lesson 13

ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ സാധ്യതകളും പരിമിതികളും വിശദമായി ചര്‍ച്ച ചെയ്തുകഴിഞ്ഞു. നഷ്ടസാധ്യത ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് പടിപടിയായി സമ്പത്ത് വര്‍ധിപ്പിക്കാന്‍ യോജിച്ച നിക്ഷേപ പദ്ധതികളും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അവയില്‍ ആകര്‍ഷകമായ ഒന്നാണ് ആവര്‍ത്തന നിക്ഷേപം. അതായത് ആര്‍ഡിയെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റിക്കറിങ് ഡെപ്പോസിറ്റ്.

ചെറിയ തുകപോലും പ്രതിമാസം നിക്ഷേപിച്ച് സാമ്പത്ത് നേടാന്‍ ആവര്‍ത്തന നിക്ഷേപത്തിലൂടെ കഴിയും. 

കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഇതാ ചിലവഴികള്‍

മികച്ച സഹകരണ ബാങ്കുകള്‍ തിരഞ്ഞെടുത്ത് നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം. വാണിജ്യ ബാങ്കുകള്‍ 7.25 ശതമാനം പലിശ നല്‍കുമ്പോള്‍ സഹകരണ ബാങ്കുകളില്‍നിന്ന് എട്ട് ശതമാനംവരെ പലിശ ലഭിക്കും.

മുതിര്‍ന്ന പൗരന്മാരുടെ പേരില്‍ നിക്ഷേപം നടത്തിയാല്‍ അരശതമാനം കൂടുതല്‍ ലഭിക്കും. 

പത്ത് വര്‍ഷത്തിനപ്പുറമുള്ള നിക്ഷേപ ലക്ഷ്യമാണ് നിങ്ങള്‍ക്കുള്ളതെന്നിരിക്കട്ടെ, കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അഞ്ച് വര്‍ഷത്തെ ആര്‍ഡി തുടങ്ങുകയാകും നല്ലത്. 

അഞ്ച് വര്‍ഷംവരെയുള്ള ആവര്‍ത്തന നിക്ഷേപങ്ങള്‍ക്കാണ് ബാങ്കുകള്‍ പരമാവധി പലിശ നല്‍കുന്നത്.  അഞ്ച് വര്‍ഷത്തേയ്ക്ക് തുടങ്ങിയ ആര്‍ഡി കാലാവധിയെത്തുമ്പോള്‍ പിന്‍വലിച്ച് സ്ഥിര നിക്ഷേപമാക്കുക. ഉടനെത്തന്നെ അഞ്ച് വര്‍ഷത്തേയ്ക്ക്‌ ഒരു ആര്‍ഡികൂടി തുടങ്ങുക. 

പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ 

പ്രതിമാസം 10,000 രൂപ വീതം 10 വര്‍ഷകാലയളവില്‍ 7.25 ശതമാനം പലിശനിരക്കില്‍ നിക്ഷേപിച്ചാല്‍ കാലാവധിയെത്തുമ്പോള്‍ 17.61 ലക്ഷം രൂപയാണ് ലഭിക്കുക. നേട്ടം 5.61 ലക്ഷം രൂപ. 12 ലക്ഷം രൂപയാണ്‌ മൊത്തം നിക്ഷേപിച്ചത്. 

7.75 ശതമാനം പലിശ നിരക്കിലാണെങ്കില്‍ 18.10 ലക്ഷമാണ് കാലാവധിയെത്തുമ്പോള്‍ ലഭിക്കുക. നേട്ടം 6.10 ലക്ഷം രൂപ.

8 ശതമാനം പലിശ നിരക്കാണെങ്കില്‍ കാലാവധിയെത്തുമ്പോള്‍ 18.36 ലക്ഷം രൂപ ലഭിക്കും. നേട്ടം 6.36 ലക്ഷം. 

പ്രത്യേകതകള്‍
സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്മാരായ ആര്‍ക്കും ആര്‍ഡി തുടങ്ങാം. 

വയസ്
18 വയസ് പൂര്‍ത്തിയായിരിക്കണം.
അതിന് താഴെ പ്രായമുള്ളവരുടെ പേരില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാം.

നിക്ഷേപം
100 രൂപയാണ് മിനിമം നിക്ഷേപം.
പരമാവധി എത്രവേണമെങ്കിലുമാകാം.
മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭിക്കും.

