സാമ്പത്തിക സ്വാതന്ത്ര്യംനേടി 40വയസ്സാകുമ്പോൾ വിരമിക്കാമെന്ന ആശയംമുന്നോട്ടുവെച്ചപ്പോൾ ഗൾഫ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങിൽനിന്നും രാജ്യത്തെ വിവിധയിടങ്ങളിൽനിന്നും നിരവധിപേരാണ് അതിനുള്ള സാധ്യതകൾതേടിയത്. അത്യാവശ്യംതുക സമ്പാദിച്ച് നാട്ടിൽ സെറ്റിൽ ചെയ്യണമെന്ന ആഗ്രഹത്തോടെ കഴിയുന്നനിരവധിപേരെ കണ്ടുമുട്ടാനായി.

രാജ്യത്തെ പ്രമുഖ ബിസിനസ് സ്‌കൂളിൽ പഠിച്ച് സ്വകാര്യ ബാങ്കിൽ ഉന്നത തസ്ഥികയിൽ ജോലിചെയ്യുന്ന വിനോഷ് ചോദിക്കുന്നത് എവിടെ നിക്ഷേപിച്ചാലാണ് പരമാവധി നേട്ടമുണ്ടാക്കാൻ കഴിയുകയെന്നാണ്. ബാങ്കിൽ റിക്കറിങ് ഡെപ്പോസിറ്റ് മതിയോ അല്ലെങ്കിൽ മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കണോ-എന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. നേരത്തെ വിരമിക്കാൻ ആഗ്രഹിക്കുന്ന വിനോഷിനെപ്പോലെയുള്ളവരുടെ അറിവിലേയ്ക്കായി ചിലകാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു.

1.വരുമാനത്തിൽനിന്ന് പരമാവധിതുക നിക്ഷേപിക്കാൻ തയ്യാറാകുക. 2. മികച്ച ആദായം ലഭിക്കുന്ന പദ്ധതികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. ഇത്രയുംകാര്യങ്ങൾ ശ്രദ്ധിച്ച് മുന്നോട്ടുപോയാൽ സാമ്പത്തിക സ്വാതന്ത്ര്യം നേരത്തെനേടാൻ കഴിയുമെന്നകാര്യത്തിൽ സംശയമില്ല. 

മുമ്പ് വിശദീകരിച്ചതുപോലെ, വരുമാനത്തിൽനിന്ന് 50ശതമാനം മുതൽ 70ശതമാനംവരെ തുക നിക്ഷേപിക്കാനായി നീക്കിവെയ്ക്കണം. പരമാവധി നീക്കവെയ്ക്കാൻ കഴിയുന്നവർക്ക് എത്രയുംവേഗം സാമ്പത്തിക സ്വാതന്ത്ര്യംനേടാമെന്ന് ചുരുക്കും. അത് എപ്പോൾ എങ്ങനെ വേണമെന്നത് വ്യക്തികളുടെ ചോയ്‌സാണ്.

മൂന്നുരീതികൾ മുന്നോട്ടുവെക്കുന്നു
1.ചെലവുകുറച്ച് പരമാവധിതുക നിക്ഷേപിക്കുക.
2.അതിനുകഴിയാത്തവർക്ക് കുറച്ചുകൂടി ചെലവുചെയ്യാം, വിരമിക്കാനെടുക്കുന്ന പ്രായംകൂട്ടേണ്ടിവരും.
3.28-30വയസ്സുവരെ ജോലിചെയ്ത് അതിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സ്വന്തംസംരംഭം തുടങ്ങി സമ്പത്ത് വർധിപ്പിക്കാം. കുറച്ചുകൂടി അഗ്രസീവായരീതിയാണിത്.

മൂന്നാമത്തെമാർഗം സ്വീകരിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. സംരംഭമോഹം മനസിലുള്ള മില്ലേനിയൽസിനും ജെൻനെക്‌സ്റ്റിനും ആർജവുണ്ടെങ്കിൽ പിന്തുടരാം.

അടുത്തതായി ചെയ്യേണ്ടത് മികച്ച പോർട്ട്‌ഫോളിയോ ക്രമീകരിക്കുകയെന്നതാണ്. 

30 വയസ്സിനുതാഴെ പ്രായം
നിക്ഷേപിക്കാനദ്ദേശിക്കുന്ന തുകയിൽനിന്ന് 90ശതമാനം ഓഹരി അധിഷ്ഠിത പദ്ധകളിലും 10ശതമാനം തുക സ്ഥിര നിക്ഷേപ(റിക്കറിങ് ഡെപ്പോസിറ്റ്, ഡെറ്റ് ഫണ്ട്) പദ്ധതികളിലെ പ്രതിമാസം നിക്ഷേപിക്കാം. ആശ്രിതർ ഇല്ലാത്ത, ജോലിക്കാരായ ചെറുപ്പക്കാർക്ക് ഈവഴി സ്വീകരിക്കാം.

