കോവിഡ് വ്യാപനത്തെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മുംബൈ സ്വദേശി വിനോദ്കുമാര്‍ കഴിഞ്ഞ ഏപ്രിലില്‍ മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി അവസാനിപ്പിച്ച് പണം പിന്‍വലിക്കാനിരുന്നതാണ്. മറ്റുവഴികളുണ്ടെങ്കില്‍ എസ്‌ഐപി നിര്‍ത്തരുതെന്നും നിക്ഷേപം തുടരുകയാണ് വേണ്ടതെന്നും മറുപടി നല്‍കി. 

സൃഹൃത്തക്കളും വീട്ടുകാരും അതിനെ നിരുത്സാഹപ്പെടുത്തി. നഷ്ടമുണ്ടാക്കുന്ന ഓഹരിപോലുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നത് ഇനിയും നിര്‍ത്തിക്കൂടെയെന്നാണ് പലരും അദ്ദേഹത്തോട് ചോദിച്ചത്. കൂടുതല്‍ നഷ്ടമുണ്ടാക്കാന്‍ നിക്കാതെ വിറ്റൊഴിയാന്‍ പലരും അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഏതായാലും എസ്‌ഐപി അദ്ദേഹം നിര്‍ത്തിയില്ല. അതിന്റെഗുണം ലഭിക്കുകയുംചെയ്തു. പോര്‍ട്ട്‌ഫോളിയോയിലെ നെഗറ്റീവ് ആദായത്തിലായിരുന്ന പലഫണ്ടുകളും ഇപ്പോള്‍ ഇരട്ടഅക്ക നേട്ടത്തിലെത്തിയിരിക്കുന്നു.  

മികച്ചനേട്ടത്തിലായ നിക്ഷേപമെല്ലാം പിന്‍വലിച്ചുകൂടെയാന്നാണ് ഈയിടെ വിനോദ്കൂമാര്‍ വീണ്ടും ഇ-മെയിലിലൂടെ ചോദിച്ചത്. പഴയമറുപടിതന്നെയാണ് നല്‍കിയത്. താല്‍ക്കാലികനേട്ടത്തിനായി ഭാവിയില്‍ ലഭിച്ചേക്കാവുന്ന മികച്ച ആദായം നഷ്ടപ്പെടുത്തരുത്. എസ്‌ഐപിയുടെ നിക്ഷേപ സാധ്യതകള്‍ മനസിലാക്കാതെ നിരവധി നിക്ഷേപകരാണ് നേട്ടക്കണക്കുകണ്ട് വ്യാപകമായി നിക്ഷേപം പിന്‍വലിച്ചത്. 

ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയരംകുറിച്ചതോടെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പണംപിന്‍വലിക്കാന്‍തുടങ്ങിയതാണ് പുതിയകാഴ്ച. നവംബറില്‍മാത്രം ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത് 13,000 കോടി രൂപയാണ്. മ്യൂച്വല്‍ ഫണ്ടുകളിലെമൊത്തം ആസ്തിയുമായി താരതമ്യംചെയ്യുമ്പോള്‍ 1.5ശതമാനംമാത്രമാണിത്. 

അഞ്ചുമാസത്തെ കണക്കുനോക്കുകയാണെങ്കില്‍ 24,000 കോടി രൂപയാണ് ഫണ്ടുകളില്‍നിന്ന് നിക്ഷേപകര്‍ പിന്‍വലിച്ചത്. ഫണ്ടുകളിലെത്തുന്ന എസ്‌ഐപി നിക്ഷേപത്തിന്റെതോതിലും കുറവുണ്ടായി. മാര്‍ച്ചിലെ 8,600 കോടി രൂപയില്‍നിന്ന് നവംബറിലെത്തിയപ്പോള്‍ 7,302 കോടിയായി കുറഞ്ഞു. 

നഷ്ടത്തിലായിരുന്ന പലഫണ്ടുകളും ഓഹരി സൂചികകള്‍ ഉയര്‍ന്നപ്പോള്‍ ഇരട്ടഅക്കനേട്ടത്തിലായതാണ് പണംതിരിച്ചെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചതെന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. എന്നാല്‍ ഈ നിക്ഷേപതന്ത്രം എത്രത്തോളംനേട്ടം ഉണ്ടാക്കുമെന്നത് ചിന്തിക്കേണ്ടതാണ്. വിപണി തകര്‍ന്നപ്പോള്‍ ഭയപ്പെട്ട് പിന്‍വലിച്ചവരും വിപണി ഉയര്‍ന്നപ്പോള്‍ അത്യാഗ്രഹംകൊണ്ട് പണംതിരിച്ചെടുത്തവരും അറിയേണ്ടാകാര്യങ്ങളാണ് ഇനി പറയുന്നത്. 

