ten commandments

ഹരിയില്‍ നിക്ഷേപിക്കുംമുമ്പ് അനുവര്‍ത്തിക്കേണ്ട 10കാര്യങ്ങള്‍ അറിയാം. നഷ്ടം പരമാവധി കുറച്ച് നേട്ടംകൂട്ടാന്‍ ഇവ സഹായിക്കും.

1 കടംവാങ്ങി നിക്ഷേപിക്കരുത്
ദീര്‍ഘകാലയളവിലേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയില്‍ മുടക്കുക. അതായത് അഞ്ച് വര്‍ഷമെങ്കിലും മുന്നില്‍ കാണണം. അതുകൊണ്ടുതന്നെ കടംവാങ്ങി നിക്ഷേപം നടത്തരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ സമ്മര്‍ദത്തിലാകും.

2 കരുതല്‍ധനം
അത്യാവശ്യംവന്നാല്‍ ഉപയോഗിക്കാനുള്ള തുക എപ്പോഴും നിങ്ങളുടെ സേവിങ് ബാങ്ക് അക്കൗണ്ടിലോ ബാങ്ക് എഫ്ഡിയിലോ ഉണ്ടായിരിക്കണം. പെട്ടെന്ന് ജോലി നഷ്ടമാകുകയോ, മറ്റ് അത്യാവശ്യങ്ങള്‍ വരികയോ ചെയ്താല്‍ കയ്യിലുള്ള ഓഹരി വിറ്റ് പണം സമാഹരിക്കാന്‍ മുതിരരുത്. ആവശ്യങ്ങള്‍ക്കായി കരുതല്‍ധനം ഉപയോഗിക്കാം.  

3ഹെല്‍ത്ത് ഇന്‍ഷുറന്‍സ്
കുടുംബാംഗങ്ങള്‍ക്ക് ചെറിയൊരു അസുഖം വന്നാല്‍മതി ജീവിതം തകിടംമറിയാന്‍. ഭാരിച്ച ചികിത്സാചെലവ് സാമ്പത്തികാരോഗ്യത്തെ താളംതെറ്റിക്കും. അത് ചിട്ടയായ നിക്ഷേപത്തെയും ബാധിക്കും. നിക്ഷേപം മുടങ്ങാനും അതുമതി.  അതുകൊണ്ടുതന്നെ ഒരു ഫാമിലി ഫ്‌ളോട്ടര്‍ ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കാന്‍ മറക്കേണ്ട.

4 ലക്ഷ്യം മുന്നില്‍ കാണുക
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനായിരിക്കണം നിക്ഷേപം നടത്തേണ്ടത്. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വീട്, വിദേശ വിനോദയാത്ര, വാഹനം എന്നിവയാകാം ഈ ലക്ഷ്യങ്ങള്‍. ഈ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് ചിട്ടയായി നിക്ഷേപം നടത്തുക. 

5 ബാക്കിയുള്ളത് നിക്ഷേപിക്കാം
എപ്പോഴെങ്കിലും കൂടുതല്‍ തുക കയ്യില്‍വന്നാല്‍ പോര്‍ട്ട്‌ഫോളിയോയിലെ മികച്ച ഓഹരികളില്‍ നിക്ഷേപിക്കാന്‍ മടിക്കേണ്ട. ശമ്പള കുടിശികയായോ, ബോണസായോ ലഭിക്കുന്നതുകയാണ് ഉദ്ദേശിച്ചത്. ദീര്‍ഘകാലയളവിലേയ്ക്ക് മികച്ച നേട്ടം നല്‍കാന്‍ അത് ഉപകരിക്കും.

6ഭയപ്പെടാതിരിക്കുക
ഓഹരിയുടെ കയറ്റ ഇറക്കങ്ങള്‍ കണ്ട് ഭയപ്പെടാതിരിക്കുക. മികച്ച അടിസ്ഥാനമുള്ള ഓഹരിയിലാണ് നിങ്ങള്‍ നിക്ഷേപിച്ചതെന്ന് മനസിലാക്കുക. ഓഹരിയുടെ വില താഴ്‌ന്നേക്കാം. ഒരു താഴ്ചയ്ക്ക് ഒരു ഉയര്‍ച്ചയുണ്ടാകുമെന്ന് മനസിലാക്കുക.

7എസ്‌ഐപി മാതൃകയില്‍
മ്യൂച്വല്‍ ഫണ്ടിലെ എസ്‌ഐപി നിക്ഷേപം പോലെ മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കുക. ഓഹരി ബ്രോക്കര്‍മാരുടെ ടിപ്‌സിന് പുറകെ പോകാതിരിക്കുക.

8 മുഴുവന്‍തുകയും മുടക്കരുത്
അഞ്ച് വര്‍ഷത്തിലേറെ കാലത്തേയ്ക്ക് ആവശ്യമില്ലാത്ത തുകമാത്രം ഓഹരിയില്‍ നിക്ഷേപിക്കുക. ഇടയ്ക്ക് ആവശ്യമുള്ള തുക ബാങ്കിലോ മ്യൂച്വല്‍ ഫണ്ടിന്റെ ഡെറ്റ് സ്‌കീമുകളിലോ നിക്ഷേപിക്കുക.

9 നിക്ഷേപം പ്രായത്തിനനുസരിച്ച്‌
ചെറുപ്രായത്തില്‍ കൂടുതല്‍ തുക ഓഹരിയില്‍ നിക്ഷേപിക്കാം. അതിനൊരു ഫോര്‍മുല പറയാറുണ്ട്. 20 വയസ്സുള്ളയാള്‍ മൊത്തം സമ്പാദ്യത്തിന്റെ 80 ശതമാനംതുക ഓഹരിയിലും 20 ശതമാനം തുക സ്ഥിര നിക്ഷേപ പദ്ധതികളിലും നിക്ഷേപിക്കുക. 30 വയസാണെങ്കില്‍ 70ശതമാനം തുക ഓഹരിയില്‍ നിക്ഷേപിക്കാം. 40 വയസാണെങ്കില്‍ 60 ശതമാനവും. ഈ രീതിയില്‍ പ്രായം കൂടുന്നതിനനസരിച്ച് ഓഹരിയിലെ നിക്ഷേപം കുറച്ചുകൊണ്ടുവരിക. 

10 അറിഞ്ഞ് നിക്ഷേപിക്കുക
ഓഹരി ബ്രോക്കര്‍മാരുടെ ടിപ്‌സിനനുസരിച്ച് നിക്ഷേപിക്കരുത്. കമ്പനിയെക്കുറിച്ച് വ്യക്തമായി അറിഞ്ഞശേഷം മാത്രം നിക്ഷേപം നടത്തുക. ഏത് തരം ബിസിനസാണ് നടത്തുന്നത്. ഉത്പന്നത്തിന്റെ സ്വീകാര്യത, അറ്റാദായം തുടങ്ങിയവ പരിശോധിക്കുക. 

feedbacks to:
antonycdavis@gmail.com

ഓഹരിയോ മ്യൂച്വല്‍ ഫണ്ടോ?
എതാണ് മികച്ചത്?
അടുത്ത പാഠത്തിനായി
കാത്തിരിക്കുക