പുതിയ കാറ് വാങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നുവർഷംമുമ്പ് ജോഷി തോമസ് നിക്ഷേപം തുടങ്ങിയത്. നിക്ഷേപ പാഠങ്ങളുടെ സ്ഥിരം വായനക്കാനായ അദ്ദേഹം അതിനുവേണ്ടി മടിച്ചാണെങ്കിലും മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിക്കുകയായിരുന്നു. 

താരതമ്യേന റിസ്‌ക് കുറഞ്ഞ, അഗ്രസീവ് ഹൈബ്രിഡ്‌ കാറ്റഗറിയിലുള്ള ഐസിഐസിഐ പ്രൂഡൻഷ്യൽ ഇക്വിറ്റി ആൻഡ് ഡെറ്റ് ഫണ്ടായിരുന്നു അതിനായി തിരഞ്ഞെടുത്തത്. നിക്ഷേപ പാഠത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അദ്ദേഹം ഫണ്ടിന്റെ ഡയറക്ട്‌ പ്ലാനിൽ പ്രതിമാസം 20,000 രൂപ വീതം നിക്ഷേപിക്കുകയുംചെയ്തു. 2017 ജനുവരിയിൽ തുടങ്ങിയ നിക്ഷേപം 2020 ഓഗസ്റ്റുവരെ തുടർന്നു. 

കോവിഡ് പ്രതിസന്ധിയെതുടർന്ന് ഓഗസ്റ്റിനുശേഷം മാസംതോറുമുള്ള നിക്ഷേപം തുടരാനായില്ല. നിക്ഷേപം തിരിച്ചെടുക്കാതെ ഫണ്ടിൽതന്നെ നിലനിർത്തി. തല്‍ക്കാലം പഴയ കാറുതന്നെ ഉപയോഗിക്കാനും കോവിഡിനുശേഷം പുതിയതിനെക്കുറിച്ച് ചിന്തിക്കാമെന്നും അദ്ദേഹം തീരുമാനിച്ചു. 

2017 മുതൽ 2021വരെ ചാഞ്ചാട്ടങ്ങളിലൂടെ വിപണി കടന്നുപോയി. അദ്ദേഹം അയച്ചുതന്നെ സ്‌റ്റേറ്റുമെന്റ് പ്രകാരം നിക്ഷേപത്തിന്റെ മൊത്തം മൂല്യം (2021 നവംബര്‍ 9ലെ കണക്കുപ്രകാരം) 15.39 ലക്ഷം രൂപയാണ്. ആദായമാകട്ടെ 21.1ശതമാനവും. കാറുവാങ്ങാനായി എട്ടര ലക്ഷം രൂപ നിക്ഷേപിച്ച അദ്ദേഹത്തിന് അധികമായി ലഭിച്ചത് 6.94 ലക്ഷം രൂപ. മകന്റെ ഉന്നത വിദ്യാഭ്യാസത്തിനായി അതിലൊരുഭാഗം അദ്ദേഹം പിൻവലിക്കാൻ തീരുമാനിച്ചു. 10 ലക്ഷം രൂപക്കുതാഴെ വിലയുള്ള കാറ് വാങ്ങാനാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പ്ലാൻ. 

സമഗ്രമായ സാമ്പത്തിക ആസൂത്രണമൊന്നുമില്ലാതെ കിട്ടിയാൽ കിട്ടിയെന്ന മട്ടിലായിരുന്നു ജോഷിയുടെ നിക്ഷേപം. ലക്ഷ്യങ്ങൾക്കനുസൃതമായി പ്ലാൻ തയ്യാറാക്കി നേരത്തെ നിക്ഷേപം തുടങ്ങാതിരുന്നതിനെക്കുറിച്ച് പരിതപിക്കുകയാണ് 54കാരനായ ജോഷി ഇപ്പോൾ. 