കാലാവധി
കുറഞ്ഞത് ആറ് മാസം മുതല്‍ പരമാവധി 10 വര്‍ഷം വരെ.
വ്യക്തികള്‍ക്കോ കൂട്ടായോ നിക്ഷേപം നടത്താം. നോമിനേഷന്‍ സൗകര്യവും ലഭിക്കും. 

നിശ്ചിതതുക നിശ്ചിത കാലാവധിയില്‍ പ്രതിമാസം നിക്ഷേപിച്ച് എസ്ബി അക്കൗണ്ടിലേതിനേക്കാള്‍ മികച്ച പലിശ നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. ആറ് മാസം മുതല്‍ പത്ത് വര്‍ഷംവരെയുള്ള കാലാവധിയില്‍ ആര്‍ഡി തുടങ്ങാം. വിവിധ കാലാവധികള്‍ക്കനുസരിച്ച് പലിശയില്‍ വ്യത്യാസമുണ്ട്. 

ലക്ഷ്യം
ചിട്ടയായ നിക്ഷേപത്തിലൂടെ സമ്പത്ത് ആര്‍ജിക്കാനുള്ള അവസരമാണ് ആര്‍ഡി നല്‍കുന്നത്.

മൂലധന സുരക്ഷ
പാഠം 12ല്‍ വ്യക്തമാക്കിയതുപോലെ ബാങ്ക് നിക്ഷേപം പൂര്‍ണമായും സുരക്ഷിതമാണെന്ന് പറയാന്‍ കഴിയില്ല. എങ്കിലും പണം നഷ്ടമാകാന്‍ സാധ്യതയില്ലെന്ന് രാജ്യത്തെ ബാങ്കിങ് മേഖലയിലെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഡെപ്പോസിറ്റ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനാല്‍ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപം(പലിശ ഉള്‍പ്പടെ) തിരിച്ചുകിട്ടും.

പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍
രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളുമായി താരതമ്യംചെയ്യുമ്പോള്‍ ആവര്‍ത്തന നിക്ഷേപവും ആകര്‍ഷകമല്ല. ആര്‍ഡിയില്‍നിന്ന് ലഭിക്കുന്ന പലിശനിരക്കുകള്‍ക്കടുത്താണ് രാജ്യത്തെ പണപ്പെരുപ്പം. അങ്ങനെവരുമ്പോള്‍ നിക്ഷേപകന് മൂലധനത്തില്‍ കാര്യമായ നേട്ടം ലഭിക്കുന്നില്ല.

പലിശ
വ്യത്യസ്ത കാലയളവില്‍ പലിശ നിരക്കുകള്‍ക്ക് വ്യത്യാസമുണ്ടാകും. ആര്‍ഡി തുടങ്ങുന്ന സമയത്ത് നിശ്ചയിക്കുന്ന പലിശയ്ക്ക് കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ മാറ്റമുണ്ടാകില്ല. ഇടയ്ക്കുവെച്ച് പലിശ കുറയുകയാണെങ്കിലും നിലവിലുള്ള ആര്‍ഡിയെ ബാധിക്കില്ല.

പണമാക്കല്‍
കാലാവധിയെത്തുന്നതിനുമുമ്പേ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയും. നിക്ഷേപം ഇടയ്ക്കുവെച്ചു നിന്നുപോകുകയാണെങ്കില്‍ അക്കൗണ്ടില്‍ അവശേഷിക്കുന്നതുക പിന്‍വലിക്കാം. അങ്ങനെ പിന്‍വലിക്കുമ്പോള്‍ നേരത്തെ നിശ്ചയിച്ചിരുന്ന പലിശയില്‍ കുറവ് വരും. 

ആവര്‍ത്തന നിക്ഷേപത്തിന്മേല്‍ വായ്പാ സൗകര്യവും ബാങ്കുകള്‍ നല്‍കുന്നുണ്ട്. നിക്ഷേപ അക്കൗണ്ടില്‍ അവശേഷിക്കുന്ന തുകയുടെ 90 ശതമാനംവരെ ലോണ്‍ അനുവദിക്കും. ആര്‍ഡിയ്ക്ക് നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ കൂടുതലായിരിക്കും അതിന്മേല്‍ എടുക്കുന്ന ലോണിനെന്നകാര്യം മറക്കേണ്ട. 