വിപണി ഉയരുമ്പോള്‍
വിപണി ഉയരുന്നതും തകരുന്നതും ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. വിശകലനവിദഗ്ധരെപ്പോലും ഞെട്ടിച്ച് കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള തകര്‍ച്ചയില്‍നിന്ന് മാസങ്ങള്‍ക്കുള്ളിലാണ് സൂചികകള്‍ കുതിച്ചത്. റെക്കോഡ് ഉയരത്തില്‍നിന്ന് വീണ്ടുമൊരുതകര്‍ച്ചയും ഉണ്ടായിക്കൂടെന്നില്ല. ചിലപ്പോള്‍ നേട്ടത്തിന്റെവേഗം തുടരുകയുംചെയ്യും.

ഈ സാഹചര്യത്തില്‍ താല്‍ക്കാലിക നേട്ടത്തില്‍ കുടങ്ങി നിക്ഷേപകര്‍ തീരുമാനമെടുക്കരുത്. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി എസ്‌ഐപിവഴി നിക്ഷേപം നടത്തുന്നവര്‍ അതുതുടരുക. വിപണിയിലെ ചാഞ്ചാട്ട സ്വാഭാവമാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെ കൂടുതല്‍നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നത്. തകര്‍ച്ചയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് കൂടുതല്‍ ആദായം ലഭിക്കാന്‍ അവസരംലഭിക്കുന്നു. അതുപോലെ വിപണി ഉയരുമ്പോള്‍ മികച്ചനേട്ടവും സ്വന്തമാക്കാം. ദീര്‍ഘകാലയളവില്‍ മികച്ച ആദായംലഭിക്കാന്‍ ഈ ചാഞ്ചാട്ടസ്വഭാവമാണ് സഹായിക്കുന്നത്.  

അങ്ങനെയെങ്കില്‍ എപ്പോള്‍ പിന്‍വലിക്കും?
നിക്ഷേപ ലക്ഷ്യത്തിനുള്ള കാലയളവ് പൂര്‍ത്തിയാകുകയോ അടുത്തെത്തുകയോ ചെയ്തിട്ടുള്ളവര്‍ക്ക് നിക്ഷേപം പിന്‍വലിക്കാന്‍ യോജിച്ചസമയമണിത്. അവര്‍ക്ക് നിക്ഷേപം പിന്‍വലിച്ച് സുരക്ഷിത പദ്ധതികളിലേയ്ക്കുമാറ്റാം. അതുമല്ല നിക്ഷേപലക്ഷ്യതുക ഇതിനകം സമാഹരിക്കാന്‍ കഴിഞ്ഞവരും കാലാവധിപൂര്‍ത്തിയാക്കാന്‍ കാത്തിരിക്കേണ്ടതില്ല. 

മറ്റ് നിക്ഷേപകര്‍
ഒറ്റത്തവണയായി ഫണ്ടുകളില്‍നിക്ഷേപിച്ച് മികച്ച ആദായംലഭിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്‍വാങ്ങാം. ഇക്വിറ്റി ഫണ്ടുകളില്‍ ഒറ്റത്തവണ നിക്ഷേപംനടത്തുമ്പോള്‍ നഷ്ടസാധ്യതഏറെയാണ്. പ്രത്യേകിച്ച് വിപണി ഉയര്‍ന്നുനില്‍ക്കുന്ന സമയത്ത്. ഫണ്ടുകളില്‍ നിക്ഷേപം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണി താഴുന്നത് നോക്കിയിരിക്കേണ്ടതുമില്ല. എസ്‌ഐപി രീതിയില്‍ നിക്ഷേപം തുടങ്ങാന്‍ വിപണിയിലെ ഉയര്‍ച്ചയോ താഴ്ചയോ നോക്കേണ്ടതില്ല.

പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണം
പോര്‍ട്ട്‌ഫോളിയോ വൈവിധ്യവതകരണം വേണ്ടരീതിയില്‍ ക്രമീകരിക്കാന്‍ കഴിയാത്തവര്‍ക്ക് അതിന് യോജിച്ച സമയമാണിപ്പോള്‍. ഇക്വിറ്റി ഫണ്ടുകളില്‍ നിശ്ചിതഅനുപാതത്തില്‍ക്കൂടുതല്‍ നിക്ഷേപമുണ്ടെങ്കില്‍ ആതുക പിന്‍വലിച്ച് മറ്റുപദ്ധതികളിലേയ്ക്കമാറ്റാം. ഇതിനായി എസ്ടിപി, എസ്ഡബ്ല്യുപി എന്നീമാര്‍ഗങ്ങളും പരിഗണിക്കാം. 

