അടിസ്ഥാനമുള്ള ബ്ലുചിപ്പ് ഓഹരികളിലാണ് അദ്ദേഹം പ്രധാനമായും നിക്ഷേപം നടത്തിയിരിക്കുന്നത്. പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം നിക്ഷേപ വിവരങ്ങള്‍ ഇ-മെയിലില്‍ അറിയിച്ചത്. 

മികച്ച ആദായം നിക്ഷേപത്തില്‍നിന്ന് ലഭിച്ചിട്ടുണ്ടെങ്കിലും കാലാകാലങ്ങളിലായി ഓഹരികളിലും മ്യൂച്വല്‍ ഫണ്ടിലും നി്‌ക്ഷേപം നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന്റെ പോര്‍ട്ട്‌ഫോളിയ വൈവിധ്യവത്കരണത്തിന്റെ കാര്യത്തില്‍ പിന്നിലായിരുന്നു. കാരണം നേരിട്ട് നിക്ഷേപിച്ച ഓഹരികളില്‍തന്നെയായിരുന്നു അദ്ദേഹത്തിന്റെ മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപിച്ചുകൊണ്ടിരുന്നത്. 

ഈ സാഹചര്യത്തിലാണ് പോര്‍ട്ട്‌ഫോളിയ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നാഷ്ണല്‍ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്റെ സാധ്യത മുന്നോട്ടുവെച്ചത്. അതിന്റെനൂലാമാലകള്‍ ഓര്‍ത്ത് അദ്ദേഹം പിന്‍വലിയാന്‍ ശ്രമിച്ചു. എന്നാല്‍, കുറഞ്ഞ ചെലവില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ ആഗോള ഓഹരികളില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്നുകേട്ടപ്പോള്‍ അദ്ദേഹം അതിനുതയ്യാറായി.  

ഓഹരി സൂചികകള്‍ ഓരോദിവസവും പുതിയ കൊടുമുടികള്‍ കീഴടക്കുമ്പോള്‍ ഭൂമിശാസ്ത്രപരമായ വൈവിധ്യവത്കരണത്തിലൂടെ പ്രാദേശികമായും ആഗോള തലത്തിലും നേട്ടമുണ്ടാക്കാനുള്ള സാധ്യത പലരും പ്രയോജനപ്പെടുത്താറില്ല. 

വിദേശ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തിയ മ്യൂച്വല്‍ ഫണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദായം നിക്ഷേപകര്‍ക്ക് നല്‍കിയത്. മോട്ടിലാല്‍ ഓസ്വാള്‍ നാസ്ദാക്ക് 100 ഇടിഎഫാണിത്. 1,940 കോടി രൂപയാണ് ചുരുങ്ങിയ നാളുകള്‍ക്കകം ഫണ്ടില്‍ നിക്ഷേപമായെത്തിയത്. 2015 മുതല്‍ ഇതുവരെ 30.89ശതമാനമാണ് നല്‍കിയ ആദായം.  

പത്തുവര്‍ഷംമുമ്പ് വിദേശ ഓഹരികളില്‍ നിക്ഷേപിക്കുകയെന്നത് വെല്ലുവിളിതന്നെയായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കര്‍മാരും മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്തങ്ങളായ വഴികള്‍ തുറന്നുനല്‍കിയിട്ടുണ്ട്. വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്ന നിരവധി ഇടിഎഫുകളും ഫണ്ട് ഓഫ് ഫണ്ടുകളും വിപണിയില്‍ സജീവമായിക്കഴിഞ്ഞു.

മാര്‍ക്കറ്റ് റഗുലേറ്ററായ സെബിയുടെ 2008ലെ നിബന്ധനപ്രകാരം ഒരു ഫണ്ടുഹൗസിന് 300 മില്യണ്‍ ഡോളറിലധികം വിദേശനിക്ഷേപം പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. നിലവിലെ വിനിമയ നിരക്കുപ്രകാരം ഈ പരിധി 2,217 കോടി രൂപയാണ്. കഴിഞ്ഞ നവംബര്‍ അഞ്ചിന് ഈ പരിധി ഇരട്ടിയാക്കി ഉയര്‍ത്തി. ഇതോടെ 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ലഭിച്ചത്. 