അറിവില്ലായ്മ ന്യായമല്ല
അറിവില്ലായ്മകൊണ്ടോ ഭയംകൊണ്ടോ മികച്ചനേട്ടത്തിന്റെ നിക്ഷേപവഴികൾ തിരഞ്ഞെടുക്കാതിരുന്ന ലക്ഷക്കണക്കിന് മലയാളികളുള്ള നാടാണിത്. ഇന്ത്യയിലെ 9.4ശതമാനം കുടുംബങ്ങൾക്കുമാത്രമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമുള്ളത്. അസറ്റ് മാനേജുമെന്റ് സ്ഥാപനങ്ങൾ കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി രാജ്യത്തിന്റെ ജിഡിപിയുടെ 12ശതമാനംമാത്രവുമാണ്. ലോകമൊട്ടാകെയുള്ള കണക്കെടുക്കുകയാണെങ്കിൽ ഇത് ശരാശരി 63ശതമാനമാണെന്ന് ഓർക്കണം. മറ്റ് വികസ്വര രാജ്യങ്ങളായ ബ്രസീൽ (ജിഡിപിയുടെ 68ശതമാനം), ദക്ഷിണാഫ്രിക്ക(ജിഡിപിയുടെ 48ശതമാനം)എന്നിവ ഇന്ത്യയേക്കാൾ ബഹുദൂരംമുന്നിലാണ്. ഓഹരി നിക്ഷേപത്തിന്റെ പരമാവധിനേട്ടം സ്വന്തമാക്കാൻ ആഗോളതലത്തിൽ നിക്ഷേപകർ പരിശ്രമിക്കുമ്പോൾ അതുവേണ്ടെന്നുവെക്കാനാണ് ഇവിടെ ഏറെപ്പേർക്കും താൽപര്യം. 

എൽഐസിയും ഇപിഎഫും
എൽഐസി പോളിസിയില്ലാത്ത മലയാളികൾ ഇല്ലെന്നുതന്നെ പറയാം. സുരക്ഷിത നിക്ഷേപത്തോടൊപ്പം ഇൻഷുറൻസും ലഭിക്കുമെന്നതാണ് മണിബാക്ക്, എൻഡോവ്‌മെന്റ് പോളിസികളിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപകനിൽനിന്ന് പ്രീമിയമിനത്തിൽ സമാഹരിക്കുന്ന വലിയൊരുതുക എൽഐസി എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ഈ പോളിസി ഉടമകൾ ചിന്തിച്ചിട്ടുണ്ടോ? രാജ്യത്തെ ഏറ്റവുംവലിയ ഓഹരി നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ് എൽഐസി. ഓരോ വർഷം പിന്നിടുമ്പോഴും എൽഐസിയുടെ ഓഹരി നിക്ഷേപ വിഹിതം കുത്തനെയാണ് ഉയരുന്നത്. 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെകാര്യത്തിലേക്കുവരാം. ഇപിഎഫിലെത്തുന്ന വരിക്കാരുടെ വിഹിതം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനെതിരെ ഒരുകാലത്ത് തൊഴിലാളി സംഘടനകളുടെ പ്രതിഷേധം വ്യാപകമായിരുന്നു. മറ്റേത് സ്ഥിര നിക്ഷേപ പദ്ധതികളേക്കാളും ഉയർന്ന പലിശ (8.5ശതമാനം)നൽകാൻ ഇപിഎഫിന് കഴിയുന്നത് ഓഹരിയിൽനിന്നുള്ള ആദായംകൊണ്ടാണ്. ഇക്കാര്യം ഇപിഎഫ്ഒ ഈയിടെ വ്യക്തമാക്കുകയുംചെയ്തതാണ്. ഇപിഎഫിന് സമാനമായ പദ്ധതികളായ പിപിഎഫിനും ജിപിഎഫിനും നിലവിൽ നൽകുന്ന പലിശ 7ശതമാനത്തോളമാണെന്നും അറിയുക. 

മടിച്ചുനിന്നവർ പിന്തള്ളപ്പെടും
പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കുന്ന പദ്ധതികളിൽ നിശ്ചിതശതമാനം നിക്ഷേപംനടത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. അഞ്ച് ശതമാനം ബാങ്ക് പലിശയെ ആശ്രയിച്ച് പുതിയകാലത്ത് ജീവിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നതുതന്നെ ബാലിശമാണ്. എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് സ്ഥിരനിക്ഷേപ പദ്ധതികളുടെ പലിശ കുറഞ്ഞപ്പോൾ ഓഹരി വിപണിയിൽ ഭാഗ്യംപരീക്ഷിക്കാൻ എടുത്തുചാടിയവരും ചാടിക്കൊണ്ടിരിക്കുന്നവരുമുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിച്ച് ക്ഷമയോടെ കാത്തിരിക്കാൻ കഴിയുമെങ്കിൽ മാത്രമെ ഓഹരി അധിഷ്ഠിത പദ്ധതികളിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാൻ കഴിയൂഎന്ന് ആദ്യംമനസിലാക്കുക. അതിന് ഏറ്റവും മികച്ചവഴിയാണ് മ്യൂച്വൽ ഫണ്ടിന്റേത്. 

