ള്‍ഫില്‍നിന്ന് ഭര്‍ത്താവ് പണമയച്ചാല്‍ രാധമണി ജുവല്ലറിയില്‍പോയി സ്വര്‍ണംവാങ്ങി ലോക്കറില്‍ സൂക്ഷിക്കും. ചാക്കോച്ചനാണെങ്കില്‍ റബ്ബര്‍ വിറ്റുകിട്ടുന്ന തുകയില്‍നിന്ന് ചെലവുകഴിച്ചുള്ളതുക അടുത്തുള്ള സഹകരണ ബാങ്കിലിടും. വ്യാപാരിയായ സുരേഷ് ബാബുവിന് വന്‍കിട ഇടപാടുകളിലാണ് താല്‍പര്യം. ഭാവിയില്‍ കൂടുതല്‍ വിലലഭിക്കുന്ന വസ്തു കുറഞ്ഞവിലയ്ക്ക് തരപ്പെടുത്തി പണംമുടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. 

കഴിഞ്ഞു. മലയാളികളുടെ നിക്ഷേപലോകം ഇവിടെ അവസാനിച്ചു. സാമ്പത്തിക ആസൂത്രണത്തെക്കുറിച്ച് അറിയാത്തകുകൊണ്ടും വിവിധ നിക്ഷേപ പദ്ധതികളിലുളള അജ്ഞതകൊണ്ടും ബാങ്കിലും സ്വര്‍ണത്തിലും വസ്തുവിലും നിക്ഷേപിച്ച് സംതൃപ്തിയടയുന്നവരുടെ ഇടയിലേയ്ക്കാണ് വ്യക്തമായ ലക്ഷ്യത്തോടെ 'പാഠം' എത്തുന്നത്. സാമ്പത്തികാസൂത്രണത്തിന്റെ ബാലപാഠങ്ങള്‍ അറിയാത്ത മലയാളികള്‍ക്ക് നിക്ഷേപത്തിന്റെ വിശാലമായ ചക്രവാളം തുറന്നിട്ട പാഠം, 100 പിന്നിടുകയാണ്. 

പാഠം ഒന്ന് അക്ഷരാര്‍ത്ഥത്തില്‍ തുടക്കംതന്നെയായിരുന്നു. തുടര്‍ന്നുള്ള അധ്യായങ്ങളെല്ലാം സാമ്പത്തികാസൂത്രണത്തിന്റെ സാധ്യതകള്‍ തുറന്നിട്ടു. തുടര്‍നോവല്‍ വായിക്കാനെന്നപോലെ വായനക്കാര്‍ ഒരോ പാഠത്തിനുമായി കാത്തിരുന്നു. ഓരോ അധ്യായവും പ്രസിദ്ധീകരിച്ചുകഴിയുമ്പോള്‍ നൂറുകണക്കിന് മെയിലുകള്‍ അതിന് തെളിയവായെത്തി. 

നിക്ഷേപ പദ്ധതികള്‍.....
ബാങ്ക് എഫ്ഡി, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി കറന്‍സി ഫ്യൂച്ചേഴ്‌സ് പോലുള്ള നൂതന പദ്ധതികള്‍വരെ ഇന്ന് സാമ്പത്തിക ലോകത്തുണ്ട്. ബാങ്ക് നിക്ഷേപവും ഡെറ്റ് പദ്ധതികളും(കടപ്പത്രം, പിപിഎഫ്, പോസറ്റ് ഓഫീസ് നിക്ഷേപം-ലഘു സമ്പാദ്യ പദ്ധതികള്‍)തുടങ്ങിയവ നിശ്ചിതവരുമാനം ഉറപ്പുനല്‍കുന്നവയാണ്. 

ലഘു സമ്പാദ്യപദ്ധതികളും ബാങ്ക് നിക്ഷേപവുമാണ് മുന്‍തലമുറ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആദായത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നതുകൊണ്ടാണ് ഓഹരികളെക്കാള്‍ സുരക്ഷിതമായി ഈ പദ്ധതികളെ പൊതുജനം കയ്യുംനീട്ടി സ്വീകരിച്ചത്. 

വ്യക്തമായ ധാരണയും ലക്ഷ്യവുമില്ലാതെ ഓഹരിയില്‍ നിക്ഷേപിച്ച് പലരുടെയും കൈപൊള്ളിയെന്നത് വാസ്തവമാണ്. അറിവില്ലായ്മ പലരെയും ഓഹരി നിക്ഷേപത്തില്‍നിന്നകറ്റുകയുംചെയ്തു. സ്ഥിരനിക്ഷേപ പദ്ധതികളെ ആശ്രയിച്ചുമാത്രം സമ്പന്നനാകാനാവില്ലെന്നകാര്യം അറിയുക. പണപ്പെരുപ്പവും ആദായനികുതിയും കണക്കുകൂട്ടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്ഥിര നിക്ഷേപ പദ്ധതികളിലൂടെ പണംനഷ്ടമാകാനാണ് സാധ്യതയെന്ന് ആരും ചിന്തിക്കാറില്ലെന്നതാണ് വാസ്തവം. 