28 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തെ അപേക്ഷിച്ചുനോക്കുമ്പോള്‍ ഈ പരിധി ഇപ്പോഴും ചെറുതുതന്നെയാണ്. അതുകൊണ്ടുതന്നെ ഭാവിയിലും പരിധി ഉയര്‍ത്തുന്നകാര്യം സെബി പരിഗണിച്ചേക്കും. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്ത്യയുടെ കണക്കുപ്രകാരം വിദേശ ഓഹരികളിലെ രാജ്യത്തെ ഫണ്ടുകമ്പനികളുടെ ഫണ്ട്‌സ് ഓഫ് ഫണ്ടുകളിലെ നിക്ഷേപം 6,496 കോടി രൂപയാണ്. 2020 ഒക്ടോബര്‍വരെയുള്ള കണക്കുപ്രകാരം ഒരുവര്‍ഷത്തിനിടെ ഫോളിയോകളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിക്കുകയുംചെയ്തു. 

എങ്ങനെ നേട്ടമുണ്ടാക്കാം?
രാജ്യത്തെ ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കുന്നവര്‍ക്ക് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നകാര്യ പരിഗണിക്കാം. ഇന്ത്യയിലെ ഫണ്ടുകളുടെ നിക്ഷേപത്തില്‍ ഓവര്‍ലാപ് പ്രകടമാണ്. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഒരാള്‍തന്നെ ആക്‌സിസ് ബ്ലുചിപ് ഫണ്ടില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ നിക്ഷേപകന്‍ അറിയാതെതന്നെ ഓവര്‍ലാപുണ്ടാകുന്നു. 

ഭൂമിശാത്രപരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദേശ ഓഹരികളിലെ നിക്ഷേപം സഹായിക്കുമെന്നും മനസിലാക്കുക. രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങള്‍ നിങ്ങളുടെ നിക്ഷേപത്തെ ബാധിക്കുമ്പോള്‍ അതിനുമപ്പുറമുള്ള വൈവിധ്യവത്കരണത്തിലൂടെ മികച്ച ആദായംനേടാനുള്ള അവസരമാണ് വിദേശ ഓഹരികള്‍ നല്‍കുന്നത്. 

രൂപയുടെ മൂല്യമിടിവില്‍നിന്ന് നേട്ടമുണ്ടാക്കാനും കഴിയുമെന്നതാണ് മറ്റൊരുസാധ്യത. യു.എസ് ഡോളര്‍, യു.കെ പൗണ്ട്, യൂറോ തുടങ്ങിയ വികസിത രാജ്യങ്ങളിലെ കറന്‍സികളുമായുള്ള വിനിമയത്തില്‍ രൂപയുടെമൂല്യം എക്കാലത്തും വലിയ ചാഞ്ചാട്ടത്തിന് വിധേയമാണ്. വിദേശത്ത് നിക്ഷേപം നടത്തുന്നത് വിദേശ കറന്‍സിയില്‍ നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അറിയുക. രൂപയുടെ മൂല്യമിടിയുമ്പോള്‍ വിദേശകറന്‍സികളില്‍നിന്ന് മികച്ചനേട്ടം സ്വന്തമാക്കാനാകും. കമ്പനികളുടെ മികവില്‍ ഓഹരിവില കുതിക്കുന്നതിനോടൊപ്പം വിനിമയമൂല്യത്തിലെ വ്യതിയാനവും ഇതിലൂടെ നേട്ടത്തിന്റെ ഭാഗമാക്കാനാകും. 

നിക്ഷേപിക്കാനുള്ള വഴികള്‍
വിദേശ ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് പ്രത്യേകം ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ആവശ്യമാണ്. ജിയോജിത്, ഐസിഐസിഐ ഡയറക്ട്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ ഓഹരി ബ്രോക്കര്‍മാര്‍വഴി ഇന്റര്‍നാഷണല്‍ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുക്കാം. ഡോളര്‍ നിരക്കിലായിരിക്കും ബ്രോക്കര്‍ഫീസ്. ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വിദേശ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള ചെലവ് അല്പംകൂടുതലാണെന്നകാര്യം മറക്കേണ്ട.   

ചുരുങ്ങി ചെലവില്‍ ഇടിഎഫില്‍ നിക്ഷേപിച്ചും അതിനെ മറികടക്കാം. ഇടിഎഫുകളില്‍ നിക്ഷേപിക്കാന്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് അക്കൗണ്ട് ആവശ്യമില്ല. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി നിക്ഷേപം നടത്താന്‍ കഴിയും. ട്രേഡിങ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടുകയുമാകാം.

