സാമ്പത്തിക സ്വാതന്ത്ര്യം നേടന്നതിനുള്ള സാധ്യതകൾ വിശദീകരിച്ച് പ്രിസിദ്ധീകരിച്ച അഞ്ച് പാഠങ്ങൾക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുള്ളവരാണ്. വായിച്ചുംകേട്ടുമറിഞ്ഞ് നിരവധിപേരാണ് പുതിയതായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നത്.

ബാങ്ക് നിക്ഷേപം ലഘുസമ്പാദ്യ പദ്ധതികൾ എന്നിവയിലെ പലിശ അടിക്കടി കുറയുന്നതാണ് നിക്ഷേപകരെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. പണപ്പെരുപ്പത്തേക്കാൾ ആദായം നിക്ഷേപത്തിന് ലഭിക്കണമെന്ന് ചിന്തിച്ചുതുടങ്ങിയതാണ് മലയാളികളിലുണ്ടായ നിശബ്ദ വിപ്ലവമെന്ന് പറയാം.

അതേസമയം, സാമാന്യധാരണപോലുമില്ലാതെ ഓഹരികളിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ച് പണംകളയുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്. ആദ്യമായി നിക്ഷേപംനടത്തി നഷ്ടംനേരിട്ടവരിൽ പലരും ഈ പദ്ധതികളുടെ ശത്രുക്കളായിമാറുന്നതാണ് കാണുന്നത്. എന്തുകൊണ്ടാണ് നഷ്ടംസംഭവിച്ചതെന്ന് മനസിലാക്കാനോ അനുഭവത്തിലൂടെ കൂടുതൽകാര്യങ്ങൾ പഠിച്ച് വീണ്ടും നിക്ഷേപംനടത്താനോ ഇത്തരക്കാർ ശ്രമിക്കാറില്ല. നഷ്ടമുണ്ടാക്കിയ നിക്ഷേപ പദ്ധതികളെക്കുറിച്ച് ആജീവനാന്തം കുറ്റംപറയുകയെന്നതാണ് ഇവരുടെ രീതി.

ഈയിടെ ലഭിച്ച പ്രതികരണം അതിന് ഉദാഹരണമാണ്. ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചിട്ട് ലാഭമുണ്ടാക്കിയ ഒരു സാധാരണക്കാരനെയെങ്കിലും കാണിച്ചുതരാമോയെന്നാണ് അദ്ദേഹം ചോദിച്ചത്. നിക്ഷേപലോകത്തേയ്ക്കുനോക്കി അജ്ഞത വിളിച്ചുപറയുകയാണെന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടാകാതെപോയല്ലോയെന്ന ചിന്തയാണ് ഈ 'പാഠ'ത്തിനുപിന്നിൽ. 

വേണ്ടത്ര അറിവോ സമയമോ ഇല്ലാത്തവരാണെങ്കിൽ ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്നതിനുപകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാണ് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവും. മധ്യവർഗക്കാരെ സമ്പന്ധിച്ചെടുത്തോളം സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനുള്ള അത്ഭുതകരമായ മാർഗമാണ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയെന്നത്. പ്രതിമാസം 500 രൂപ നീക്കിവെക്കാൻ കഴിയുമെങ്കിൽ ആർക്കും ഫണ്ടുകളിൽ നിക്ഷേപംതുടങ്ങാം. 

ഇതൊക്കെയാണെങ്കിലും ഫണ്ടുകളെക്കുറിച്ച് സാമാന്യധാരണയില്ലെങ്കിൽ നഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നിക്ഷേപകർ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. 

1.ലക്ഷ്യമില്ലാതെ യാത്രക്കിറങ്ങരുത്
എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ യാത്രക്ക് പുറപ്പെടുന്നതുപോലെയാണ് സാമ്പത്തിക ലക്ഷ്യമില്ലാതെ നിക്ഷേപം നടത്തുന്നത്. നിക്ഷേപ പോർട്ട്‌ഫോളിയോ രൂപപ്പെടുത്തുംമുമ്പ് ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ മുന്നിലുണ്ടാകണം. ഒരുവർഷത്തിനുശേഷം വിദേശ വിനോദയാത്രയാണ് ലക്ഷ്യമിടുന്നതെങ്കിൽ അനുയോജ്യമായ ഡെറ്റ് ഫണ്ടിൽ നിക്ഷേപിക്കാം. പത്തോ ഇരുതപോ വർഷത്തിനുശേഷം വിരമിക്കുമ്പോൾ ജീവിക്കാനുള്ള സമ്പാദ്യമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപമാകാം. 