ഓരോരുത്തരുടെയും റിസ്‌ക് എടുക്കാനുള്ള കഴിവിനനുസരിച്ച് മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാം. 

നഷ്ടസാധ്യത കുറഞ്ഞ ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ടുവേണം എസ്‌ഐപിയായി നിക്ഷേപം നടത്താന്‍.  

Equity: Large cap
Fund Return(%)
1year 3 year 5 year 7 year
Axis Bluechip Fund  45.04 24.98 20.85 15.70
Canara Robeco Bluechip Eqt 48.57 25.53 19.82 15.65
HDFC Index Fund - Sensex Plan 45.27 20.86 17.95 12.80
ICICI Pru Sensex Index Fund 45.04 20.96 - -
Mirae Asset Large Cap 49.81 21.86 18.39 16.22

വന്‍കിട കമ്പനികളിലും അതേസമയം, വളര്‍ച്ചാ സാധ്യതയുള്ള മിഡ് ക്യാപ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തുന്നത്. നേരിയതോതില്‍ റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അനുയോജ്യം. മികച്ച നേട്ടസാധ്യതയും ഫണ്ടിലെ നിക്ഷേപം നല്‍കുന്നു. അഞ്ചുമുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.

Equity: Large cap & Mid cap
Fund Return(%)
1year 3 year 5 year 7 year
Canara Robeco Emerging Equities Fund 59.34 26.41 20.32 19.64
Quant Large and Mid Cap 67.67 24.80 16.95 18.79
Kotak Equity Opportunities Fund 52.90 24.01 17.66 16.20
Mirae Asset Emerging Bluechip 64.99 30.02 22.73 22.63
Edelweiss Large & Mid Cap 60.12 25.69 19.21 15.88

മികച്ച മൂലധനനേട്ടം നിക്ഷേപകന് നല്‍കുകയെന് ലക്ഷ്യത്തോടെ വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിക്കുന്നവയാണ് മള്‍ട്ടിക്യാപ് ഫണ്ടുകള്‍. താരതമ്യേന മികച്ച നേട്ടം പ്രതീക്ഷിക്കാം. അഞ്ചുവര്‍ഷം മുതല്‍ ഏഴുവര്‍ഷംവരെ കാലാവധി മുന്നില്‍കണ്ട് നിക്ഷേപം നടത്താം.

Equity: Flexi Cap
Fund Return(%)
1year 3 year 5 year 7 year
Axis Focused 25 Fund 52.51 25.04 21.22 18.33
DSP Flexi Cap Fund 59.20 27.01 18.93 15.85
Canara Robeco Flexi Cap 53.42 25.92 20.41 15.39
PGIM India Flexi Cap 71.88 33.68 23.08 -
SBI Focused Equity Fund 65.62 27.88 20.68 18.43

റിസ്‌ക് എടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് യോജിച്ച ഫണ്ടുകളാണ് ഈ കാറ്റഗറിയിലുള്ളത്. വളര്‍ന്നുവരുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നതിനാല്‍ താരതമ്യേന റിസ്‌ക് കൂടുതലാണ്. അതേസമയം, മികച്ച നേട്ടം പ്രതീക്ഷിക്കാം. ഏഴുവര്‍ഷമെങ്കിലും മുന്നില്‍കണ്ട് എസ്‌ഐപിയായി നിക്ഷേപം നടത്താം.

