പെൻഷനായപ്പോൾ ലഭിച്ചതുകയിൽ ഒരുഭാഗം ബാങ്കിൽ സ്ഥിരനിക്ഷേപമിടാനെത്തിയതായിരുന്നു വാസുദേവ്. നാമമാത്രമായ പലിശയാണ് ലഭിക്കുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും മറ്റുവഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം അഞ്ച് ലക്ഷം രൂപ എഫ്ഡിയിടാൻ ഏൽപ്പിച്ചപ്പോൾ, ബാങ്കിലെ വെൽത്ത്മാനേജുമെന്റ് എക്‌സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ച് കൂടുതൽ ആദായംനേടാനുള്ള സാധ്യതകൾ വിശദീകരിച്ചു. ഒന്നുംമനസിലായില്ലെങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം നിക്ഷേപംനടത്തി. 

കുറച്ചുനാൾകഴിഞ്ഞ് ബെംഗുളുരവിൽ ജോലി ചെയ്യുന്ന മകനോട് കാര്യംഅവതരിപ്പിച്ചപ്പോഴാണ് പുതിയതായി തുടങ്ങിയ മ്യൂച്വൽ ഫണ്ടിലാണ് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരിക്കുന്നതെന്ന് മനസിലായത്. നിക്ഷേപകരുടെ അറിവില്ലായ്മ മുതലെടുത്ത് എൻഎഫ്ഒ(ന്യൂ ഫണ്ട് ഓഫർ)വഴി വൻതോതിൽ പണം സമാഹരിക്കുന്നുണ്ടെന്ന് സമീപകാലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. സ്ഥിരവരുമാനം ലക്ഷ്യമിട്ട് എഫ്ഡിയിടാനെത്തിയ അദ്ദേഹം ഒടുവിൽ ബാലൻസ്ഡ് ഫണ്ടിൽ നിക്ഷേപിച്ച് മടങ്ങിയത് ഒറ്റപ്പെട്ട സംഭവമല്ല. 

രണ്ടാമത്തെ സംഭവത്തിലേക്കുവരാം
ഓഫീസ് ജോലിയുടെ തിരക്കിനിടെ ഫണ്ട് കമ്പനിയിലെ റിലേഷൻഷിപ്പ് മാനേജരുടെ കോൾ ജോൺസന്റെ മൊബൈലിലെത്തി. സാറിന്റെ ---- ഫണ്ടിൽ നിലവിൽ നിക്ഷേപം 16 ലക്ഷം കവിഞ്ഞിരിക്കുന്നു. 18ശതമാനത്തിലേറെയാണ് നേട്ടം. വിപണി ഉയർന്നുനിൽക്കുന്നതിനാൽ ഇപ്പോൾ ലാഭമെടുക്കുന്നതാണ് നല്ലത്. ഞങ്ങൾ പുതിയൊരു ഫണ്ട് തുടങ്ങിയിട്ടുണ്ട്. വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതാണ് ഫണ്ടിലേക്ക് മാറിയാൽ ഭാവിയിൽ മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്.  

'നിക്ഷേപ പാഠ'ത്തിന്റെ സ്ഥിരംവായനക്കാരനാണ് ജോൺസൻ. കാറ് വാങ്ങുന്നതിനാണ് അദ്ദേഹം ഈ ഫണ്ടിൽ നാലുവർഷംമുമ്പ് എസ്‌ഐപി തുടങ്ങിയത്. തൽക്കാലം ഒരുവർഷംകഴിഞ്ഞ് മതി കാറെന്ന് തീരുമാനിച്ചതിനാൽ നിക്ഷേപം തുടരുകയാണ്. വിപണി താഴപ്പോയാലും നിക്ഷേപംതുടരാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. വിദഗ്ധ ഉപദേശം ലഭിച്ചതോടെ മാനേജരുടെ ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. മികച്ച പ്രകടനംനടത്തുന്ന പഴയ ഫണ്ടിൽതന്നെ ഇപ്പോഴും എസ്‌ഐപി തുടരുന്നു. 