2.ആദ്യം ഫണ്ടുകളെകുറിച്ചറിയാം
ഫിനാൻഷ്യൽ മാർക്കറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ നിക്ഷേപത്തിന് ഒരുങ്ങരുത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുംമുമ്പ്, ഫണ്ടിന്റെ സ്വഭാവംമനസിലാക്കണം. ഏത് കാറ്റഗറിയിൽപ്പെട്ടതാണെന്ന് നോക്കണം. ഫണ്ടിന്റെ പ്രകടനം, ചെലവ് അനുപാതം, ആസ്തി, എക്‌സിറ്റ് ലോഡ് തുടങ്ങിയവ പരിശോധിക്കണം. റിസ്‌ക് എടുക്കാനുള്ള ശേഷി വിലയിരുത്തിവേണം ഫണ്ടുകൾ തിരഞ്ഞെടുക്കാൻ. 

3.ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ അവഗണിക്കുക
വിപണി കൂപ്പുകുത്തുമ്പോൾ നിരവധി നിക്ഷേപകർ ആശങ്കപ്പെടുന്നതായി കാണാറുണ്ട്. ദീർഘകാലയളവിൽ മികച്ച ആദായമുണ്ടാക്കുകയാണ് ലക്ഷ്യമെന്നകാര്യം മനസിലാക്കുക. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവിലുണ്ടാകുന്ന വിപണിയിലെ തകർച്ച നിങ്ങളെ ബാധിക്കുകയില്ല. ഭാവിയിൽ നേട്ടമുണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്യുക. വിപണിയിലെ കോലാഹലങ്ങളിൽനിന്ന് മാറിനിൽക്കാനായില്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽനിന്ന് മികച്ച ആദായം നേടാൻ കഴിയില്ലെന്ന് ചുരുക്കം.

4.ദീർഘകാലളവ്-മനസിൽ കുറിക്കുകക
ദീർഘകാലത്തേയ്ക്ക് എസ്.ഐ.പിയായി നിക്ഷേപിച്ചെങ്കിൽമാത്രമെ, ഇക്വിറ്റി ഫണ്ടുകളിൽനിന്ന് പരമാവധി നേട്ടം ഭാവിയിൽ സ്വന്തമാക്കാൻ കഴിയുകയുള്ളൂ. ഹ്രസ്വകാലയളവിലെ നേട്ടംപരിശോധിച്ച് ഉത്സാഹവും ക്ഷമയും നഷ്ടപ്പെട്ട് പണംപിൻവലിക്കുന്നവർ ഏറെയാണ്. മറിച്ചും സംഭവിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് 2020 മാർച്ചിൽ വിപണിയിൽ കാര്യമായ തിരുത്തലുണ്ടായപ്പോൾ നിക്ഷേപിച്ചവരിൽ പലരും 2021 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ 100ശതമാനത്തിലേറെ ആദായം ലഭിച്ചപ്പോൾ നിക്ഷേപംതിരിച്ചെടുത്തു. മുകളിൽ വിശദീകരിച്ച രണ്ടുവിഭാഗക്കാരും ഭാവിയിൽ മികച്ചനേട്ടം നിക്ഷേപത്തിൽനിന്ന് ഉണ്ടാക്കുകയില്ല. സാമ്പത്തിക ലക്ഷ്യവും കാലയളവുംവരെ നിക്ഷേപം തുടരുകതന്നെവേണം. 

5.അനുയോജ്യമായ സമയത്തിനായി കാത്തിരിക്കരുത്
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാനുള്ള സമയം നാളെയോ മറ്റെന്നാളോ അല്ല. ഇന്നലെയായിരുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ ചാഞ്ചാട്ടങ്ങളൊന്നും നോക്കാതെ ഇന്നുതന്നെ നിക്ഷേപം തുടങ്ങുക. നാളെ നാളെ എന്നുനീട്ടിവെച്ച് വർഷങ്ങൾ പാഴാക്കിയവർ നിരവധിയാണ്. നിക്ഷേപത്തിന് യോജിച്ച സമയംനോക്കി വർഷങ്ങൾ കളഞ്ഞവരാണിവർ. വിപണി മൂക്കുകുത്തുകയോ ഉയരങ്ങൾ കീഴടക്കുകയോ ചെയ്യട്ടെ, ഫണ്ടുകളിൽ എസ്.ഐ.പിയായി നിക്ഷേപം നടത്താൻ അതൊന്നും തടസ്സമല്ല. നിക്ഷേപകനല്ല, ട്രേഡറാണ് എങ്കിൽ മാർക്കറ്റിലെ സമയം പ്രധാനപ്പെട്ടതാണ്. 