CHART 1ഓഹരി അധിഷ്ഠിത പദ്ധതികളെ ഇപ്രകാരം വിഭജിക്കാം. 60ശതമാനം ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിലും 30ശതമാനം നേരിട്ട് ഓഹരിയിലും മുടക്കാം. അതായത് നിക്ഷേപതുകയുടെ 90ശതമാനവും ഓഹരിയുമായി ബന്ധപ്പെട്ട പദ്ധതികളിലാണെന്നത് ശ്രദ്ധിക്കുക. നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് മ്യൂച്വൽഫണ്ടിന്റെവഴിതേടാം. ഇങ്ങനെയുള്ളവർ 90ശതമാനം നിക്ഷേപവും ഈയിനത്തിൽ വകയിരുത്തേണ്ടിവരും.

30ന് മുകളിൽ പ്രായം
ഒരാൾക്കുമാത്രം(ഭാര്യക്കോ ഭർത്താവിനോ) വരുമാനമുള്ള കുടുംബമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം. CHART 215ശതമാനംതുക ബാങ്ക് സ്ഥിര നിക്ഷേപത്തിലും 25ശതമാനംതുക യോജിച്ച ഡെറ്റ് സ്‌കീമുകളിലും മുടക്കാം. 60ശതമാനത്തിൽ 20ശതമാനംതുക നേരിട്ട് ഓഹരിയിലും 40ശതമാനംതുക മ്യൂച്വൽ ഫണ്ടിലും ക്രമീകരിക്കാം.

ഒരാൾക്കുമാത്രം വരുമാനം
കുടുംബത്തിലെ ഒരാൾക്കുമാത്രം വരുമാനമുള്ളവരും കുട്ടികൾ വളർന്നെങ്കിലും ഇതുവരെ സെറ്റിൽ ചെയ്യാത്തവരുമാണെങ്കിൽ 60ശതമാനംതുക ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപിക്കാം.CHART 3 20ശതമാനം ബാങ്ക് സ്ഥിര നിക്ഷേപത്തിലും 20ശതമാനംതുക യോജിച്ച ഡെറ്റ് ഫണ്ടുകളിലും മുടക്കാം.

മുകളിൽ വ്യക്തമാക്കിയ നിക്ഷേപ പോർട്ട്‌ഫോളിയോ അതേപടി അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് ഓഹരി അധിഷ്ഠിത മ്യൂച്വൽഫണ്ടുകൾ തിരഞ്ഞെടുക്കാം. ഇതൊരു നിക്ഷേപമാതൃകമാത്രമാണ്. ഓരോരുത്തരുടെയും സാമ്പത്തികസ്ഥിതിയും വയസ്സും റിസ്‌ക് പ്രൊഫൈലും വിലയിരുത്തിവേണം നിക്ഷേപകാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ. 

ജോലിയെ സ്‌നേഹിക്കുന്നവർ അറിയാൻ
നേരത്തെ വിരമിച്ച് സാമ്പത്തിക സ്വാതന്ത്ര്യംനേടാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ട കാര്യങ്ങളാണ് മുകളിൽ വിശദമാക്കിയത്. 9-5 അല്ലെങ്കിൽ നിശ്ചിത സമയമോ ജോലിചെയ്യുന്നവരെ മാറ്റിനിർത്തിയാൽ, സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന നിരവധിപേരുണ്ട്. 

ജോലിയെ സ്‌നേഹിക്കുന്ന, അത് പാഷനായി കാണുന്നവർക്ക് നേരത്തെ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ലല്ലോ. ഡോക്ടർ, ചാർട്ടേഡ് അക്കൗണ്ടന്റ് (മറ്റേതെങ്കിലും പ്രൊഫഷനുകളിലും ഉള്ളവർ), സംരംഭകർ, ബിസിനസുകാർ എന്നിവരെയാണ് ഉദ്ദേശിച്ചത്. അവിടെ ജോലിയല്ല നിങ്ങളെ നിയന്ത്രിക്കുക. ജോലിയെ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയും. എങ്കിലും സാമ്പത്തികഭദ്രത ജീവിതത്തിലുണ്ടാക്കുകയെന്നത് പ്രധാനമാണെന്ന് ഇത്തരക്കാരും അറിയുക. അതിനായി മികച്ചവൈവിധ്യ വത്കരണത്തോടെയുള്ള നിക്ഷേപ പോർട്ട്‌ഫോളിയോ രൂപപ്പെടുത്തുകതന്നെവേണം. 

feedbacks to:
antonycdavis@gmail.com

കുറിപ്പ്:സാമ്പത്തിക സ്വാതന്ത്ര്യംനേടാം, നേരത്തെ വിരമിക്കാം-എന്നആശയം മുൻനിർത്തിയുള്ള മൂന്നാമത്തെ പാഠമാണിത്. ഇതോടെ ലക്ഷ്യത്തോടടുത്തുകഴിഞ്ഞു. ഇനി നിക്ഷേപപദ്ധതികളെക്കുറിച്ച് സൂക്ഷമമായി അറിയാം. അടുത്തപാഠത്തിനായി കാത്തിരിക്കുക.