നിക്ഷേപ ആഭിമുഖ്യം
ഓഹരി വിപണി കുതിക്കുമ്പോഴാണ് നിക്ഷേപ ആഭിമുഖ്യംകണക്കിലെടുത്ത് പുതിയ ഫണ്ടുകളുമായി എഎംസികളും ഐപിഒകളുമായി കമ്പനികളും രംഗത്തുവരുന്നത്. മോണിങ്‌സ്റ്റാർ പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷം(2020-21) 110 പുതിയ ഫണ്ടുകളാണ് വിപണിയിലെത്തിയത്. ഈ ഫണ്ടുകൾ മൊത്തം സമാഹരിച്ചതാകട്ടെ 48,988 കോടി രുപയുമാണ്. ഐസിഐസിഐ പ്രൂഡൻഷ്യൽ ഫ്‌ളക്‌സി ക്യാപ് ഫണ്ട് മാത്രം സമാഹരിച്ചത് 10,000 കോടിയിലേറെ രൂപയാണ്. നിലവിൽ വിപണിയിലുള്ളവയിൽ ഇതിലേറെ ആസ്തി കൈകാര്യംചെയ്യുന്നത് അത്രയധികമില്ല. 

പുതിയ ഫണ്ടുകളുടെ പ്രകടനം
 വിപണിയിലെ സാഹചര്യംമനസിലാക്കിയായിരിക്കും ഫണ്ട് കമ്പനികൾ എൻഎഫ്ഒകൾ അവതരിപ്പിക്കുക. വൻതകർച്ചകൾക്കുമുമ്പുള്ള കുതിപ്പിൽ അവതരിപ്പിക്കുന്ന എൻഎഫ്ഒകൾ സ്വാഭാവികമായും തുടർന്നുവരുന്ന ഇടിവിൽ നെഗറ്റീവ് റിട്ടേണിലെത്തുമെന്നകാര്യത്തിൽ ആർക്കും സംശയമില്ല. 2007ലെ മുന്നേറ്റവും 2008ലെ തകർച്ചയും നൽകുന്ന പാഠമതാണ്. അന്നത്തെ മുന്നേറ്റത്തിൽ വിപണിയിലെത്തിയ പലഫണ്ടുകളുടെ പേരുപോലും ഇപ്പോൾകേൾക്കാനേയില്ല. തുടർന്ന് വിപണിയിലുണ്ടായ മുന്നേറ്റത്തിന്റെയും തകർച്ചയുടെയും ചരിത്രവും ഇതുതന്നെയാണ് പറയുന്നത്.

ഐപിഒയും എൻഎഫ്ഒയും
പ്രാരംഭ ഓഹരി വില്പനയുമായി ഒരു കമ്പനി വിപണിയിലെത്തുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് എൻഎഫ്ഒ. വിപണിയിൽ ലിസ്റ്റ് ചെയ്യുമ്പോൾ ഓഹരിയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഡിമാൻഡ് ആൻഡ് സപ്ലെ അടിസ്ഥാനമാക്കിയാണ്. എന്നാൽ ഫണ്ടിന്റെ യൂണിറ്റ് വില നിശ്ചയിക്കുന്നതിൽ ഡിമാൻഡിനും സപ്ലെക്കും റോളില്ല. ഐപിഒകൾ ലിസ്റ്റ്‌ചെയ്യുന്നത് പ്രീമിയംനിരക്കിലാകുന്നതിന് കാരണം വിപണിയിൽ രൂപപ്പെടുന്ന ഡിമാൻഡ്തന്നെ. മ്യൂച്വൽ ഫണ്ടുകളുടെകാര്യത്തിൽ ഇതൊന്നുമല്ല അടിസ്ഥാനം. നിക്ഷേപംനടത്തുമ്പോൾ അതിന് ആനുപാതികമായി യൂണിറ്റുകൾ അനുവദിക്കുന്നു, വേണ്ടെന്നുവെക്കുമ്പോൾ പണംതിരികെ നൽകുന്നു. അതിൽ നിക്ഷേപിക്കുന്ന ഓഹരികളിലെ നേട്ടവും വിപണിയിലെ സജീവമായ ഇടപെടലുമാണ് ഫണ്ടുകളിലെ പ്രകടനത്തിനുപിന്നിൽ. 

