investment

നിക്ഷേപ ലക്ഷ്യങ്ങളെക്കുറിച്ച് ധാരണയായി. ലക്ഷ്യങ്ങളിലെത്താനുള്ള കാലയളവാണ് ഏത് നിക്ഷേപമാര്‍ഗമാണ് യോജിച്ചതെന്ന് തിരഞ്ഞെടുക്കാനുള്ള മാനദണ്ഡമാകേണ്ടത്.

അതായത്, എത്രകാലയളവിലേയ്ക്കാണ് നിക്ഷേപം നടത്തുന്നത് അതനുസരിച്ചുവേണം എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാന്‍. 

ഹ്രസ്വകാലയളവിലെ ലക്ഷ്യമാണ് മുന്നിലുള്ളതെങ്കില്‍ സുരക്ഷിതമായ ബാങ്ക് നിക്ഷേപമോ ചാഞ്ചാട്ടം കുറഞ്ഞ ഡെറ്റ് മ്യൂച്വല്‍ ഫണ്ടോ തിരഞ്ഞെടുക്കുന്നതാകും ഉചിതം. മൂന്നുവര്‍ഷമോ അതില്‍ താഴെയോ കാലയളവിലേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഓഹരി പോലെ നഷ്ടസാധ്യതയുള്ള നിക്ഷേപമാര്‍ഗങ്ങള്‍ പരിഗണിക്കാതിരിക്കുന്നതാണ് നല്ലത്.

ബാങ്ക് നിക്ഷേപം 
സുരക്ഷിതവും അതേസമയം, ഉറപ്പുള്ള നേട്ടം നല്‍കുന്നതുമായ നിക്ഷേപമാര്‍ഗമാണ് ബാങ്ക് എഫ്ഡി. ആദായം കുറവാണെന്നുമാത്രമല്ല പലിശയായി ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി ബാധ്യതയുണ്ടെന്നതും ബാങ്ക് നിക്ഷേപത്തിന്റെ ന്യൂനതയാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ഒരുവര്‍ഷത്തിനുള്ളില്‍ ആവശ്യമുള്ളതുമായ തുകയും ബാങ്കില്‍തന്നെ നിക്ഷേപിക്കാം.

കമ്പനി നിക്ഷേപം
അല്പം റിസ്‌ക് എടുക്കാമെങ്കില്‍ മെച്ചപ്പെട്ട ആദായം നേടാന്‍ കമ്പനി നിക്ഷേപം സഹായിക്കും. മികച്ച റേറ്റിങ് ഉള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയ്ക്കും. 

കൂടുതല്‍ നേട്ടം ലഭിക്കുമല്ലോയെന്ന് കരുതി മികച്ച റേറ്റിങ് ഇല്ലാത്ത കമ്പനികളില്‍ നിക്ഷേപിക്കരുത്. മുഴുവന്‍ തുകയും ഒരു കമ്പനിയില്‍തന്നെ നിക്ഷേപമായിടാതിരിക്കാനും ശ്രദ്ധിക്കുക. മികച്ച രണ്ടോ മൂന്നോ കമ്പനികളില്‍ സ്ഥിര നിക്ഷേപമായിടുന്നതും നഷ്ടസാധ്യത കുറയ്ക്കാന്‍ ഉപകരിക്കും.

ഡെറ്റ് സ്‌കീമുകള്‍
ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച നേട്ടം നല്‍കുന്നവയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ ഡെറ്റ് സ്‌കീമുകള്‍. ഓഹരി നിക്ഷേപത്തെപ്പോലെ നഷ്ടസാധ്യത ഡെറ്റ് സ്‌കീമുകള്‍ക്കില്ല. മൂന്ന് വര്‍ഷമോ അതില്‍കൂടുതലോകാലം കൈവശംവെച്ചാല്‍ ആദായ നികുതി ആനുകൂല്യവും ലഭിക്കും. 

നിക്ഷേപ കാലയളവിനനുസരിച്ച് ഡെറ്റ് സ്‌കീമുകളില്‍ നിക്ഷേപിക്കാം. യോജിച്ചവ തിരഞ്ഞെടുക്കുന്നതിലാണ് മിടുക്ക് കാണിക്കേണ്ടത്.