ഡെറ്റും ഇക്വിറ്റിയും: വ്യത്യാസം അറിയാം 
ആദ്യത്തേതിനെ കടമെന്നുംരണ്ടാമത്തെതിനെ ഉടമസ്ഥാവകാശമെന്നും വേര്‍തിരിക്കാം. ഒരു ഡെറ്റ് ഇന്‍സ്ട്രുമെന്റില്‍(ഉദാഹരണം കടപ്പത്രം) നിക്ഷേപിക്കുന്നതിലൂടെ, പലിശയ്ക്ക് വായ്പ നല്‍കുന്നയാള്‍ക്ക് കടമായി പണംനല്‍കുകയാണ് ചെയ്യുന്നത്. ബാങ്കില്‍ എഫ്ഡിയിടുന്നവരും ഇതേകാര്യമാണ് ചെയ്യുന്നത്. നിക്ഷേപിക്കുന്നതുക കൂടിയ പലിശയ്ക്ക് വായ്പകൊടുത്ത് ബാങ്കുകള്‍ ആദായംനേടുന്നു. കടമായി പണംനല്‍കുമ്പോള്‍ പലിശനിരക്കിനേക്കാള്‍ കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാനാവില്ല. 

ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ബിസിനസില്‍ പങ്കാളികളാകുകയാണ് ചെയ്യുന്നത്. അതായത് കമ്പനിയുടെ ഉടമയാകുന്നുവെന്നര്‍ഥം. ബിസിനസ് നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ലഭിക്കുന്ന വരുമാനത്തിന് ഉയര്‍ന്ന പരിധിയൊന്നുമില്ല. നിക്ഷേപം പലമടങ്ങായി വര്‍ധിപ്പിക്കാന്‍ ഓഹരി നിക്ഷേപത്തിന് കഴിയും. 

സമ്പദ് വ്യവസ്ഥയെ സമ്പന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത പ്രാധാന്യം ഓഹരി നിക്ഷേപത്തിനുണ്ട്. ഓഹരി വിപണിയിലെ കുതിപ്പും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും ഒരേരേഖയിലാണ്. നല്ല ബിസിനസുകള്‍ക്ക് സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാനുള്ളശേഷിയുണ്ട്. 

പരമ്പരാഗത പദ്ധതികളിലേയ്ക്കുവരാം
റിയല്‍ എസ്റ്റേറ്റ്
ഒരുകാലത്ത് വസ്തുവില്‍ നിക്ഷേപിക്കുന്നവര്‍ ഏറെയായിരുന്നു. ഓഹരിയിലെ നിക്ഷേപം റിയല്‍ എസ്റ്റേറ്റിനേക്കാള്‍ നിരവധികാര്യങ്ങളില്‍ മികവുപുലര്‍ത്തുന്നു. വരുമാനം, കൈകാര്യം ചെയ്യാനുള്ള എളുപ്പം, സുതാര്യത, നികുതി, പണമാക്കല്‍ മുതലായവ ശ്രദ്ധിച്ചാല്‍ അതുബോധ്യമാകും. മിനിമം 50 ലക്ഷം രൂപയില്ലാതെ കേരളത്തില്‍ എവിടെയെങ്കിലും റീസെയില്‍ മൂല്യമുള്ള അഞ്ചുസെന്റ് സ്ഥലം ലഭിക്കുമോ? 

സ്വര്‍ണം
മലയാളികളുടെ പരമ്പരാഗതമായ മറ്റൊരു നിക്ഷേപ ആസ്തിയാണ് സ്വര്‍ണം. സ്വര്‍ണത്തോടുള്ള മലയാളികളുടെഭ്രമം ലോകമെമ്പാടും പ്രശസ്തമാണ്. ആഭരണമായി ഉപയോഗിക്കുന്നതിനെ മനസിലാക്കാം. എന്നാല്‍ നിക്ഷേപമായി കാണുന്നതിനെ എത്രത്തോളം അനുകൂലിക്കാന്‍ കഴിയും.

സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ അതില്‍നിന്ന് വരുമാനം(ലാഭവിഹിതം പോലെ)ഒന്നുംലഭിക്കുന്നില്ല. അതുമാത്രമല്ല ഫിസിക്കല്‍ രൂപത്തില്‍(നാണയമോ, ആഭരണമോആയി)സൂക്ഷിക്കുകയാണെങ്കില്‍ അതിന് ചെലവുമുണ്ട്. വീട്ടില്‍ സൂക്ഷിച്ചാല്‍ റിസ്‌കുമുണ്ട്. രാജ്യങ്ങളുടെ വളര്‍ച്ച കുറഞ്ഞ് പ്രതിസന്ധിനേരിടുമ്പോഴാണ് സ്വര്‍ണം പച്ചക്കൊടിവീശി മുന്നേറുന്നത്. 

സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ രാജ്യത്തിന്റെ ധനക്കമ്മിവര്‍ധനയ്ക്കുകൂടി ഉത്തരവാദിയാണെന്നകാര്യംമറക്കേണ്ട. സ്വര്‍ണത്തോടുള്ള ഭ്രമംകാരണം ഇറക്കുമതി വര്‍ധിക്കുന്നതിനാലാണ് ധനക്കമ്മികൂടുന്നത്. ഈ സാഹചര്യത്തിലാണ് സ്വര്‍ണ ഇറക്കുമതി കുറയ്ക്കാനായി ഗോള്‍ഡ് ബോണ്ടുപോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. കള്ളപ്പണം സൂക്ഷിക്കാനുള്ള മാര്‍ഗമായും ഏറെപ്പേര്‍ സ്വര്‍ണം അവസരമാക്കുന്നു. സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്ന നിക്ഷേപ ആസ്തിയെ രണ്ടുകയ്യുംനീട്ടി സ്വീകരിക്കുന്നത് ശരിയാണോ? 

കമ്മോഡിറ്റി മാര്‍ക്കറ്റ്
കമ്മോഡിറ്റി വിപണിയാണെങ്കില്‍ സാധാരണ നിക്ഷേപകനെ സമ്പന്ധിച്ചിടത്തോളം അതിസങ്കീര്‍ണവുമാണ്. ലോഹങ്ങള്‍, എണ്ണ, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് കമ്മോഡിറ്റി വിപണി കൈകാര്യംചെയ്യുന്നത്. വ്യക്തിഗത നിക്ഷേപകനെ സമ്പന്ധിച്ചെടുത്തോളം ഡെറിവേറ്റീവുകള്‍ കൈകാര്യംചെയ്യുന്നത് സങ്കീര്‍ണവും അപകടകരവുമാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമുമ്പ് അവ നിങ്ങള്‍ക്ക് കനത്ത നഷ്ടംനല്‍കും. കറന്‍സി ഫ്യൂച്ചറും അതുപോലെതന്നെയാണ്. 

തിരിച്ചുവരാം
ഈ സാഹചര്യത്തിലാണ് സമ്പത്ത് സൃഷ്ടിക്കാനുള്ള മികച്ച മാര്‍ഗമായി ഓഹരി നിക്ഷേപത്തെ കാണേണ്ടത്. അടിസ്ഥാനമുള്ള കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കാനായാല്‍ ഭാവനയില്‍ കാണുന്നതിലുമപ്പുറമുള്ള നേട്ടംസ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടുകയുമാകാം. 

feedbacks to:
antonycdavis@gmail.com

ശ്രദ്ധിക്കാന്‍: ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ് മികച്ചരീതിയില്‍ ഗൃഹപാഠം ചെയ്യേണ്ടത് അത്യാവശ്യമാണ്. ടിപ്പുകളുടെ പിന്നാലെപോകാതിരിക്കുക. അത്യാവശ്യമുള്ള പണം സ്ഥിര നിക്ഷേപ പദ്ധതകിളില്‍മാത്രം നിക്ഷേപിക്കുക. കരുതല്‍ധനവും ആരോഗ്യ-ടേം ഇന്‍ഷുറന്‍സുകളെ അവഗണിക്കാതിരിക്കുക. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യത്തിനുമാത്രം ഓഹരിയുടെ വഴിതേടുക. എങ്കില്‍ പണപ്പെരുപ്പത്തെ അതിജീവിക്കുന്നനേട്ടം ഭാവിയില്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. 

കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള വിപണിയിലെ തകര്‍ച്ച ഏവരുംകണ്ടതാണ്. അതിനുശേഷമുള്ള ഉയര്‍ച്ചയും. വ്യക്തമായ ലക്ഷ്യവും ആര്‍ജവവുമുണ്ടെങ്കില്‍ ക്ഷമയോടെ കാത്തിരുന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ എല്ലാ നിക്ഷേപകര്‍ക്കുമാകും. മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപം കാര്യങ്ങള്‍കൂടുതല്‍ എളുപ്പമാക്കും. അഞ്ചുവര്‍ഷത്തിനപ്പുറമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ആസുത്രണംചെയ്യാന്‍ എസ്‌ഐപിയുടെ വഴിതന്നെ ഉത്തമം.