വിപണനത്തിലൂടെ പരമാവധി പണംസമാഹരിക്കുക എന്നതാണ് എൻഎഫ്ഒകളുടെ ലക്ഷ്യം. പുതിയ പോർട്ട്‌ഫോളിയോയുമായാണ് എത്തുന്നതെങ്കിൽ അതേക്കുറിച്ച് പഠിക്കുകയും എൻഎഫ്ഒ കാളയളവിനുശേഷം നിക്ഷേപത്തിനായി തുറന്നുനൽകുമ്പോൾ എസ്‌ഐപിയായി നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. മാനേജുമെന്റ് ഫീസിനത്തിൽ വൻതുക സമാഹരിക്കാനും ഫണ്ട് കമ്പനിയുടെ മൊത്തംകൈകാര്യം ചെയ്യുന്ന ആസ്തിയിൽ വർധനവുണ്ടാക്കാനുമുള്ള എളുപ്പവഴിയാണ് എൻഎഫ്ഒകൾ.

എന്തുകൊണ്ട് ഒഴിവാക്കണം
ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കാൻ നിങ്ങളെയാണ് ചുമതലപ്പെടുത്തിയതെന്ന് കരുതുക. സുപ്രധാനമായ തീരുമാനം നിങ്ങൾക്കെടുക്കേണ്ടതുണ്ട്. ടീമിലേക്ക് ഒരു ഓപ്പണിങ് ബാറ്റ്‌സ്മാനെവേണം. മുന്നിൽ രണ്ടുപേരാണുള്ളത്. മികച്ച ട്രാക്ക് റെക്കോഡ് ഉള്ള പരിചയ സമ്പന്നനായ കളിക്കാരനും ഇതുവരെ അന്താരാഷ്ട്രമത്സരങ്ങളിൽ കളിച്ചിട്ടില്ലാത്ത പുതിയ വ്യക്തിയും. നിങ്ങൾ ആരെയാകും തിരഞ്ഞെടുക്കുക? പരിചയ സമ്പന്നനായ കളിക്കാരന്റെ സ്ഥാനത്ത് മികച്ച പ്രകടനചരിത്രമുള്ള ഫണ്ട് ഉണ്ട്. പുതിയ ആളിന്റെ സ്ഥാനത്ത് എൻഎഫ്ഒയും. ലളിതമായ ഉദാഹണമാണിത്.

വ്യത്യസ്ത തീമുകൾ
വ്യത്യസ്ത തീമുകളിൽ കാലാകാലങ്ങളിൽ എൻഎഫ്ഒകളുമായി ഫണ്ട് കമ്പനികളെത്തും. സെക്ടറുകളിലും പ്രത്യേക ആശയങ്ങളിലും അധിഷ്ഠിതമായി നിക്ഷേപിക്കുന്ന ഫണ്ടുകൾ ഒഴിവാക്കുകയാണ് നല്ലത്. വൈവിധവൽക്കരണത്തിന് പ്രാധാന്യംനൽകുന്ന മികച്ച പ്രകടന ചരിത്രമുള്ള നിരവധി ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ ഇവക്കുപുറകെ പോകേണ്ടതില്ല. 

ഒരു പ്രത്യേക ഫണ്ടിൽ നിക്ഷേപംനടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട തീം തിരഞ്ഞെടുക്കാനുള്ള തീരുമാനം മാനേജരുടേതാകുന്നു. എവിടെയാണ് നിക്ഷേപംനടത്തേണ്ടതെന്ന് ഫണ്ട് മാനേജരാണ് തീരുമാനിക്കുന്നത്. അതിനാൽതന്നെ റിസ്‌ക് വർധിക്കുകയുംചെയ്യും. എൻഎഫ്ഒയുടെകാര്യത്തിൽ മുന്നോട്ടുവെക്കുന്ന സമീപനം സെക്ടറൽ ഫണ്ടുകൾക്കുമാത്രമല്ല, എല്ലാഫണ്ടുകൾക്കും സമാനമാണ്. 

