വിശ്വനാഥന് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ അതുകൊണ്ട് കഴിയില്ലെന്ന് ഈയിടെയാണ് അദ്ദേഹത്തിന് ബോധ്യമായത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിന്നെ എവിടെ നിക്ഷേപിക്കും?

നഷ്ടക്കണക്കുകളിലേയ്ക്കുവരാം
വിശ്വനാഥന്‍ കണക്കുകൂട്ടി. 1980ല്‍ കയ്യില്‍ 1000 രൂപയുണ്ടായിരുന്നുവെങ്കില്‍ അതിന്റെ ഇപ്പോഴത്തെമൂല്യം എത്രയാകും? സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച  നാണയപ്പെരുപ്പ സൂചിക അതിനായി പരിഗണിച്ചു. അതുപ്രകാരം അന്നത്തെ 1000 രൂപയുടെ 2021ലെ മൂല്യം 63 രൂപയാണെന്ന് അദ്ദേഹം കണ്ടെത്തി. 2020 ല്‍ 66 രൂപയും 2019ല്‍ 68 രൂപയുമായിരുന്നു മൂല്യം!

ഈ സാങ്കേതിക കണക്കിലും എത്രയോ മുകളിലാണ് രാജ്യത്തെ വിലക്കയറ്റമെന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ ഉപഭോക്തൃ വിലസൂചിക 7.61ശതമാനമാണ്. വിവിധ ഉത്പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ച് അതിന്റെ ശരാശരിയെടുത്താണ് ഈനിരക്ക് കണക്കാക്കുന്നത്. അതില്‍തന്നെ പച്ചക്കറി, പയറുവര്‍ഗം, മുട്ട, മാംസം എന്നിവയുടെ വിലക്കയറ്റം 18 മുതല്‍ 22ശതമാനംവരെയാണ്. 

ആരോഗ്യ-വിദ്യാഭ്യസ ചെലവുകളിലെ വര്‍ധന അതിലുമെത്രയോ ഉയരത്തിലാണ്. ഈ സാഹചര്യത്തിലാണ് കഷ്ടപ്പെട്ടുനേടുന്ന പണം എങ്ങനെ മൂല്യവത്തായി സംരക്ഷിക്കാമെന്ന ചിന്തയ്ക്ക് പ്രസക്തിവര്‍ധിക്കുന്നത്. 

സര്‍ക്കാര്‍ കണക്കുപ്രകാരം 1980ല്‍ 60 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഉത്പന്നമോ സേവനമോ ഇപ്പോള്‍ ലഭിക്കുന്നതിന് 1000 രൂപനല്‍കണം. 1980ല്‍ 1000 രൂപ മാന്യമായശമ്പളമായാണ് കരുതിയിരുന്നത്. ഇന്ന് 50,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നവര്‍ അതുതന്നെയാണ് കരുതുന്നത്. 

1983 സെപ്റ്റംബര്‍ 21ന് ന്യൂഡല്‍ഹിയിലെ നെഹ്‌റു സ്റ്റേഡിയത്തില്‍നടന്ന പാകിസ്താനെതിരായ പ്രദര്‍ശനമത്സരത്തില്‍ ഇന്ത്യന്‍ ടീമിന് നല്‍കിയ പ്രതിഫലം 2,100 രൂപയായിരുന്നു. ഇന്ത്യ ലോകക്കപ്പ് നേടുന്നതിന് മൂന്നുമാസംമുമ്പായിരുന്നു ഈ മാച്ച്. 

image
Courtesy@wmakarand (Twitter)

പെന്‍ഷന്‍പറ്റിയശേഷമുള്ള ജീവിതത്തിനായി 30ഉം 40ഉം വര്‍ഷം കഴിയുമ്പോള്‍ അഞ്ചുകോടി രൂപ(ശരാശരി)യെങ്കിലുംവേണ്ടിവരുമെന്ന് പറയുമ്പോള്‍ പലര്‍ക്കും അത് അസ്വസ്ഥതയുണ്ടാക്കുന്നു. 30 വര്‍ഷംകഴിയുമ്പോള്‍ അതത്രവലിയ തുകയല്ലെന്ന് അന്ന് മനസിലാക്കിയാല്‍പോരല്ലോ. യാഥാര്‍ഥ്യംതിരിച്ചറിഞ്ഞ് നേരത്തെ തയ്യാറെടുക്കുന്നതിനെയാണ് ദീര്‍ഘവീക്ഷണമെന്നുപറയുന്നത്.  

