ഇതുപോലെ ഉപദേശംകേട്ട എന്റെ 60,000 രൂപ ഗോപിയായി. ഓഹരി ഡീലിസ്റ്റ് ചെയ്തു. ഇപ്പോ കോട്ടുവാ ഇടാന്‍പോലും മൂഡില്ല-  (സ്വകാര്യതമാനിച്ച് ഐഡന്റിറ്റി വെളിപ്പെടുത്തുന്നില്ല)

ഹരിയില്‍ നിക്ഷേപിച്ച് കൈപൊള്ളിയ ഒരുവ്യക്തിയുടെ പ്രതികരണമാണിത്. ഓഹരിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് എഴുതുമ്പോഴൊക്കെ ഇത്തരത്തിലുള്ള നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിന് കാരണവുമുണ്ട്. നിക്ഷേപിക്കുന്ന 90ശതമാനത്തിനും പണംനഷ്ടമാകുന്നതുതന്നെ. 

എന്തുകൊണ്ട് പണം നഷ്ടപ്പെടുന്നു
സുമേഷിന്റെയും വിനോദിന്റെയും അനുഭവം പരിശോധിക്കാം. 2004 ജനുവരിയിലാണ് സുഹൃത്തുക്കളായ ഇരുവരും ഓഹരി നിക്ഷേപത്തിലേയ്ക്കിറങ്ങുന്നത്. ഓഹരിയില്‍നിന്ന് മികച്ചനേട്ടം ദിനംപ്രതിയുണ്ടാക്കാമെന്ന വ്യാമോഹത്തോടെയായിരുന്നു ഇരുവരും പ്രമുഖ ഓഹരി ബ്രോക്കര്‍ വഴിയാണ്‌ ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും എടുത്തത്. 

ഇരുവരും തുടക്കത്തില്‍ ബ്രോക്കറെ വിളിച്ചും പിന്നീട് ഓണ്‍ലൈനിലും ഡേട്രേഡിങ് ആരംഭിച്ചു. അന്നൊക്കെ 50 രൂപയുടെ 100 ഓഹരി വാങ്ങിയാല്‍ 60 രൂപയാകുമ്പോള്‍ വിറ്റു ലാഭമെടുത്തിരുന്നു. ചിലദിവസങ്ങളില്‍ ലാഭവും മറ്റുചില ദിവസങ്ങളില്‍ നഷ്ടവുമുണ്ടായി. 

നിക്ഷേപിച്ചതുകപോലും പൂര്‍ണമായി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായപ്പോള്‍ ഇരുവരും മാനസിക സംഘര്‍ഷത്തിലായി. നഷ്ടത്തിന്റെ കണക്കെടുക്കാനൊന്നും നില്‍ക്കാതെ വിനോദ് അവശേഷിച്ച ഓഹരിയുംവിറ്റ് അക്കൗണ്ട് ക്ലോസ് ചെയ്തു. 

അതേസമയം, എന്തുകൊണ്ട് നഷ്ടമുണ്ടായി എന്ന ചിന്തിയിലായിരുന്നു സുമേഷ്. ഇക്കാര്യം ഒരു സാമ്പത്തിക വിദഗ്ധനുമായി ചര്‍ച്ച ചെയ്തു. അദ്ദേഹത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തമായി പഠിച്ച് മുന്നോട്ടുപോകാന്‍ സുമേഷ് തീരുമാനിച്ചു.  

മികച്ച അടിസ്ഥാനമുള്ള നാല് ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ തീരുമാനിച്ചു. അതിനുള്ള അന്വേഷണത്തിലായി അദ്ദേഹം. എസ്ബി അക്കൗണ്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരിയില്‍ നിക്ഷേപിക്കാമെന്ന് ആദ്യം തീരുമാനിച്ചു. അതുപോലെതന്നെ പരിചയമുള്ള മൂന്ന് കമ്പനികള്‍കൂടി തിരഞ്ഞെടുത്തു. 

ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ് എന്നിവയായിരുന്നു മറ്റ് കമ്പനികള്‍. ഈ കമ്പനികളുടെ 100 ഓഹരികള്‍ വീതം അദ്ദേഹം വാങ്ങി. അത് പ്രത്യേക പോര്‍ട്ട്‌ഫോളിയോ ആക്കി സൂക്ഷിച്ചു. ഇടയ്‌ക്കെപ്പോഴോ മറ്റുചില ഓഹരികള്‍ വാങ്ങിയെങ്കിലും മികച്ചനേട്ടം ലഭിച്ചപ്പോള്‍ വിറ്റൊഴിയുകയും ചെയ്തു. വിരമിച്ചശേഷമുള്ള ജീവിതത്തിനായി നാല് ഓഹരികളും അദ്ദേഹം ദീര്‍ഘകാലം കൈവശം സൂക്ഷിച്ചു.