ഇടിഫ്
വിദേശ ഓഹരി സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഇടിഎഫുകളുണ്ട്. ഇന്റര്‍നാഷണല്‍ ട്രേഡിങ് അക്കൗണ്ടോ ഡീമാറ്റ് അക്കൗണ്ടോ ഇല്ലാത്തവര്‍ക്ക് ഇത്തരം ഇടിഎഫുകളില്‍ നിക്ഷേപമാകാം. രാജ്യത്തെ ട്രേഡിങ് അക്കൗണ്ടുവഴി ഇടപാടുനടത്താം.  

മ്യൂച്വല്‍ ഫണ്ടിന്റെവഴി
വിദേശ കമ്പനികളുടെ ഓഹരികളില്‍നിക്ഷേപിക്കാനുള്ള മികച്ചമാര്‍ഗമാണ് മ്യൂച്ച്വല്‍ ഫണ്ടുകള്‍. ഇന്ത്യയിലെ എഎംസികള്‍ക്ക് വിദേശ ഓഹരികളില്‍നിക്ഷേപിക്കുന്ന ഫണ്ടുകളുണ്ട്. 

മോട്ടിലാല്‍ ഒസ് വാളിന്റെ ഇന്‍ഡക്സ് ഫണ്ട് യുഎസ് സൂചികകകളായ എസ്ആന്‍ഡ്പി 500, നാസ്ദാക്ക് 100 സൂചികകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതിനുപുറമെ ഫണ്ട്സ് ഓഫ് ഫണ്ട്സ്(എഫ്ഒഎഫ്സ്)വഴിയും നിക്ഷേപമാകാം. വിദേശത്തെ ഇക്വിറ്റിഫണ്ടുകളില്‍നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. എസ്ഐപിയായി പ്രതിമാസം 500 രൂപമുതല്‍ ഡയറക്ടായോ ബ്രോക്കര്‍വഴിയോ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്(പട്ടിക കാണുക).

TOP FUNDS INVESTING IN THE US MARKET*​
Fund 1 Yr Return* 3 Yr Return* 5 Yr Return*
DSP US Flexible Equity Dir  40.78  20.17   17.85
Franklin India Feeder Franklin US Opportunities Dir 49.20 30.16   25.4
Motilal Oswal Nasdaq 100 FOF Dir 54.53 - -
Motilal Oswal NASDAQ 100 ETF 50.00 30.89   65.21
Nippon India US Eqt Opportunities Dir   33.63   22.2   20.22
Return as on Nov, 18, 2020. *SIP Return

ഇന്റര്‍നാഷണല്‍ ഓഹരികളില്‍മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളുടെ നികുതി ബാധ്യത ഡെറ്റ് ഫണ്ടുകളുടേതിന് സമാനമാണ്. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍കാലം കൈവശംവെച്ചാല്‍ മൂലധനനേട്ടത്തിന്മേല്‍ പണപ്പെരുപ്പനിരക്ക് കിഴിച്ച്(ഇന്‍ഡക്‌സേഷന്‍ ബെനഫിറ്റ്)ബാക്കിയുള്ള തുകയ്ക്ക് 20ശതമാനം നികുതിയടച്ചാല്‍മതിയാകും. മൂന്നുവര്‍മെത്തുംമുമ്പ് വില്‍ക്കുകയാണെങ്കില്‍ വരുമാനത്തോടുചേര്‍ത്ത് നിലവിലുള്ള സ്ലാബ് അനുസരിച്ചാകും നികുതി അടയ്‌ക്കേണ്ടിവരിക.  

feedbacks to:
antonycdavis@gmail.com 

ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍: നിക്ഷേപിക്കുംമുമ്പ് ഭൂമിശാസ്തപരിധികള്‍ പരിഗണിക്കണം. അതോടൊപ്പം വിവിധ കാറ്റഗറികളില്‍മാത്രം നിക്ഷേപം നടത്തുന്ന ഫണ്ടുകളും ഒഴിവാക്കണം. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന് ഫണ്ട് മാനേജര്‍ക്ക് നിയന്ത്രണംമുള്ളതിനാലാണ് ഇത്തരം ഫണ്ടുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നത്. 

യുഎസ് വിപണികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഏറ്റവും യോജിച്ചവ. ആഗോള വ്യാപനമുള്ള കമ്പനികളില്‍ മികച്ചവ പലതും യുഎസ് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളവയാണ്. വൈവിധ്യവത്കരണത്തിന് ഇത്തരം ഫണ്ടുകള്‍ സാഹായിക്കും.