6.നിക്ഷേപം പിൻവലിക്കേണ്ട സാഹചര്യം ഒഴിവാക്കാം
പണം മുഴുവൻ ഒറ്റത്തവണയായി ഫണ്ടുകളിൽ മുടക്കരുത്. സ്ഥിര നിക്ഷേപ പദ്ധതികളിലും നിശ്ചിതശതമാനം നിക്ഷേപം ഉണ്ടായിരിക്കണം. അടിയന്തരാവശ്യങ്ങൾക്കായി എമർജൻസി ഫണ്ട് കരുതണം. ഫണ്ടിലെ നിക്ഷേപം പിൻവലിക്കാതെ അത്യാവശ്യങ്ങൾ നിറവേറ്റാൻ അത് സഹായിക്കും. സാമ്പത്തിക ലക്ഷ്യം നിശ്ചയിച്ച് നിക്ഷേപംതുടങ്ങി രണ്ടോമൂന്നോവർഷം കഴിയുമ്പോൾ ഓരോ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനുള്ള ഉൾപ്രേരണ ഉണ്ടാകും. പൊതുവെ കണ്ടുവരുന്ന പ്രവണതയാണത്. നിക്ഷേപംവളരുന്നത് കാണുമ്പോൾ സമാധാനംനഷ്ടപ്പെടുന്ന ഒരുകൂട്ടരുണ്ട്! അവരെക്കുറിച്ചാണ് പറഞ്ഞത്.

7.വർഷാവർഷം നിക്ഷേപംകൂട്ടണം
വരുമാനം വർധിക്കുന്നതിനനുസരിച്ച് എസ്‌ഐപി തുകയിലും വർധനവരുത്തണം. നിക്ഷേപകരിൽ പലർക്കും അതിന്റെ പ്രാധാന്യം അറിയില്ല. എല്ലാവർഷവും ഒരേതുക നിക്ഷേപിച്ചുകൊണ്ടിരുന്നാൽപോര. വിലക്കയറ്റതോത് കാലത്തിനനസരിച്ച് ഉയരുന്നതിനാൽ ഭാവിയിലെ സാമ്പത്തിക ലക്ഷ്യത്തിന് ഉപകാരപ്രദമാകുന്ന സമ്പത്ത് സമാഹരിക്കാൻ എസ്‌ഐപിതുകയിലെ വർധന സഹായിക്കും. 

8.ഡിവിഡന്റ് ഓപ്ഷൻ വേണ്ട
ഓഹരിയിലേതുപോലെയല്ല മ്യൂച്വൽ ഫണ്ടിലെ ഡിവിഡന്റ്. എത്രതുകയാണോ ഡിവിഡന്റായി നൽകുന്നത് അത്രയുംതുക മൊത്തം നിക്ഷേപത്തിൽനിന്ന് കുറയും. അതായത് ഡിവിഡന്റ് പ്രഖ്യാപിക്കുന്നതിനുമുമ്പ് ഒരു ഫണ്ടിന്റെ എൻഎവി 10 രൂപയാണെന്നിരിക്കട്ടെ. യൂണിറ്റ് ഒന്നിന് ഒരു രൂപ ഡിവിഡന്റ് നൽകിയാൽ എൻഎവി ഒമ്പതു രൂപയായി കുറയും. അതുകൊണ്ട് ദീർഘകാല നേട്ടത്തിനായി ഗ്രോത്ത് ഓപ്ഷൻ സ്വീകരിക്കുക. ഒരേഫണ്ടിന്റെതന്നെ ഗ്രോത്ത് ഓപ്ഷന്റെയും ഡിവിഡന്റ് ഓപ്ഷന്റെയും എൻഎവി പരിശോധിച്ചാൽ വ്യത്യാസം മനസിലാകും. സ്വീകരിക്കാത്ത ലാഭവിഹിതം വീണ്ടും നിക്ഷേപിക്കുകയാണ് ഗ്രോത്ത് ഓപ്ഷനിൽ ചെയ്യുന്നത്. കൂട്ടുപലിശയുടെ നേട്ടം അതിലൂടെ സ്വന്തമാക്കാനും കഴിയും.