നേട്ടംവിലയിരുത്താം
കോവിഡ് വ്യാപനംമൂലം ആഗോള വ്യാപകമായി ഓഹരി വിപണി ഇടിഞ്ഞതിനാല്‍ സുമേഷ് കുത്തുപാളയെടുത്തിട്ടുണ്ടാകുമെന്നാകും വിനോദിനെപ്പോലെയുള്ളവര്‍ ചിന്തിച്ചിട്ടുണ്ടാകുക. നിക്ഷേപത്തെക്കുറിച്ച് സുമേഷിന് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കോവിഡ് അല്ല അതിലപ്പുറംവന്നാലും പ്രശ്‌നമില്ലെന്ന നിലപാടിലായിരുന്നു അയാള്‍. 

ഏപ്രില്‍ 14ലെ ക്ലോസിങ് നിരക്ക് പ്രകാരം ഈ ഓഹരികളില്‍നിന്നുള്ള ആദായം 22.9 ശതമാനത്തിലേറെയാണ്. 2,31,925(2.31 ലക്ഷം) രൂപയാണ് അദ്ദേഹം നിക്ഷേപിച്ചത്. ഇപ്പോഴത് 43,44,495(43.44 ലക്ഷം) രൂപയായി വളര്‍ന്നിരിക്കുന്നു. കാലാകാലങ്ങളില്‍ ഈ ഓഹരികളില്‍നിന്ന് ലാഭവിഹിതവും ലഭിച്ചുകൊണ്ടിരിക്കുന്നു. 

നേട്ടത്തിന്റെ ചരിത്രം
Company Buying Cost
(Per Share)
Last Price Total Cost
Cost per share
Current Value
Shares*
Total Return(Rs)** Return %pa
Asian Paints​ 320.05 1680.85 32,005
32.01
16,80,850
1000 Shares
17,26,145 31.9
HDFC Bank 520.35 895.35 52,035
52.04
8,95,350
1,000 Shares
8,88,790 21.6
HUL​ 143.40 2,346.45 14,340
143.40
2,34,645
100 Shares
2,37,805 22.5
TCS 1335.45 1,759.25 1,33,545
166.93
14,07,400
800 Shares
14,91,755 19.2
Total Stocks     2,31,925 42,18,245 43,44,495 22.9

2020 ഏപ്രില്‍ 13ലെ ക്ലോസിങ് നിരക്ക് അടിസ്ഥാനമാക്കി തയ്യാറാക്കിയത്. *ഓഹരി സ്പ്‌ളിറ്റ് ചെയ്തതിനെതുടര്‍ന്നാണ് നിക്ഷേപിച്ച 100 ഓഹരി 1000ആയത്.** ലാഭവിഹിതം ഉള്‍പ്പടെയുള്ള തുക.നിക്ഷേപിച്ച തിയതി: 2004 ഡിസംബര്‍ 31.

പണം നഷ്ടപ്പെടുന്നത് എന്തുകൊണ്ട്
വാങ്ങുന്ന ഓഹരിയെക്കുറിച്ച് ഒന്നുംഅറിയാതെ, ടിപ്‌സുകള്‍ അടിസ്ഥാനമാക്കിമാത്രം നിക്ഷേപിക്കുന്നതാണ്‌ നഷ്ടത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

വാങ്ങിയ ഓഹരിയുടെ വില ചെറിയതോതില്‍കൂടുമ്പോള്‍ വിറ്റ് ലാഭമെടുക്കാനുള്ള അത്യാഗ്രഹം. വിലകുറയുന്നതുകണ്ട് ആശങ്കയിലായി ഓഹരി വിറ്റൊഴിയുന്നതും ഇവര്‍ക്കുപറഞ്ഞിട്ടുള്ളതാണ്. ഊഹോപോഹങ്ങളും ടിപ്‌സുകളും അടിസ്ഥാനമാക്കി വാങ്ങിയ ഓഹരി മോശമാണെന്നറിഞ്ഞാലും ദീര്‍ഘകാലം കൈവശംവെയ്ക്കാനുള്ള ശ്രമവും ഒഴിവാക്കണം.