ദീര്‍ഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിനാണ് എല്ലാവര്‍ഷവും കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് (സിഐഐ) സര്‍ക്കാര്‍ പുറത്തിറക്കുന്നത്. ഉപഭോക്തൃ വില സൂചികകയ്ക്ക് ആനുപാതികമായാണ് ഇത് കണക്കാക്കുന്നതെങ്കിലും യഥാര്‍ത്ഥ വിലക്കയറ്റത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മനസിലാക്കേണ്ടതുണ്ട്. 

2001 മുതലുള്ള കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ് താഴെനല്‍കുന്നു.

  Cost inflation Index From 2001​
SL FY CII SL FY CII
1 2001-02  100 11 2011-12 184
2 2002-03  105 12 2012-13 200
3 2003-04  109 13 2013-14 220
4 2004-05  113 14 2014-15 240
5 2005-06  117 15 2015-16 254
6 2006-07  122 16 2016-17 264
7 2007-08  129 17 2017-18 272
8 2008-09  137 18 2018-19 280
9 2009-10  148 19 2019-20 289
10 2010-11  167 20 2020-21 301

 (വിലക്കയറ്റനിരക്ക് ശരാശരി നാലുശതമാനംവീതം കണക്കാക്കിയാല്‍ 30 വര്‍ഷം കഴിയുമ്പോള്‍ ഒരു ലക്ഷം രൂപയുടെ മൂല്യം വെറും 3000 രൂപയായി ചുരുങ്ങുമെന്ന് മനസിലാക്കുക. അങ്ങനെയെങ്കില്‍ ആറും ഏഴുംശതമാനം വിലക്കയറ്റവുമായി  തട്ടിച്ചുനോക്കുമ്പോഴോ? )

കഴിഞ്ഞ മൂന്നുദശാബ്ദക്കാലത്തെ ഇന്ധനവില പരിശോധിക്കുമ്പോള്‍ ശരാശരി 6-8ശതമാനമാണ് വിലവര്‍ധനയെന്ന് കാണാം. ഈ നിരക്കുപ്രകാരം ഇന്നത്തെ ഒരു ലക്ഷം രൂപയുടെ മൂല്യം 30 വര്‍ഷം കഴിയുമ്പോള്‍ 16,000 രൂപയായി കുറയും. മറ്റൊര്‍ഥത്തില്‍ വിശദീകരിച്ചാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കുള്ള ജീവിത ചെലവ് (സ്‌കൂള്‍ ഫീസും ഇഎംഐയും ഒഴിവാക്കിയുള്ളത്) 20,000 രൂപയാണെങ്കില്‍ അന്നത് 1.15 ലക്ഷം രൂപയായി ഉയരും. 

ചായക്കണക്ക്
1990ല്‍ കൈവശം ഒരുരൂപയുണ്ടായിരുന്നുവെന്നിരിക്കട്ടെ, നിങ്ങള്‍ വഴിവക്കില്‍നിന്ന് 50 പൈസ കൊടുത്ത് ഒരുകപ്പ് ചായകുടിച്ചു. ബാക്കിയുള്ള 50 പൈസ, 30 വര്‍ഷത്തിനുശേഷം ചായകുടിക്കാനായി നിക്ഷേപിക്കുന്നുവെന്ന് കരുതുക. നികുതികിഴിച്ച് 11ശതമാനം ആദായം ലഭിച്ചാല്‍ ഇപ്പോള്‍ കൈവശമുണ്ടാകുക 10 രൂപയായിരിക്കും. ഇപ്പോഴത്തെ ചായയുടെ വില 10 രൂപയല്ലേ? 