Equity: Mid cap
Fund Return(%)
1year 3 year 5 year 7 year
Axis Midcap Fund 63.85 30.35 23.45 19.14
DSP Midcap Fund 51.13 25.00 17.42 17.72
Invesco India Midcap 67.82 27.11 20.78 18.99
Kotak Emerging Equity Fund 73.38 29.12 19.76 19.83
PGIM India Midcap Opp.   94.73 39.29 23.80 19.66

അതീവ നഷ്ടസാധ്യതയും അതോടൊപ്പം മികച്ച നേട്ടസാധ്യതയുമുള്ള വിഭാഗമാണ് സ്‌മോള്‍ ക്യാപ്. റിസ്‌ക് എടുക്കാന്‍ ശേഷിയില്ലാത്തവര്‍ ഈ വിഭാഗത്തില്‍ നിക്ഷേപിക്കാതിരിക്കുകയാണ് നല്ലത്. ചുരുങ്ങിയത് ഏഴു മുതല്‍ പത്തുവര്‍ഷംവരെയെങ്കിലും എസ്‌ഐപിയായി നിക്ഷേപിച്ചാല്‍ മികച്ച നേട്ടം പ്രതീക്ഷിക്കാം. 

Equity: Small Cap
Fund Return(%)
1year 3 year 5 year 7 year
Axis Small Cap Fund 77.84 35.11 23.24 20.87
Kotak Small Cap 106.50 38.17 23.48 21.95
Nippon India Small Cap 99.97 29.72 23.21 21.56
SBI Small Cap Fund 77.82 30.74 23.81 24.99

80സി പ്രകാരം നികുതിയിളവ് ലഭിക്കുന്ന ഇഎല്‍എസ്എസ് ഫണ്ടുകളാണിവ. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയ്ക്കുവരെയുള്ള നിക്ഷേപത്തിന് നികുതിയിളവ് ലഭിക്കും. മൂന്നുവര്‍ഷത്തെ ലോക്ക് ഇന്‍ പിരിയഡ് ഉണ്ട്. ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കാവുന്ന കാറ്റഗറികൂടിയാണിത്.

Equity: ELSS
Fund Return(%)
1year 3 year 5 year 7 year
Mirae Asset Tax Saver 61.09 28.51 23.33 -
Axis Long Term Equity Fund 52.50 24.52 19.85 17.08
DSP Tax Saver Fund 64.31 26.31 18.48 17.01
Invesco India Tax Plan 57.02 24.05 19.28 17.01
Canara Robeco Eqt Tax Saver 58.29 28.18 21.08 16.26

ഡെറ്റിലും ഓഹരിയിലും നിക്ഷേപിക്കുന്ന ഫണ്ടാണിത്. ആദ്യമായി ഓഹരി അധിഷ്ഠിത ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യം. ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം നിക്ഷേപം നടത്താന്‍. 

Hybrid: Aggressive Hybrid
Fund Return(%)
1year 3 year 5 year 7 year
Canara Robeco Equity Hybrid Fund 37.69 21.04 16.35 14.64
Mirae Asset Hybrid Equity 41.94 20.42 17.12 -
Kotak Equity Hybrid 47.15 22.97 15.60 14.07
SBI Equity Hybrid Fund 41.54 19.67 15.21 14.29

*ഫണ്ടുകളുടെ ഡയറക്ട് പ്ലാനിലെ ആദായമാണ് നൽകിയിട്ടുള്ളത്. (Retun as on Nov 8, 2021)

feedback to:
antonycdavis@gmail.com

കുറിപ്പ്: മറ്റുള്ളവരുടെ അനുഭവത്തിൽനിന്ന് പഠിക്കാൻ കഴിയുന്നവർക്കാണ് എക്കാലത്തും മുൻനിരയിൽ ഓടാൻകഴിയുക. സ്വന്തം അനുഭവത്തിൽനിന്ന് പഠിക്കാൻ കാത്തിരുന്നാൽ പണംമാത്രമല്ല സമയവും നഷ്ടമാകും. 54-ാമത്തെ വയസ്സിലാണ് ജോഷി തോമസിന് സ്വന്തം അനുഭവത്തിലൂടെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞത്. ചെറുപ്രായത്തിൽ നിക്ഷേപം ആരംഭിക്കാൻ പുതുതലമുറയെങ്കിലും ശ്രദ്ധിക്കട്ടെ. ഓഹരിയിലേക്ക് എടുത്തുചാടി പെട്ടെന്ന് പണമുണ്ടാക്കുകയല്ല ലക്ഷ്യമെന്ന് മനസിലാക്കുക. അതിനായി ക്ഷമയോടെ കാത്തിരിക്കുകയുംവേണം.