അറിവില്ലാത്ത ഒരുകാര്യം ചെയ്താല്‍ കുഴിയില്‍ ചാടുമെന്നകാര്യത്തില്‍ സംശയംവേണ്ട. വേഗംപണമുണ്ടാക്കാമെന്നുകരുതിയാണ് പരിചയക്കുറവൊന്നും കണക്കാക്കാതെ പലരും വിപണിയിലേയ്ക്കിറങ്ങുന്നത്. പഠനം നടത്താതെയുംമറ്റും ആരെങ്കിലും പറഞ്ഞുകേട്ട ഓഹരികളിലാകും പിന്നെ നിക്ഷേപം. ഇതൊക്കെയാണ് ഓഹരി നിക്ഷേപത്തിലൂടെപണം ചോരാനുള്ള കാരണം.

എങ്ങനെ നേട്ടമുണ്ടാക്കാം
വളര്‍ച്ചാസാധ്യതയുള്ള കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാന്‍ ശ്രമിക്കണം. സുമേഷ് ചെയ്തതും അതാണ്. പരിചയമുള്ള കമ്പനികള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്തത്. തിനിക്ക് എക്കൗണ്ടുള്ള എച്ച്ഡിഎഫ്‌സി ബാങ്കും, പെയിന്റ് ചെയ്യാനായി തിരഞ്ഞെടുത്ത കമ്പനിയും വീട്ടില്‍ വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുണ്ടാക്കുന്ന സ്ഥാപനവും അങ്ങനെ അദ്ദേഹത്തിന്റോ പോര്‍ട്ട്‌ഫോളിയോയുടെ ഭാഗമായി. 

കമ്പനിയുടെ യഥാര്‍ഥ മൂല്യത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമായ ഓഹരികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കണം. ഇടയ്ക്കിടെ നിരീക്ഷിച്ച് ദീര്‍ഘകാലം ക്ഷമയോടെ കാത്തിരിക്കുകയും വേണം. സുമേഷ് ഓഹിയില്‍ നിക്ഷേപിച്ചിട്ട് ഇപ്പോള്‍ 15 വര്‍ഷം പിന്നിട്ടുവെന്ന് ഓര്‍ക്കണം. ഓഹരി വില ഇരട്ടിയോളമായിട്ടും വില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. 

അതുപോലെതന്നെ 2008ല്‍ നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയപ്പോള്‍ വിറ്റൊഴിയാനും അദ്ദേഹം ശ്രമിച്ചില്ല. ക്ഷമയോടെ കാത്തിരുന്നു. ആകാത്തിരിപ്പിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. 

വിനോദ് നിക്ഷേപിച്ച ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 30 മുതല്‍ 40 ശതമാനംവരെ നഷ്ടത്തിലാണ് ഇപ്പോള്‍. എങ്കിലും അദ്ദേഹത്തിന്റെ ഓഹരികള്‍ ഇപ്പോള്‍ 22 ശതമാനത്തിലേറെ നേട്ടത്തിലാണെന്നകാര്യം മറക്കേണ്ട. കഴിയുമെങ്കില്‍ ഈ ഓഹരികളില്‍ ഇപ്പോള്‍ കുറച്ചുകൂടി നിക്ഷേപം നടത്താനാണ് അദ്ദേഹത്തിന്റെ ശ്രമം. 

വാങ്ങിയ ഓഹരി ദീര്‍ഘകാലം കൈവശംവെച്ചാല്‍ നേട്ടങ്ങളേറെയാണ്. വര്‍ഷാവര്‍ഷം കമ്പനി നല്‍കുന്ന ലാഭവിഹിതംതന്നെ പ്രധാനം. ഇത്രയും വര്‍ഷം കൈവശം വെച്ച സുമേഷിന് ഏഷ്യന്‍പെയിന്റ്‌സില്‍നിന്ന് ലഭിച്ച മൊത്തം ലാഭവിഹിതം 46,000 രൂപയോളമാണ്. 

feedbacks to:
antonycdavis@gmail.com

നിങ്ങള്‍ ചെയ്യേണ്ടത്
അഞ്ചുമുതല്‍ പത്തുവര്‍ഷംവരെ കൈവശം വെയ്ക്കാമെന്നുറച്ച് മികച്ച 5 ഓഹരികള്‍ തിരഞ്ഞെടുക്കുക.ഘട്ടംഘട്ടമായി നിക്ഷേപം നടത്തുക. ഓഹരി വില ഇടിയുമ്പോള്‍ കൂടുതല്‍ നിക്ഷേപിക്കുക. ദീര്‍ഘകാലം കാത്തിരിക്കുക. വേണ്ടത്ര ഗൃഹപാഠം ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിച്ചും മികച്ചനേട്ടമുണ്ടാക്കാം.