ഉദാഹരണത്തിന്, ഒന്നോ രണ്ടോ ആഴ്ചമുതല്‍ രണ്ടോ മൂന്നോ മാസംവരെമാത്രം പണം പാര്‍ക്ക് ചെയ്യാന്‍ യോജിച്ചവയാണ് ലിക്വിഡ് ഫണ്ടുകള്‍. ആറുമുതല്‍ ഒരുവര്‍ഷംവരെയാണ് നിങ്ങളുടെ നിക്ഷേപ കാലയളവെങ്കില്‍ അള്‍ട്ര ഷോര്‍ട്ട് ടേം ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. രണ്ടോ മൂന്നോ വര്‍ഷത്തേയ്ക്കാണ് നിക്ഷേപമെങ്കില്‍ ഷോര്‍ട്ട് ടേം ഫണ്ടുകളില്‍ നിക്ഷേപമാകാം.

ദീര്‍ഘകാല നിക്ഷപ പദ്ധതികള്‍
നിക്ഷേപത്തിന് ദീര്‍ഘകാല ലക്ഷ്യമാണുള്ളതെങ്കില്‍ ഓഹരി അധിഷ്ടിത നിക്ഷേപ പദ്ധതികളും ദീര്‍ഘകാല ഡെറ്റ് സ്‌കീമുകളും പരിഗണിക്കാം. 

ലോങ് ടേം ഡെറ്റ് സ്‌കീമുകള്‍: 
മൂന്ന് വര്‍ഷത്തേക്കാള്‍ കൂടുതലാണ് നിക്ഷേപ കാലയളവെങ്കില്‍, ഉയര്‍ന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് ആദായ നികുതി ആനുകൂല്യം ലഭിക്കുന്നതിന് ഡെറ്റ് സ്‌കീമുകളില്‍ നിക്ഷേപിക്കാം. മീഡിയം ആന്റ് ലോങ് ടേം ഡെറ്റ് ഫണ്ടുകള്‍, ഇന്‍കം ഫണ്ടുകള്‍ തുടങ്ങിയവ നിക്ഷേപത്തിനായി പരിഗണിക്കാം.  

ഓഹരി അധിഷ്ടിത ഫണ്ടുകള്‍
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ആണ് നിങ്ങളുടെ നിക്ഷേപ കാലയളവെങ്കില്‍ മികച്ച നേട്ടത്തിനായി ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപിക്കാം. 

ആദ്യമായാണ് നിങ്ങള്‍ ഓഹരി അധിഷ്ടിത പദ്ധതികളില്‍ നിക്ഷേപിക്കുന്നതെങ്കില്‍ നഷ്ടസാധ്യത കുറഞ്ഞ ബാലന്‍സ്ഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. നിലവില്‍ ഓഹരി അധിഷ്ടിത ഫണ്ടുകളില്‍ നിക്ഷേപമുള്ളവര്‍ക്ക് മള്‍ട്ടിക്യാപ് ഫണ്ടുകളാണ് യോജിച്ചത്.  

ഓഹരി
നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കുന്നത് മികച്ച നേട്ടമുണ്ടാക്കാന്‍ ഉപകരിക്കും. അതോടൊപ്പം വന്‍ നഷ്ടസാധ്യതയും ഓഹരി നിക്ഷേപത്തിനുള്ളകാര്യം മറക്കേണ്ട. ഓഹരി വിപണിയെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും അറിവുണ്ടെങ്കില്‍മാത്രംമതി നിക്ഷേപം. 

അടിസ്ഥാനമുള്ള ഓഹരികളുടെ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കി തുടര്‍ച്ചയായി നിക്ഷേപിക്കുന്നത് മികച്ച നേട്ടമുണ്ടാക്കാന്‍ സഹായിക്കും. പോര്‍ട്ട് ഫോളിയോയിലുള്ള ഓഹരികളെക്കുറിച്ച് മികച്ച ധാരണ ഉണ്ടാക്കിയെടുക്കുകയും ഇടയ്ക്കിടെ അവയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും വേണം.

feedbacks to:
antonycdavis@gmail.com

പാഠം 39:
നിക്ഷേപത്തിന് യോജിച്ച
സമയം എപ്പോള്‍?
ഉടനെ പ്രതീക്ഷിക്കാം