ഇക്വിറ്റി ഫണ്ട് തിരഞ്ഞെടുക്കാൻ കഴിഞ്ഞകാലത്തെ പ്രകടനം വിലയിരുത്തുകയെന്നതാണ് പ്രധാന മാനദണ്ഡം. അഞ്ചുവർഷം, ഏഴുവർഷം എന്നീകാലയളവിലെ പ്രകടനം വിലയിരുത്തിമാത്രമെ ഓഹരി അധിഷ്ഠിത ഫണ്ടുകൾ തിരഞ്ഞെടുക്കാവൂ. പുതിയ ഫണ്ടുകൾ ഭാവിയിൽ മികച്ചനേട്ടംനൽകില്ലെന്നല്ല. പരിചയ സമ്പന്നനായ ബാറ്റ്‌സ്മാനേക്കാൾ പുതിയ ആൾ കൂടുതൽ റൺസ് നേടില്ലെന്ന് പറയാനാവില്ലല്ലോ. എന്നാൽ നിക്ഷേപത്തെ ക്രിക്കറ്റിനോട് താരതമ്യംചെയ്യാനാവില്ല. ഉയർന്ന റിസ്‌കുണ്ട്. നിക്ഷേപകൻ കഠിനാധ്വാനംചെയ്ത് നേടിയ സമ്പത്താണ് വിപണിയിലിറക്കുന്നത്. അതിനാൽതന്നെ നിക്ഷേപകാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

പുതിയ ഫണ്ടുകളുടെ വിപണനമാണ് മറ്റൊരുകാര്യം. ഉയർന്ന പ്രവർത്തന ചെലവാണ് എൻഎഫ്ഒകളായെത്തുന്ന ഫണ്ടുകളിൽനിന്ന് ഈടാക്കുന്നത്. വിതരണക്കാർക്കും ബ്രോക്കർമാർക്കുമുള്ള ട്രയൽ കമ്മീഷൻ ഇനത്തിൽ ഈയിടെ ഫണ്ട് കമ്പനികൾ വർധനവരുത്തിയിരുന്നു. ബ്രോക്കർമാരും മറ്റ് ഇടനിലക്കാരുമാണ് എൻഎഫ്ഒകളുടെ ചാലകശക്തികൾ. നിക്ഷേപകരെ ആകർഷിക്കാൻ അഗ്രസീവായ വില്പനയാണ് നടക്കുന്നത്. 

കുറഞ്ഞ യൂണിറ്റ് വില ആകർഷകമാണോ?
യൂണിറ്റ് ഒന്നിന് 10 രൂപക്ക് ലഭിക്കുമെന്നത് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ പലരെയും പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇക്കാര്യംപറഞ്ഞ് വിശ്വസിപ്പിച്ച് വ്യാപകമായി വിപണനംനടത്തുന്ന പ്രവണതയുമുണ്ട്. എൻഎഫ്ഒയുടെ യൂണിറ്റ് വിലയും ഐപിഒയുടെ ഓഹരി വിലയും രണ്ടും വ്യത്യസ്തമായ രീതിയിലാണ് കണക്കാക്കുന്നത് എന്നകാര്യംമനസിലാക്കുക. 