നഷ്ടസാധ്യതകള്‍
digit1തുടക്കത്തിലെ നിശ്ചയിക്കുന്ന പലിശ നിരക്കായിരിക്കും കാലാവധി കഴിയുന്നതുവരെ ബാധകമാകുക. അതിനുശേഷം എപ്പോഴെങ്കിലും ബാങ്ക് പലിശ നിരക്കുകള്‍ കൂട്ടിയാല്‍ അതിന്റെ നേട്ടം ലഭിക്കില്ല.

digit2ഡെപ്പോസിറ്റ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ ഇന്‍ഷുര്‍ ചെയ്തിട്ടില്ലെങ്കില്‍ നിക്ഷേപതുകയും പലിശയും നഷ്ടപ്പെട്ടേക്കാം.

digit3കാലാവധിയെത്തുന്നതിനുമുമ്പേ നിക്ഷേപം അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിന് അധികാരമുണ്ട്.

നികുതി ബാധ്യത
ആവര്‍ത്തന നിക്ഷേപത്തിന് നികുതിയിളവുകളില്ല. ഓരോരുത്തരുടെയും വരുമാനത്തോട് ചേര്‍ത്ത് ആദായനികുതി നല്‍കണം. 

എവിടെ, എങ്ങനെ നിക്ഷേപിക്കാം?
പൊതുമേഖലയിലെയോ സ്വകാര്യമേഖലയിലെയോ ബാങ്കുകളില്‍ ആര്‍ഡി തുടങ്ങാം. വിദേശ ബാങ്കുകളുടെ രാജ്യത്തെ ബ്രാഞ്ചുകളിലും നാട്ടിലെ സഹകരണ ബാങ്കുകളിലും നിക്ഷേപം തുടങ്ങുന്നതിന് അവസരമുണ്ട്. 

നിലവില്‍ അക്കൗണ്ടുള്ള ബാങ്കിലെത്തി നിക്ഷേപം തുടങ്ങാം. പ്രതിമാസതുക അക്കൗണ്ടില്‍നിന്ന് നേരിട്ട് കിഴിവ് ചെയ്യാന്‍ ബാങ്കിന് അനുമതി നല്‍കാം. അതുവഴി പ്രതിമാസതുകയടയ്ക്കാന്‍ ബാങ്കിലെത്തുന്നത് ഒഴിവാക്കാം. നോമിനിയെ രജിസ്റ്റര്‍ ചെയ്യാന്‍ മറക്കേണ്ട. 

ആര്‍ഡിയുടെ പലിശ നിരക്ക്
ആറ് മാസം 7 %
ഒമ്പത് മാസം 7.25 %
12 മാസം 7.5 %
15 മാസം 7.5 %
24 മാസം 7.5 %
27 മാസം 7.5 %
36 മാസം 7.5 %
39 മാസം 7.5 %
48 മാസം 7.5 %
60 മാസം 7.5 %
90 മാസം 7.25 %
120 മാസം 7.25 %
പലിശ നിരക്കുകളില്‍ ഭാവിയില്‍ മാറ്റംവന്നേക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് അരശതമാനം അധികപലിശ ലഭിക്കും.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
digit1വിവിധ കാലാവധികള്‍ക്ക് ബാങ്കുകള്‍ വ്യത്യസ്ത നിരക്കാലാണ് പലിശ വാഗ്ദാനംചെയ്യുന്നത്. ആദ്യം ബാങ്കിലെത്തി പലിശ നിരക്ക് അന്വേഷിക്കുക.

digit2തവണ മുടങ്ങാതിരിക്കാന്‍ ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിക്കുക. അങ്ങനയെങ്കില്‍ നിശ്ചിത ഇടവേളകളില്‍ എസ്ബി അക്കൗണ്ടില്‍നിന്ന് തുക താനെ പിന്‍വലിക്കും.

ബാങ്കില്‍ പോകാതെയും നിക്ഷേപം തുടങ്ങാം
ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ളവര്‍ക്ക് ബാങ്കില്‍ പോകാതെയും ആര്‍ഡി തുടങ്ങാം. കാലാവധിയും നിക്ഷേപ തുകയും നിശ്ചയിച്ച് പലിശ നിരക്ക് നോക്കി നിക്ഷേപം തുടങ്ങാം. കാലാവധിയെത്തുമ്പോള്‍ മുതലും പലിശയും എസ്ബി അക്കൗണ്ടിലേയ്ക്ക് ബാങ്ക് ക്രഡിറ്റ് ചെയ്യും. 

ആര്‍ക്കാണ് യോജിച്ചത്
റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് യോജിച്ച നിക്ഷേപ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

feedbacks to:
antonycdavis@gmail.com

കാത്തിരിക്കുക...
ഉടനെ വീണ്ടുമെത്താം
മറ്റൊരു നിക്ഷേപ പദ്ധതിയുമായി