9.വൈവിധ്യവത്കരണം
ഏതെങ്കിലും മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നിക്ഷേപ വൈവിധ്യവത്കരണം സാധ്യമാകുമെന്ന് കരുതുന്നവരുണ്ട്. ഓരോ മ്യൂച്വൽ ഫണ്ടും വൈവിധ്യമാർന്ന ഓഹരികളുടെ പോർട്ട്‌ഫോളിയോയാണ്. ഒരേ വിഭാഗത്തിലുള്ള ഒന്നിലധികം ഫണ്ടുകളിൽ നിക്ഷേപിച്ചാൽ വൈവിധ്യവത്കരണം സാധ്യമാകില്ല. അതിനാൽ സാമ്പത്തിക ലക്ഷ്യങ്ങൾക്കും കാലാവധിക്കും യോജിച്ച, വ്യത്യസ്ത കാറ്റഗറികളിലെ മൂന്നോ നാലോ ഫണ്ടുകളിൽ നിക്ഷേപം ചുരുക്കാം.

10.പ്രകടനം വിലയിരുത്താം
അഞ്ചോ പത്തോ വർഷത്തേയ്ക്ക് എസ്‌ഐപി ചേർത്തുന്ന വിതരണക്കാരുണ്ട്. നിക്ഷേപം തുടങ്ങുമ്പോൾ മാത്രമെ അവരെ കാണൂ. കാലാകാലങ്ങളിൽ ഫണ്ടിന്റെ പ്രകടനം വിലയിരുത്താനോ യോജിച്ച തീരുമാനമെടുക്കാനോ അവർ സഹായിക്കാറില്ല. കമ്മീഷൻ മാത്രമായിരിക്കും അവരുടെ മുന്നിലുള്ളത്. ചുരുങ്ങിയത് വർഷത്തിലൊരിക്കലെങ്കിലും ഫണ്ടിന്റെ പ്രകടനം വിലയിരുത്തി യോജിച്ച തീരുമാനമെടുക്കാൻ ശ്രദ്ധിക്കണം.

11.ഡയറക്ട് പ്ലാൻ
എല്ലാ മ്യൂച്വൽ ഫണ്ടുകൾക്കും റെഗുലർ പ്ലാനുകളും ഡയറക്ട് പ്ലാനുകളുമുണ്ട്. വിതരണക്കാർ വഴി നിക്ഷേപം നടത്തുന്നവയാണ് റെഗുലർ പ്ലാൻ. നേരിട്ട് നിക്ഷേപിക്കുന്നവ ഡയറക്ട് പ്ലാനുമാണ്. വിതരണക്കാരുടെയും ബ്രോക്കർമാരുടെയും കമ്മീഷൻ ലാഭിക്കാൻ ഡയറക്ട് പ്ലാൻ സഹായിക്കാം. കമ്മീഷൻകൂടി നിക്ഷേപത്തോടൊപ്പം ചേരുന്നതിനാൽ ദീർഘകാലയളവിൽ 1.50-2 ശതമാനംവരെ ആദായം കൂടുതൽ ലഭിക്കാൻ സഹായിക്കും.

കുറിപ്പ്: മ്യൂച്വൽ ഫണ്ട് നിക്ഷേപകർ പൊതുവായി ശ്രദ്ധിക്കേണ്ടാക്രയങ്ങളാണ് മുകളിൽ വിശദീകരിച്ചത്. മ്യൂച്വൽ ഫണ്ട് ശരിയാണ്-എന്ന ആംഫിയുടെ പരസ്യവാചകംകേട്ട് ഏതെങ്കിലും ഫണ്ടുകളിൽ നിക്ഷേപം നടത്തരുത്. മാർക്കറ്റ് റിസ്‌കിനെക്കുറിച്ചും പരസ്യത്തിൽ വിശദീകരിക്കുന്നുണ്ടെന്നകാര്യം മനസിലാക്കുക. 

feedbacks to:
antonycdavis@gmail.com

വിവിധ കാറ്റഗറികളിലായി ആയിരത്തിലധികം ഫണ്ടുകൾ വിപണിയിലുണ്ട്. ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫൈൽ, സാമ്പത്തിക ലക്ഷ്യങ്ങൾ, കാലാവധി തുടങ്ങിയവ വിലയിരുത്തിവേണം മികച്ച ഫണ്ടുകൾ തിരഞ്ഞെടുക്കാൻ.