കുറഞ്ഞവിലയിൽ യൂണിറ്റ് സ്വന്തമാക്കാൻകഴിയുമെന്നത് കാണിച്ചുള്ള നിക്ഷേപ 'ബോധവത്കരണ'ത്തിനെതിരെ അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (ആംഫി) പ്രചാരണപരിപാടികളുമായി രംഗത്തെത്തിയിരുന്നു. നിക്ഷേപകരിൽനിന്ന് യൂണിറ്റൊന്നിന് 10 രൂപ വീതം നിക്ഷേപംസ്വീകരിക്കുന്ന ഫണ്ട് കമ്പനികൾ അവരുടെ ചെലവുകഴിച്ചുള്ള തുകയാണ് നിശ്ചിത വിഭാഗത്തിലെ ഓഹരികളിൽ നിക്ഷേപിക്കുന്നത്. അതിൽനിന്നുണ്ടാകുന്ന ലാഭമാണ് എൻഎവിയിലെ വർധനക്ക് അടിസ്ഥാനം. ചുരുക്കത്തിൽ പറഞ്ഞാൽ 10 രൂപ അടിസ്ഥാന വിലനിശ്ചയിച്ച് നിക്ഷേപം സമാഹരിക്കുന്നുവെന്നേയുള്ളൂ. ഐപിഒ മൂല്യംപോലെ ഡിമാൻഡിനനുസരിച്ചല്ല വിലയിലെ നീക്കമെന്ന് മനസിലാക്കാം. 

ഉദാഹരണത്തിന്, എസ്ബിഐ മ്യൂച്വൽ ഫണ്ടിന്റെ പുതിയൊരു ഫണ്ടിന്റെ 1000 യൂണിറ്റുകൾ(എൻഎഫ്ഒ യൂണിറ്റ് വില 10 രൂപ) 10,000 രൂപ മുടക്കി രണ്ടുമാസംമുമ്പ് വാങ്ങിയെന്ന് കരുതുക. നിലവിലെ അതിന്റെ എൻഎവി 14 രൂപയായിട്ടുണ്ടെങ്കിൽ മൊത്തം നിക്ഷേപമൂല്യം 14,000 രൂപയായിവർധിക്കും. അതേസമയം നിലവിലുള്ള ഒരു ഫണ്ടിന്റെ എൻഎവി 1,010 രൂപയായിരുന്നിരിക്കട്ടെ, 10,000 രൂപ നിക്ഷേപിച്ചാൽ 10 യൂണിറ്റാണ് ലഭിക്കുക. അതിന്റെ എൻഎവി 1,810 രൂപയായി ഉയർന്നുവെന്ന് കരുതുക അപ്പോൾ മൊത്തം മൂല്യം 18,100 രൂപയായിട്ടുണ്ടാകും. നിക്ഷേപ പോർട്ട്‌ഫോളിയോയിലെ ഓഹരിയിലെ മൂല്യത്തിനനുസരിച്ചാണ് ഓരോ ദിവസവും നിശ്ചയിക്കുന്ന ഫണ്ടുകളുടെ എൻഎവിയിൽ മാറ്റംവരിക. 10 രൂപയുടെ യൂണിറ്റ് വിലയിൽ കാര്യമില്ലെന്ന് മനസിലായിട്ടുണ്ടാകുമെന്ന് കരുതട്ടെ. 

feedback to:
antonycdavis@gmail.com

കുറപ്പ്: മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകൾ വിപണിയിലുള്ളപ്പോൾ പുതിയ ഫണ്ടുകളിൽ പരീക്ഷണത്തിന് ഇറങ്ങേണ്ടതുണ്ടോ? ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കാണ് എസ്‌ഐപിയായി ഇക്വിറ്റി ഫണ്ടിൽ നിക്ഷേപിക്കേണ്ടത്. അതിനായി അഞ്ച്, ഏഴ് വർഷക്കാലയളവിൽ ഫണ്ട് നൽകിയ ആദായം പരിശോധിക്കുക. കലണ്ടർവർഷത്തിൽ നൽകിയ ആദായവും വിലയിരുത്താം. അതിനുശേഷം സമാനമായ കാറ്റഗറിയിൽ മികച്ചനേട്ടംനൽകിയ ഫണ്ടുകളുമായി താരതമ്യംചെയ്ത് നിക്ഷപത്തിന് യോജിച്ച ഫണ്ട് തിരഞ്ഞെടുക്കാം.