നിക്ഷേപം എസ്‌ഐപിവഴിമാത്രം
ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്ന് മികച്ച ആദായം ലഭിക്കാന്‍ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി എസ്‌ഐപി മാതൃകയില്‍മാത്രം നിക്ഷേപിക്കുക. ഓഹരി വിപണി തകരുന്നതോ റെക്കോഡ് ഭേദിക്കുന്നതോ കണക്കിലെടുക്കാതെ ഫണ്ടുകളുടെ പ്രകടനംമാത്രം വിലയിരുത്തി നിക്ഷേപംനടത്തുക. 

ചുരുക്കത്തില്‍
പുതിയ നിക്ഷേപകര്‍: റെക്കോഡ് ഉയരത്തിലായതിനാല്‍ ഭാവിയില്‍ വിപണി കൂപ്പുകുത്തുമോയന്ന് പുതിയ നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപം തുടങ്ങാന്‍ യോജിച്ചസമയംഎന്നൊന്നില്ല. ദീര്‍ഘകാല ലക്ഷ്യത്തിനായി ഇന്നുതന്നെ എസ്‌ഐപി തുടങ്ങാം. 

നിലവിലെ നിക്ഷേപകര്‍: എസ്‌ഐപി നിക്ഷേപത്തിലെ മാന്ത്രികത ദര്‍ശിച്ചവരാണ് നിങ്ങള്‍. അതുകൊണ്ടുതന്നെ വിപണിയുടെ ഉയര്‍ച്ചതാഴ്ചകളില്‍ നിക്ഷേപം തുടരുക. 

ലക്ഷ്യത്തോടടുത്തവര്‍: സാമ്പത്തിക ലക്ഷ്യങ്ങളോടടുത്തവര്‍ ഘട്ടംഘട്ടമായി നിക്ഷേപം പിന്‍വലിച്ച് ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലേയ്‌ക്കോ ബാങ്കിലേയ്‌ക്കോ മാറ്റുക. ബാങ്ക് അക്കൗണ്ടിനേക്കാല്‍ കൂടുതല്‍ ആദായം ഷോര്‍ട്ട് ഡ്യൂറേഷന്‍ ഡെറ്റ് ഫണ്ടുകളില്‍നിന്ന് ലഭിക്കും. 

ഒറ്റത്തവണയായി നിക്ഷേപിക്കുന്നവര്‍: ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ ഒറ്റത്തവണയായി നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് വിപണി ഉയര്‍ന്നുനില്‍ക്കുന്ന നിലവിലെ സാഹചര്യത്തില്‍. ബാങ്കിലോ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലോ മൊത്തം തുക നിക്ഷേപിച്ചശേഷം നിശ്ചിത തുകവീതം ഇക്വിറ്റി ഫണ്ടിലേയ്ക്ക് മാറ്റുന്ന(എസ്‌ഐപി)നിക്ഷേപരീതി പിന്തുടരുക. 

മാര്‍ച്ചില്‍ നിക്ഷേപം പിന്‍വലിച്ചവര്‍: വിപണി തകര്‍ന്ന മാര്‍ച്ചില്‍ ഭയന്ന് നിക്ഷേപം പിന്‍വലിച്ചവര്‍ വിപണിയുടെ ഉയര്‍ച്ചകണ്ട് വന്‍തുക നിക്ഷേപിക്കാന്‍ തുനിയരുത്. ആദ്യം സാമ്പത്തിക ലക്ഷ്യങ്ങള്‍ വിലയിരുത്തുക. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ മുന്നില്‍ കണ്ട് നിശ്ചിത തുകവീതം എസ്‌ഐപിയായി നിക്ഷേപംതുടങ്ങുക. തുകയനുസരിച്ച് ആറുമാസം മുതല്‍ 18മാസംവരെയായി നിക്ഷേപം ക്രമീകരിക്കാം.

feedbacks to:
antonycdavis@gmail.com

ശ്രദ്ധിക്കാന്‍: വിപണി ഉയരുമ്പോഴും തകരുമ്പോഴും നിക്ഷേപിക്കുന്നത്‌ ലഭിക്കുന്ന യൂണിറ്റുകള്‍ ആവറേജ് ചെയ്യാന്‍ സഹായിക്കും. ചാഞ്ചാട്ടം നിക്ഷേപകര്‍ക്ക് ഗുണകരമാകുന്നത് ഈ സാഹചര്യത്തിലാണ്. വാങ്ങുന്നകാലയളവില്‍ വിപണി ഇടിയുമ്പോഴും വില്‍ക്കുന്നകാലത്ത് വിപണി ഉയരുമ്പോഴും യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്തനേട്ടമാണ് നിക്ഷേപകന് ലഭിക്കുക. നിക്ഷേപലക്ഷ്യം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം ബാക്കിയുള്ളപ്പോള്‍ മുതല്‍ വിപണിയുടെ നീക്കം വിലയിരുത്താം; തീരുമാനമെടുക്കാം.