സാമ്പത്തിക ആസുത്രകരുടെ നിര്‍ദേശങ്ങള്‍ കണ്ട് പല നിക്ഷേപകരുടെയും കണ്ണ് മഞ്ഞളിക്കാറുണ്ട്. അവര്‍ പറയുന്ന നിക്ഷേപ ലക്ഷ്യങ്ങള്‍ക്കുള്ള തുക ലക്ഷങ്ങളുടെയും കോടികളുടെയുമാണ്. 50 ലക്ഷം രൂപ വീടിന്, മകളുടെ വിദ്യാഭ്യാസത്തിന് ഒരു കോടി രൂപ. റിട്ടയര്‍മെന്റ് ജീവിതത്തിന് 10 കോടി!
തുകയുടെ വലിപ്പംകണ്ട് ഇതെങ്ങനെ സമ്പാദിക്കുമെന്നാണ് സ്വാഭാവികമായും പലര്‍ക്കും ഉണ്ടാകുന്ന ആശങ്ക. തുകയുടെ വലുപ്പം കാണുമ്പോള്‍തന്നെ നിക്ഷേപ പദ്ധതികളെല്ലാം ഉപേക്ഷിച്ച് മനസമാധാനം നേടാനാകും പിന്നെ ശ്രമം!.
കുറേ പൂജ്യങ്ങളുടെ എണ്ണംകണ്ട് നിക്ഷേപ പദ്ധതികളൊന്നും ഉപേക്ഷിക്കേണ്ട. സമയവും അച്ചടക്കത്തോടെ നിക്ഷേപിക്കാനുള്ള മനസ്സുമുണ്ടെങ്കില്‍ ദീര്‍ഘകാലംകൊണ്ട് നിങ്ങളുടെ നിക്ഷേപവും വളരും. അതിനൊരു രഹസ്യഫോര്‍മുലയുണ്ട്.
കോംപൗണ്ടിങ് എന്ന മാജിക് തന്നെയാണ് ഈ രഹസ്യ ഫോര്‍മുലയുടെ അടിസ്ഥാനം.
ധനവാനാകാന്‍ മൂന്ന് ചുവടുകള്‍
1. കഴിയുന്നത്ര നേരത്തെ നിക്ഷേപിച്ചുതുടങ്ങുക. ജോലി കിട്ടിയ ഉടനെ നിക്ഷേപം ആരംഭിക്കുന്നത് നിക്ഷേപം വളരാന്‍ ധാരാളം സമയം നല്‍കും.
2.ചെറിയ തുക നിക്ഷേപിച്ച് തുടക്കമിടാം. കൂടുതല്‍ പണം ലഭിക്കട്ടെ അപ്പോള്‍ നിക്ഷേപം തുടങ്ങാമെന്നുവിചാരിച്ച് കാത്തിരിക്കേണ്ട.
3. ലോകാവസാനംവരെ നിക്ഷേപ തുടരുക!
കോംപൗണ്ടിങ് എന്ന മാജിക്കിന്റെ ശക്തി ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. നിങ്ങളുടെ കയ്യില്‍ ഒരു ലക്ഷം രൂപ ഉണ്ടെന്നിരിക്കട്ടെ. ഏഴ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ നിക്ഷേപിച്ചാല്‍ 30 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 7.61 ലക്ഷം രൂപയാണ്. ഇത്രയും കാലം നിക്ഷേപിച്ചിട്ട് ലഭിക്കുന്നത് വളരെ തുച്ഛം. താല്‍പര്യമില്ല അല്ലേ..
എന്നാല്‍ ഇതൊന്നു പരീക്ഷിക്കൂ...എല്ലാവര്‍ഷവും ഒരു ലക്ഷം രൂപവീതം 30 വര്‍ഷം തുടര്‍ച്ചയായി നിക്ഷേപിക്കുക. ഏഴ് ശതമാനംതന്നെ വാര്‍ഷിക പലിശ കണക്കാക്കിയാല്‍ മതി. 30 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ കോടിപതി ആയിട്ടുണ്ടാകും.
10,000 രൂപ വീതം എല്ലാമാസവും നിക്ഷേപിച്ചാലോ? 30 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 1.22 കോടി!. ഇത് വെറും ഏഴ് ശതമാനം പലിശ നിരക്ക് പ്രകാരമുള്ള നേട്ടമാണ്. ബാങ്കില്‍ നിക്ഷേപിച്ചാല്‍പോലും ഇത്രയും തുകലഭിക്കുമെന്ന് വ്യക്തമാക്കാനാണ് ഏഴ് ശതമാനം എന്ന കുറഞ്ഞ പലിശകൊണ്ടുള്ള കോംപൗണ്ടിങ് പരീക്ഷിച്ചത്.
ഒമ്പതും പന്ത്രണ്ടും പതിനഞ്ചും ശതമാനം പലിശ ലഭിച്ചാല്‍ നിങ്ങളുടെ നിക്ഷേപം എത്രയായി വളരുമന്നുനോക്കണ്ടേ? പട്ടിക കാണുക.
പണം വളരുന്നത് ഇങ്ങന | |||||||
രൂപയില്‍ | 7% | 9% | 12% | 15% | |||
നിക്ഷേപം(വര്‍ഷംതോറും) | ഒരു ലക്ഷം | ഒരു ലക്ഷം | ഒരു ലക്ഷം | ഒരു ലക്ഷം | |||
5 വര്‍ഷം | 6,15,329 | 6,52,333 | 7,11,519 | 7,75,374 | |||
10 വര്‍ഷം | 14,78,360 | 16,56,029 | 19,65,458 | 23,34,928 | |||
15 വര്‍ഷം | 26,88,805 | 32,00,340 | 41,75,328 | 54,71,747 | |||
20 വര്‍ഷം | 43,86,518 | 55,76,453 | 80,69,874 | 1,17,81,012 | |||
25 വര്‍ഷം | 67,67,647 | 92,32,398 | 1,49,33,393 | 2,44,71,197 | |||
30 വര്‍ഷം | 1,01,07,304 | 1,48,57,522 | 2,70,29,261 | 4,99,95,692 |
പതിനായിരം വീതം നിക്ഷേപിച്ചാല്‍ | |||||||
രൂപയില്‍ | 7% | 9% | 12% | 15% | |||
നിക്ഷേപം(പ്രതിമാസം) | 10,000 | 10,000 | 10,000 | 10,000 | |||
5 വര്‍ഷം | 7,20,105 | 7,59,898 | 8,24,868 | 8,96,817 | |||
10 വര്‍ഷം | 17,40,945 | 19,49,656 | 23,23,391 | 27,86,573 | |||
15 വര്‍ഷം | 31,88,112 | 38,12,438 | 50,45,760 | 67,68,631 | |||
20 വര്‍ഷം | 52,39,654 | 67,28,960 | 99,91,479 | 1,51,59,950 | |||
25 വര്‍ഷം | 81,47,971 | 1,12,95,304 | 1,89,76,351 | 3,28,40,737 | |||
30 വര്‍ഷം | 1,22,70,875 | 1,84,44,741 | 3,52,99,138 | 7,00,98,206 |
feedbacks to
antony@mpp.co.in
പാഠം മൂന്ന്:
ഓരോ രൂപയും സമ്പത്തിന്റെ വാതില്‍ തുറക്കും