ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെ ജീവിക്കും. റിട്ടയർ ചെയ്താലും സ്ഥിരവരുമാനം തരുന്ന ഏതെങ്കിലും മാർഗങ്ങൾ നിങ്ങൾക്കുണ്ടോ? മലയാളികളിൽ ഭൂരിഭാഗം പേരുടെയും ഉത്തരം ഇല്ല എന്നുതന്നെയാകും. 

പലരുടെയും ഏറ്റവും വലിയ സമ്പാദ്യം മക്കളായിരിക്കും. അവർ വളർന്നുവലുതായാൽ വയസ്സാംകാലത്ത് തങ്ങളെ നോക്കിക്കൊള്ളുമെന്നാണ് മലയാളികളുടെ പരമ്പരാഗത സങ്കൽപ്പം. എന്നാൽ പലവിധ കാരണങ്ങളാൽ ഈ വിശ്വാസത്തിന് ഇന്ന് ഉലച്ചിൽ തട്ടിയിരിക്കുന്നു. സ്വന്തം കുടുംബം നോക്കുന്നതിനൊപ്പം മാതാപിതാക്കളെയും നോക്കാൻ ഇന്നു പലർക്കും ആഗ്രഹമുണ്ടെങ്കിലും കഴിയാറില്ല. അടുത്ത തലമുറ ആകുമ്പോഴേക്ക് ഈ ആഗ്രഹം പോലും ഉണ്ടായില്ലെന്നു വരാം.

ഇപ്പോൾ പ്രായം 30-കളിൽ ഉള്ളവർ തങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിനായി ഇപ്പോഴേ പ്ലാൻ ചെയ്തില്ലെങ്കിൽ പ്രായമാകുമ്പോഴുള്ള ജീവിതം ദുരിതപൂർണമായിരിക്കും. പലരും ജോലിയിൽ നിന്ന് വിരമിക്കാറാകുമ്പോഴാണ് പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ആലോചിക്കുന്നത്. അപ്പോഴേയ്ക്കും ഒന്നും ചെയ്യാൻ കഴിയാത്ത വിധം കാര്യങ്ങൾ കൈവിട്ടുപോയിരിക്കും. 

എത്ര നേരത്തേ ഇതിനായി മുന്നൊരുക്കം തുടങ്ങുന്നോ അത്രയും കുറച്ചു പണം ചെലവഴിച്ചാൽ മതി. ഇപ്പോൾ 30 വയസ്സുള്ള ഒരാൾക്കു മുന്നിൽ റിട്ടയർമെന്റ്‌ കാലത്തെ ജീവിതത്തിനുള്ള ഫണ്ട് സ്വരുക്കൂട്ടാൻ 30 വർഷം ലഭിക്കും. ഇപ്പോൾ മുതൽ മാസം തോറും തുച്ഛമായ തുക മാറ്റിവച്ചാൽ വയസ്സുകാലത്തും പരസഹായമില്ലാതെ അന്തസ്സായി ജീവിക്കാനുള്ള വരുമാനം നേടാം. 
table
ഇപ്പോൾ മുതൽ മാസം 500 രൂപ വീതം പ്രതിവർഷം 20 ശതമാനം ലാഭം തരാൻ ശേഷിയുള്ള ഒരു മാർഗത്തിൽ തുടർച്ചയായി നിക്ഷേപിച്ചാൽ 30 വർഷം കഴിയുമ്പോൾ ഒരു കോടിയോളം രൂപ നേടാം. ഈ നിക്ഷേപം പ്രതിവർഷം തുടർച്ചയായി 15 ശതമാനം ലാഭം തരുന്നയിടത്ത് നിക്ഷേപിച്ചാൽ 33.98 ലക്ഷവും 12 ശതമാനം ലാഭം തരുന്നിടത്താണെങ്കിൽ 17.36 ലക്ഷവും എട്ടു ശതമാനം ലാഭം ലഭിക്കുന്നിടത്താണെങ്കിൽ 7.47 ലക്ഷം രൂപയും ലഭിക്കും. 

നിക്ഷേപ മാർഗം ഏതായാലും ചിട്ടയായി ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് റിട്ടയർമെന്റിനു ശേഷമുള്ള ജീവിതം ആഹ്ലാദകരമാക്കാൻ വേണ്ടത്. ജോലിയിൽ കയറി സെറ്റിൽഡ് ആയിക്കഴിഞ്ഞാൽ ചെറിയ ഒരു തുക റിട്ടയർമെന്റിനായി മാറ്റിവയ്ക്കണം. 60 വയസ്സ് ആകുമ്പോൾ നല്ലൊരു തുക സമാഹരിക്കാവുന്ന രീതിയിലാണ് നിക്ഷേപം നടത്തേണ്ടത്. 60 വയസ്സാകുമ്പോൾ ആ സമയത്ത് ലഭ്യമായ പെൻഷൻ പ്ലാനിൽ നിക്ഷേപിച്ച് മാസാമാസം പെൻഷൻ നേടാം. റിട്ടയർമെന്റിനായി നിരവധി നിക്ഷേപ അവസരങ്ങൾ ഇന്ന് ലഭ്യമാണ്. അവയെക്കുറിച്ച് പിന്നീട്.

ഇ-മെയിൽ: jayakumarkk@gmail.com