20വര്‍ഷത്തിനുമപ്പുറം
ഇപ്പോള്‍ കൈവശം 20 രൂപയുണ്ടെന്നിരിക്കട്ടെ, ഒരു ചായകുടിച്ചുകഴിഞ്ഞ് ബാക്കിയുള്ള 10 രൂപ 20 വര്‍ഷംകഴിഞ്ഞ് ചായകുടിക്കാനായി നിക്ഷേപിക്കുന്നു. നികുതികിഴിച്ച് 60 രൂപവേണ്ടിവരും അന്നൊരുചായകിട്ടാന്‍. സ്ഥിരവരുമാന പദ്ധതികളില്‍നിന്ന് നിലവില്‍ ലഭിക്കുന്ന പരമാവധി പലിശയായ ഏഴുശതമാനം കണക്കില്‍ നിക്ഷേപം നടത്തിയിരുന്ന നിങ്ങള്‍ക്ക് ചായകുടിക്കാന്‍ കൈവശമുണ്ടാകുക 18 രൂപമാത്രമാണെന്നറിയുക. 

അതായത് 20വര്‍ഷത്തിനുശേഷം ഒരു ചായകുടിക്കാന്‍ നിലവിലെ ചായയുടെ വിലയേക്കാള്‍ 80ശതമാനം അധികതുക നിക്ഷേപിക്കേണ്ടിവരും. 80കളില്‍ സ്ഥിര നിക്ഷേപ പദ്ധതികളില്‍നിന്ന് ഉയര്‍ന്ന പലിശ ലഭിച്ചിരുന്നതിനാലാണ് അന്ന് നിക്ഷേപിച്ച തുകകൊണ്ട് ഇപ്പോള്‍ ചായകുടിക്കാന്‍ കഴിയുന്നത്. 

മുന്നിലുള്ളത് രണ്ടുവഴികള്‍
ഈ പ്രതിസന്ധി മറികടക്കാന്‍ രണ്ടുവഴികളാണ് മുന്നിലുള്ളത്. റിസ്‌കുള്ളതും എന്നാല്‍ വിജയത്തിന് സാധ്യതയുള്ളതാണ് ഒരുവഴി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സ്ഥിരനിക്ഷേപത്തിന്റെവഴിയാണ് രണ്ടാമത്തേത്. ആദ്യത്തെ വഴിയേക്കാള്‍ രണ്ടാമത്തെവഴിയിലൂടെ എളുപ്പത്തില്‍ യാത്രചെയ്യാന്‍ സൗകര്യമുണ്ട്. പക്ഷേ, ലക്ഷ്യത്തിലെത്താന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ യാത്രചെയ്യാന്‍ നിങ്ങള്‍ തയ്യാറാകുമോ?

എന്തുചെയ്യും?
വിലക്കയറ്റത്തെ അതിജീവിക്കാന്‍ശേഷിയുള്ള നിക്ഷേപ പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനുവേണ്ടത്. അതായത് 60ശതമാനമെങ്കിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും ശേഷിക്കുന്നവ സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കുക. ഇതല്ലാതെ വിലക്കയറ്റത്തെ തോല്‍പ്പിക്കാന്‍ മറ്റുകുറുക്കുവഴികളൊന്നുമില്ല. 

feedbacks to:
antonycdavis@gmail.com

ശ്രദ്ധിക്കാന്‍: ഓഹരിയില്‍ നിക്ഷേപിച്ചതുകൊണ്ടുമാത്രമായില്ല. ദീര്‍ഘകാല ലക്ഷ്യത്തോടെ എസ്‌ഐപി വഴിയുള്ള ചിട്ടയായുള്ള നിക്ഷേപം അതിന് ആവശ്യമാണ്. മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടാം. ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും ഒന്നാമത്തെ പാതയാണെന്ന് ഓര്‍ക്കണം. മറഞ്ഞിരിക്കുന്ന റിസ്‌കിനെ അതിജീവിക്കാനുള്ള കരുത്തും തന്ത്രങ്ങളും അറിഞ്ഞുമുന്നേറുകതന്നെയാണ് അതിനുള്ളവഴി.